കണ്ണൂര്‍: കേരളാരാഷ്ട്രീയത്തില്‍ സുനാമിയായ സോളാര്‍ കേസിന്റെ തുടക്കം തലശ്ശേരിയില്‍ നിന്ന്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും പൂട്ടാന്‍ വകുപ്പുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഒരു ഐ ഗ്രൂപ്പ് നേതാവും. പാര്‍ട്ടിയിലെ ഉന്നതസ്ഥാനം പിടിച്ചടക്കാനുള്ള മോഹത്തില്‍ ഇയാള്‍ സരിതയെ കൂടെക്കൂട്ടാന്‍ ഇയാള്‍ തീരുമാനിച്ചു. കരുനീക്കിയത് വിശ്വസ്തനായ ഡിവൈഎസ്പിയെ ഉപയോഗിച്ച്്. അങ്ങനെ കേസ് തലശ്ശേരിയില്‍ നിന്നും പെരുമ്പാവൂരിലെത്തി. പിന്നെ സരിതാ. എസ് . നായരും ബിജുരാധാകൃഷ്ണനും പൊട്ടിച്ച സോളാര്‍ ബോംബ് കേരളത്തെയാകെ ഞെട്ടിക്കുകയായിരുന്നുവെന്നത് ചരിത്രം. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷണത്തിനുമെത്തി. പിന്നെ കേരളം സരിതയുടെ പിന്നാലെയായിരുന്നു. അന്തിച്ചര്‍ച്ചകളുമായി ചാനലുകളും അരങ്ങു കൊഴുപ്പിച്ചു.
തലശ്ശേരിയില്‍ അഞ്ചു ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയിന്മേലാണ് സോളാര്‍ കേസ് ആരംഭിക്കുന്നത്. തട്ടിപ്പുനടത്തിയത് ലക്ഷ്മി നായര്‍ എന്ന സ്ത്രീയാണെന്നായിരുന്നു പരാതിക്കാര്‍ നല്‍കിയ വിവരം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ തട്ടിപ്പുനടത്തിയത് സരിത എസ്.നായരാണെന്നു കണ്ടെത്തി.അന്നത്തെ തലശ്ശേരി എസ്.ഐ. ബിജു ജോണ്‍ ലൂക്കോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തട്ടിപ്പുകേസില്‍ സരിതയെ പിടികൂടാന്‍ തലശ്ശേരിയില്‍നിന്ന് എസ്.ഐ.യുടെ നേതൃത്വത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെട്ട സംഘം തിരുവനന്തപുരത്തേക്കു തിരിച്ചു. എന്നാല്‍ പോലീസിന്റെ നീക്കം മണത്തറിഞ്ഞ സരിത രക്ഷപ്പെട്ടു. എന്നാല്‍ അന്നേ ദിവസം വൈകിട്ട് പെരുമ്പാവൂര്‍ പോലീസ് സരിതയെ പൊക്കി.
തലശ്ശേരി പൊലീസ് സരിതയെ പിടികൂടുന്നത് ഉന്നതര്‍ ഇടപെട്ട് ഒഴിവാക്കിയതാണെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നില്‍ ഐ ഗ്രൂപ്പിന്റെ കരങ്ങളായിരുന്നു. തലശ്ശേരിയില്‍ നിന്ന് സംഘം തിരിച്ചത് ഐ ഗ്രൂപ്പും അറിഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ വരാന്‍ പോകുന്നത് എന്താണെന്ന് കോണ്‍ഗ്രസിലെ മറുവിഭാഗം തിരിച്ചറിഞ്ഞില്ല. പെരുമ്പാവൂരില്‍ സരിതയെ കിട്ടിയതോടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ കഥകള്‍ പുറത്തറിഞ്ഞു. ഉമ്മന്‍ ചാണ്ടി വിദേശത്തായിരുന്നപ്പോള്‍ ടെന്നി ജോപ്പനെ പിടിച്ച് കഥ മാറ്റി. ഇത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലും അറിയാതെ ആയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണനായിരുന്നു എല്ലാ ചരടും വലിച്ചത്.
സരിത അകത്തായതോടെ എല്ലാം പുറത്തായി. സരിതയുടെ മൊഴികള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ പിടിച്ചുകുലുക്കി. കാരണക്കാരെന്ന വിലയിരുത്തലില്‍ തലശ്ശേരി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുമെടുത്തു. ഒരു ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു നീക്കിയപ്പോള്‍ മറ്റൊരാളെ സ്ഥലം മാറ്റി. എസ്‌ഐയ്‌ക്കെതിരേ നടപടിയ്ക്ക് നീക്കമുണ്ടാകുമ്പോഴേക്കും എസ്.ഐ എന്‍ഐഎയിലേക്ക് ചേക്കേറിയിരുന്നു. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ വീണ്ടും സര്‍വീസിലെത്തി. എസ്‌ഐ ഇപ്പോള്‍ ക്രൈംബ്രാഞ്ചിലാണ്.
