തിരുവനന്തപുരം: സോളാർ കേസിന്റെ പേരിൽ തന്നെ അഞ്ചു വർഷം വേട്ടയാടിയതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ നിന്നു സരിതയുടെ കത്ത് നീക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാർ പ്രശ്നവുമായി ബന്ധപ്പെട്ട വിവാദത്തെ കഴിഞ്ഞ അഞ്ചുവർഷക്കാലം രാഷ്ട്രീയമായി നേരിടാൻ ശ്രമിച്ചിട്ടില്ല. മറിച്ച് നിയമപരമായ നടപടികൾ മാത്രമേ സ്വീകരിക്കൂ എന്ന ഉറച്ച നിലപാടാണ് കൈക്കൊണ്ടത്. ആരോപണങ്ങളുടെ കൂമ്പാരം വന്നു വീണപ്പോഴും ആരോപണം ഉന്നയിച്ചവർക്കെതിരേ ഉപയോഗിക്കാൻ പറ്റിയ ആയുധങ്ങൾ ലഭിച്ചിട്ടും അത് ഉപയോഗിച്ചില്ല.
യുഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ 10 കോടി രൂപ വാഗ്ദാനം നല്കിയെന്ന വാർത്ത ഇന്ത്യയിലെ പ്രമുഖ മാഗസിനിൽ തന്നെ വന്നു. അപ്പോഴും ജനമധ്യത്തിൽ ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയിൽ വാർത്തയുടെ വിശ്വസനീയത ഉറപ്പുവരുത്താനാണു ശ്രമിച്ചത്.
കൈയിൽ കിട്ടുന്ന എന്തു വടിയും എതിരാളിക്കെതിരേ ഉപയോഗിക്കുന്ന നിലപാട് സ്വീകരിക്കില്ല. എന്നാൽ, ഇതിനു കടകവിരുദ്ധമായ നിലപാടാണ് എൽഡിഎഫും സിപിഎമ്മും കൈക്കൊണ്ടത്. വസ്തുതയോ യാഥാർഥ്യമോ നോക്കാതെ സിപിഎം ഉപയോഗിച്ച പല കാര്യങ്ങൾക്കും മറുപടി പറയാൻ വിഷമിക്കുന്ന സ്ഥിതി ഉണ്ടായി.
യുഡിഎഫ് സർക്കാർ മാറി ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം സോളാർ കമ്മീഷനും അതുമായി ബന്ധപ്പെട്ടും എന്തൊക്കെ ചെയ്തുവെന്നു തനിക്കും സർക്കാരിനും അറിയാമെന്നും അതിലൊന്നും യാതൊരു പരാതിയുമില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
കമ്മീഷൻ റിപ്പോർട്ട് ലഭിച്ചപ്പോൾ ശരിയായ നിയമവശം പരിശോധിക്കാതെ ചാടി ഇറങ്ങിയതിനെതിരേ ഇടത് അണികൾക്കിടയിൽ തന്നെ അഭിപ്രായ ഭിന്നത നിലനില്ക്കുന്നുണ്ട്. സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുമെന്നു പറഞ്ഞിട്ട് മാസങ്ങൾക്കു ശേഷവും തുടങ്ങിയ ഇടത്തു തന്നെയാണു നില്ക്കുന്നത്.
സോളാർ റിപ്പോർട്ട് സംബന്ധിച്ച് കത്തു മാത്രമേ ഒഴിവാക്കാപ്പെട്ടിട്ടുള്ളുവെന്നും ബാക്കിയെല്ലാം നിലനില്ക്കുന്നുവെന്നുമുള്ള ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, കത്തു പോയതോടെ എല്ലാം പോയി എന്നതാണു വസ്തുത. കാരണം സോളാർ റിപ്പോർട്ടിന്റെ നാലു ഭാഗങ്ങളിൽ കത്തു സംബന്ധിച്ച് പരാമർശമുള്ളതായാണ് ജഡ്ജ്മെന്റിൽ നിന്നു വ്യക്തമാകുന്നത്.
നാലു വോള്യം ഉള്ള സോളാർ റിപ്പോർട്ടിന്റെ മൂന്നു വോള്യവും കത്തിന്റെ അടിസ്ഥാനത്തിലാണുള്ളതെന്നും കത്തു പിൻവലിക്കപ്പെട്ടതോടെ ഇതിന്റെ അവസ്ഥ എന്തായെന്നു മനസിലാക്കാവുന്നതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതു ജനങ്ങളാണ്. അതു ചെങ്ങന്നൂരിൽ ഉണ്ടാകും.
ചെങ്ങന്നൂരിൽ സ്ഥാനാർഥി പ്രഖ്യാപനത്തോടെ തന്നെ യുഡിഎഫ് വിജയം ഉറപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ചെങ്ങന്നൂരിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്ന് അവകാശപ്പെടുന്ന ഇടതു മുന്നണി അവർ ചെങ്ങന്നൂർ മണ്ഡലത്തിൽ കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേരു വ്യക്തമാക്കാമോ എന്നു ഉമ്മൻ ചാണ്ടി ചോദിച്ചു.
എംസി റോഡ് വികസനവും ചെങ്ങന്നൂർ മണ്ഡലത്തിലെ പാലങ്ങളുടെ നിർമാണവും യുഡിഎഫിന്റെ കാലത്താണ് ആരംഭിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യങ്ങൾ ചെങ്ങന്നൂരിലെ ജനങ്ങൾക്ക് അറിയാമെന്നും അവർ മണ്ടൻമാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.