പത്തനാപുരം : ചിലവുകുറഞ്ഞ രീതിയിൽ വിവിധ വസ്തുക്കള്‍ ഉണക്കുന്നതിനുള്ള സോളാർ ഡ്രേയര്‍ നിര്‍മ്മിച്ച് വ്യത്യസ്തനാവുകയാണ് പട്ടാഴി സ്വദേശിയായ ഒരു യുവാവ്.
പട്ടാഴി കോളൂർ മുക്ക് തെങ്ങിനാല്‍ വീട്ടിൽ ഡാനിയല്‍ കോശി -വല്‍സമ്മ ദമ്പതികളുടെ മകന് ഫെലിക്സ് കോശിയാണ് പുതിയ കണ്ടെത്തലിന്റെ ഉടമ. തിരുവനന്തപുരം ശ്രീകാര്യത്തെ എൻജിനീയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപകനാണ് ഫെലിക്സ്.
ലോക്ക് ഡൗൺ കാലത്ത് ജനോപകാരപ്രദമായ ഒരു കണ്ടെത്തൽ വേണം എന്ന ചിന്തയാണ് ഡ്രേയറിലേക്ക് എത്തിച്ചത്. ഭൗതികശാസ്ത്രത്തിലെ കണ്വെര്ഷന് എന്ന പ്രതിഭാസത്തിന് അടിസ്ഥാനത്തിലാണ് നിർമ്മാണം.
ഏറ്റവും അടിഭാഗത്ത് ഉറപ്പിച്ചിരിക്കുന്ന ഷീറ്റ് ചൂടാവുകയും ഇതിന്റെ ഫലമായി മുകളിലെ പ്രതലത്തിലുള്ള വായു ചൂടാവുകയും ചെയ്യും. തുടര്‍ന്ന് ഡ്രേയറിനകത്ത് സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ ഉണങ്ങുകയും ചെയ്യും.
വെയില് ഇല്ലാത്ത സമയങ്ങളിൽ ഇലക്ട്രിക് ബൾബിന്റെ സഹായത്താലും വസ്തുക്കൾ ഉണക്കാം. ചിത്രരചനാ കലാകാരനായ ഫെലിക്സിന്റെ ആദ്യ പരീക്ഷണമാണിത്.
ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദം പാസായ ഫിനിക്സ് നിരവധി നാളുകളായി എൻജിനീയറിങ് കോളജിൽ ഗസ്റ്റ് അധ്യാപകന് കൂടിയാണ്. നിലവിൽ സോളാർ ഡ്രേയറിന് പേറ്റന്റ് നേടാന്‍ തയ്യാറെടുക്കുകയാണ് ഇദ്ദേഹം.ഗവേഷണ വിദ്യാർഥിയായ രാജിയാണ് ഭാര്യ.