കൊട്ടാരക്കര: സരിത എസ്. നായർ, കെ.ബി. ഗണേഷ്കുമാർ എന്നിവർ സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്രിമരേഖ ചമയ്ക്കുകയും സോളാർ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് വാദം കേട്ട് ഫയലിൽ സ്വീകരിച്ചു. തുടർനടപടികൾക്കായി കേസിന്റെ വിചാരണ ഡിസംബർ അഞ്ചിലേക്കു മാറ്റി.
അഡ്വ. സുധീർ ജേക്കബ് വാദിയായി അഡ്വ. ജോളി അലക്സ് ഫയൽ ചെയ്ത സ്വകാര്യ അന്യായമാണ് ഫയലിൽ സ്വീകരിച്ചത്. സരിത എസ്. നായരും ഗണേഷ് കുമാറും തമ്മിൽ ഗൂഢാലോചന നടത്തി 21 പേജുള്ള യഥാർഥ കത്തിനു പകരം അന്നത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരുടെ പേര് ഉൾപ്പെടുത്തിയ 25 പേജുള്ള വ്യാജരേഖ തയാറാക്കി കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയാണു ചെയ്തതെന്നായിരുന്നു പരാതിക്കാരന്റെ വാദം.
2015 മാർച്ച് 13ന് കൊട്ടാരക്കരയിൽ വച്ചാണു നാലു പേജുകൾ എഴുതിച്ചർത്തത്. ഗണേഷിനെ വീണ്ടും മന്ത്രിയാക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരമായിരുന്നു ഇത്. വ്യാജകത്തു ചമച്ചതിനെക്കുറിച്ച് ഉടനടി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കൊട്ടാരക്കര പോലീസിനു നിർദേശം നല്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.
2013 ജൂലൈ 19 ന് സരിത എഴുതിയ കത്ത് ജൂലൈ 23ന് അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ പത്തനംതിട്ട ജയിലിൽ സ്വീകരിച്ചതായി രസീത് നല്കിയിട്ടുണ്ട്. കത്തിന് 21 പേജായിരുന്നെന്ന് പത്തനംതിട്ട ജയിൽ സൂപ്രണ്ട് വിശ്വനാഥ കുറുപ്പ് സോളാർ കമ്മീഷനു മൊഴി നല്കി. എന്നാൽ, ജൂലൈ 28ന് സരിത എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ നല്കിയ മറ്റൊരു കത്തിൽ തനിക്കു പരാതിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. 21 പേജിനോടൊപ്പം പിന്നീടു നാലു പേജുകൾ കൂട്ടിച്ചേർത്ത 25 പേജുള്ള കത്താണു സരിത 2016 ജൂണ് ആറിനു കമ്മീഷനു നല്കിയത്. ഇതിലാണ് ലൈംഗിക ആരോപണവും കോഴ ആരോപണവും ഉള്ളത്.
കമ്മീഷൻ ഈ കത്ത് സേളാർ കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമായി സ്വീകരിച്ചുകൊണ്ടാണ് മേൽനടപടിക്കു സർക്കാരിനു ശിപാർശ നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഈ കത്ത് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്നതിനും തെറ്റായ തീരുമാനം എടുക്കുന്നതിനും വഴിയൊരുക്കിയെന്ന് ഹർജിയിൽ പറയുന്നു.
ഫെനി ബാലകൃഷ്ണൻ ഈ മാസം 11 നു തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിൽ വ്യാജകത്ത് ഉണ്ടാക്കിയ കാര്യം വെളിപ്പെടുത്തിയിരുന്നു. പ്രധാന മാധ്യമങ്ങളെല്ലാം അതു വിശദമായി റിപ്പോർട്ട് ചെയ്തു. സോളാർ കമ്മീഷന്റെ മുമ്പാകെ വ്യാജകത്തിന്റെ കാര്യം ഉന്നയിക്കാൻ താൻ ശ്രമിച്ചെങ്കിലും കമ്മീഷൻ അനുവദിച്ചില്ലെന്നു കമ്മീഷന്റെ രേഖകളിൽ തന്നെ ഉണ്ടെന്നു ഫെനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാധ്യമങ്ങളിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങൾ കത്തിൽ ഉള്ളതാണോ എന്നു കമ്മീഷൻ ചോദിച്ചപ്പോൾ, സരിതയുടെ പഴയ കത്തിനു വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നതെന്നു താൻ കമ്മീഷനോടു പറഞ്ഞിരുന്നതായി ഫെനി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പുതിയ കത്ത് ഉണ്ടായ സാഹചര്യം എന്തെന്നു ചോദിച്ചെങ്കിലും അതിന് ഉത്തരം പറയാൻ അനുവദിച്ചില്ല. താൻ നിലവിൽ സരിതയുടെ അഭിഭാഷകനല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അത്. വ്യാജരേഖ ചമയ്ക്കൽ ഏഴു വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.