തിരുവനന്തപുരം: മുൻഡിജിപിയുടെ സർവീസ് സ്റ്റോറിയിൽ സോളാർ കമ്മീഷനെതിരേ രൂക്ഷ വിമർശനം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മുൻ ഡിജിപിയുമായ എ. ഹേമചന്ദ്രനാണ് തന്റെ സർവീസ് സ്റ്റോറിയിൽ ജസ്റ്റീസ് ശിവരാജൻ കമ്മീഷനെ വിമർശിക്കുന്നത്.
സദാചാര പോലീസിന്റെ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമെന്നും മുൻ ഡിജിപി എ. ഹേമചന്ദ്രൻ ആരോപിക്കുന്നു.
‘നീതി എവിടെ’ എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന എ. ഹേമചന്ദ്രന്റെ സർവീസ് സ്റ്റോറിയിലാണ് ആരോപണം. അല്പായുസായ റിപ്പോര്‍ട്ടും തുടര്ചലനങ്ങളുമെന്ന തലക്കെട്ടിലുള്ള ഭാഗത്താണ് സോളാർ കമ്മീഷനെതിരേ രൂക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്.
സോളാർ കേസിൽ അന്വേഷണ സംഘത്തെ നയിച്ചത് എ. ഹേമചന്ദ്രനാണ്. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷൽ കമ്മീഷനായ ജസ്റ്റീസ് ശിവരാജൻ കമ്മീഷനെതിരെയാണ് ഹേമചന്ദ്രന്റെ വിമർശനം. കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളായിരുന്നു.
സദാചാര പോലീസിനെപോലെ പെരുമാറിയ കമ്മീഷൻ പലപ്പോഴും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാൻ ശ്രമിച്ചു. തട്ടിപ്പ് കേസിലെ പ്രതികളെയായിരുന്നു കമ്മീഷൻ തെളിവിനായി ആശ്രയിച്ചതെന്നും കമ്മീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തിരുന്നെന്നും ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടേതടക്കം അന്തസും മൗലിക അവകാശവും ഹനിക്കുന്ന പെരുമാറ്റം കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും മുൻ ഡിജിപി കുറ്റപ്പെടുത്തുന്നു.
തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങൾ. കമ്മീഷന്റെ ഭാഗത്തുനിന്നുള്ള തമാശകൾ പോലും അരോചകമായിരുന്നു.
റിപ്പോര്‍ട്ടിന്റെ നിയമസാധുത പരിശോധിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും എ. ഹേമചന്ദ്രൻ കുറ്റപ്പെടുത്തുന്നുണ്ട്.
ശിവരാജന് കമ്മീഷന് 5 കോടി പ്രതിഫലം പറ്റിയാണ് ഉമ്മന്‍ചാണ്ടിക്കെതിരേ റിപ്പോര്‍ട്ടെഴുതിയതെന്ന സിപിഐ നേതാവ് സി.ദിവാകരന്റെ വെളിപ്പെടുത്തല്‍ വിവാദമായതിനു പിന്നാലെയാണ് മുൻ ഡിജിപിയുടെ വിമർശനം.
ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ടെനി ജോപ്പന്റെ അറസ്റ്റ് വിവരം ഉമ്മൻചാണ്ടിയോ അന്ന് അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ലെന്നാണ് എ. ഹേമചന്ദ്രൻ പറയുന്നത്.
അറസ്റ്റിന്റെ പേരിൽ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. അന്വേഷണ സംഘത്തിൽനിന്നു പിന്മാറാമെന്ന് അറിയിച്ചപ്പോൾ വിലക്കിയത് തിരുവഞ്ചൂർ ആയിരുന്നു.
എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയിൽ പോലീസിന് അടിതെറ്റിയെന്നും ആത്മകഥയിൽ എ.ഹേമചന്ദ്രൻ പറയുന്നു.
നിരീക്ഷക സമിതി അംഗമെന്ന നിലയിൽ ശബരിമലയിലെ പോലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നുവെന്നും ഹേമചന്ദ്രൻ പറയുന്നു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.