തലശ്ശേരിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയില്‍ തലശ്ശേരി കോടതിയില്‍ നടപടി തുടരുകയാണ്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ കേസിന്റെ വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും. അഞ്ച് ചെക്ക് തട്ടിപ്പുകേസും മൂന്ന് പൊലീസ് കേസുമാണ് സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരേ തലശ്ശേരി കോടതിയിലുള്ളത്. അഞ്ച് ഡോക്ടര്‍മാരില്‍നിന്നായി രണ്ടുലക്ഷം രൂപവീതം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. പിന്നീട് ചെക്ക് നല്‍കിയെങ്കിലും പണമില്ലാതെ മടങ്ങി. അതില്‍ ഒരുലക്ഷം രൂപവീതം തിരിച്ചുനല്‍കുകയുണ്ടായി. ഡോക്ടര്‍മാരായ ശ്യാം മോഹന്‍, അനൂപ് കോശി, മനോജ്കുമാര്‍, അഭിലാഷ് ആന്റണി, സുനില്‍കുമാര്‍ എന്നിവരെ സോളാര്‍പാനല്‍ സ്ഥാപിക്കാമെന്നുപറഞ്ഞ് പണംവാങ്ങി വഞ്ചിച്ചെന്നാണ് കേസ്.
പിന്നീട് പലരും പരാതിയുമായി വന്നു. 100 ഓളം പേര്‍ക്ക് 50,000 മുതല്‍ 50 ലക്ഷം വരെ നഷ്ടമായെന്നാണ് പരാതി. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ആരോപണവിധേയമായതോടെ,തട്ടിപ്പിന് രാഷ്ട്രീയ മാനങ്ങള്‍ ഏറി.പൊതുചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയോട് സരിത സംസാരിക്കുന്ന ചിത്രം പുറത്ത് വന്നതോടെ ആരോപണങ്ങളുടെ വീര്യമേറി.ഉമ്മന്‍ ചാണ്ടി പിതൃതുല്യനാണെന്ന് ആദ്യം നിലപാടെടുത്ത സരിത പിന്നീട് മലക്കം മറിഞ്ഞു. 1.9 കോടി രൂപ ഉമ്മന്‍ ചാണ്ടിക്ക് കോഴ നല്‍കിയെന്ന് സോളാര്‍ കമ്മീഷനില്‍ സരിത മൊഴി നല്‍കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.അന്നത്തെ മുഖ്യമന്ത്രി മാത്രമല്ല, എംഎല്‍എമാരും, ഉദ്യോഗസ്ഥരും വരെ സംശയത്തിന്റെ നിഴലിലായി. 2013 ജൂണ്‍ 10 നാണ് സോളാര്‍ തട്ടിപ്പ് പുറത്ത് വന്നത്. സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ട്, സൗരോര്‍ജ പ്ലാന്റുകളും വിന്‍ഡ്ഫാമുകളും നല്‍കാമെന്നുപറഞ്ഞ് സരിതയും സംഘവും ചേര്‍ന്ന് നിരവധി വ്യക്തികളില്‍നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന്റെ കേന്ദ്രമാക്കിയതെന്നും വെളിപ്പെടുത്തല്‍.
2013 ജൂണ്‍ ആദ്യവാരം സരിത എസ്. നായര്‍ അറസ്റ്റിലായി. അട്ടക്കുളങ്ങര ജയിലില്‍ വച്ച് അവര്‍ എഴുതി കത്തിനെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഡി.ഐ.ജി അടക്കമുള്ളവരുടെ രഹസ്യ സന്ദര്‍ശനവും വാര്‍ത്തയായി. തന്നെ പീഡിപ്പിച്ചവരുടെ പട്ടിക ഉള്‍പ്പെടുന്ന കത്തായിരുന്നു അത്. 22 പേജുള്ള കത്താണിതെന്ന് ആദ്യം റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പുറത്തുവന്നത് നാലു പേജുള്ള കത്തായിരുന്നു. അട്ടക്കുളങ്ങര ജയിലില്‍ വച്ച് സരിതയുടെ മൊഴിമാറ്റാനും അധികൃതര്‍ ശ്രമം നടത്തിയെന്നും പരാതി ഉയര്‍ന്നു. അങ്ങനെ ആളിക്കത്തിയ സോളാര്‍ ഇന്ന് വീണ്ടും കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കുകയാണ്.