വടക്കഞ്ചേരി: വനാതിർത്തിയിലും കാട്ടിലുമായി തലങ്ങും വിലങ്ങും സോളാർ ഫെൻസിംഗ് വന്നതോടെ ജില്ലാ അതിർത്തിയായ ഒളകരയിൽ കാട്ടാനക്കൂട്ടങ്ങൾ കുടുങ്ങി. ഇവിടെ എവിടെയെങ്കിലും ആനകളോ വലിയ കാട്ടുമൃഗങ്ങളോ വന്നുപെട്ടാൽ അവർക്ക് പിന്നെ പുറത്തുകടക്കാൻ എളുപ്പമാകില്ല.ഒളകര ആദിവാസികോളനി റോഡിൽ പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തിലാണ് പലപ്പോഴായി സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗ് മൃഗങ്ങളുടെ സഞ്ചാരത്തിന് തടസമാകുന്നത്. വനത്തിലേക്കുള്ള പ്രവേശന കവാടത്തിൽ ഈയടുത്ത കാലത്ത് പുതിയ കെട്ടിടം നിർമിച്ചപ്പോൾ അതിനുചുറ്റും സോളാർ ഫെൻസിംഗ് നടത്തിയിരുന്നു.
കെട്ടിടനിർമാണം പൂർത്തിയായിട്ടില്ല. കോളനിക്കടുത്തുള്ള റേഞ്ച് ഓഫീസ് ഇവിടേയ്ക്കു മാറ്റാനാണ് പുതിയ കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ വശത്തിനു ചുറ്റുമുള്ള ഫെൻസിംഗിനു പുറമേ കോളനിവഴിയുടെ രണ്ടുവശത്തും കാട്ടിനുള്ളിൽ സോളാർ ഫെൻസിംഗ് നടത്തി.ഇതിനാൽ സോളാർ ഫെൻസിംഗ് സ്ഥാപിച്ച് കാടു രണ്ടാക്കി തിരിച്ച മട്ടിലാണ് ഇവിടെ. ഇതിനു പുറമേയാണ് ഇപ്പോൾ പനംങ്കുറ്റി ഭാഗത്തുനിന്നുള്ള സോളാർ ഫെൻസിംഗ് ഇതിനോടു ചേർന്ന് വനാതിർത്തിയിലൂടെ കടന്നുപോകുന്നത്.
രാത്രികാലമായാൽ മനുഷ്യരും മൃഗങ്ങളുമെല്ലാം വളരെ ശ്രദ്ധിച്ചു നടക്കണം. മുന്നിലും പിന്നിലും വശങ്ങളിലുമെല്ലാം സോളാർ ഫെൻസിംഗുണ്ട്.ഭുപ്രശ്നം നിലനില്ക്കുന്നതിനാൽ ഒളകര ആദിവാസി കോളനിക്കുചുറ്റും ഇപ്പോഴും ഫെൻസിംഗ് ആയിട്ടില്ല. നിലവിലുള്ള റേഞ്ച് ഓഫീസ് വനപാലകർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സാക്കി മാറ്റാനാണ് വനത്തിലേക്കുള്ള പ്രവേശന കവാടത്തിൽ പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്.
നിലവിലുള്ള റേഞ്ച് ഓഫീസ് പരിസരത്ത് മൊബൈൽ ഫോണുകൾക്കൊന്നും റേഞ്ച് ഇല്ലാത്തതിനാൽ ഓഫീസുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയുണ്ട്. പീച്ചി വൈൽഡ് ലൈഫ് വാർഡനുകീഴിൽ വരുന്ന റേഞ്ച് ഓഫീസായതിനാൽ പീച്ചിയിൽനിന്നും വാഹനത്തിൽ ഒളകര എത്തണമെങ്കിൽ അറുപതു കിലോമീറ്ററെങ്കിലും വഴിതാണ്ടണം. കുതിരാൻ കടന്നുവന്ന് വാണിയന്പാറ, പന്തലാംപാടം മലയോരപാത വഴി വാൽക്കുളന്പ്, കണിച്ചിപ്പരുതയിലെത്തിവേണം ഒളകരയിലെത്താൻ.