അത്യപൂർവ സൂര്യഗ്രഹണത്തിനു സാക്ഷിയാകാനൊരുങ്ങി ലോകം. പകൽ സമയത്ത് രാത്രിപോലെ ഇരുട്ടുപരക്കുന്ന സൂര്യഗ്രഹണം ഏപ്രിൽ എട്ടിനാണ് ദൃശ്യമാകുക. എന്നാൽ ഇന്ത്യയിൽ ഗ്രഹണം കാണാൻ സാധിക്കുകയില്ല. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലാകും സൗരവിസ്മയം.
7.5 മിനിറ്റ് വരെ ഗ്രഹണം നീണ്ടുനിൽക്കുമെന്നാണു കണക്കുകൂട്ടൽ. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു. പസഫിക് സമുദ്രത്തിന് മുകളിൽ 2150ൽ മാത്രമാണ് ഇതുപോലെ ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ. അതായത് 126 വർഷം കാത്തിരിക്കണം!
ഭാഗികസൂര്യഗ്രഹണങ്ങൾ ഭൂമിയിൽ സാധാരണമാണെങ്കിലും ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകൂ.
ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യവലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. മെക്സിക്കോയിൽനിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് കാനഡയിലേക്കു വ്യാപിക്കുന്നതാണ് ഏപ്രിൽ എട്ടിലെ സമ്പൂർണ സൂര്യഗ്രഹണം.