പട്ടഞ്ചേരി: കൊല്ലങ്കോട് ബ്ലോക്ക് പട്ടഞ്ചേരി കൃഷിഭവൻ, കൃഷിവകുപ്പിന് കീഴിൽ നൂതന ആശയങ്ങൾ നടപ്പിലാക്കുന്ന ആത്മ ഡെമോണ്സ്ട്രേഷന്റെ ഭാഗമായി 2018-19 പദ്ധതിക്ക് കീഴിൽ സോളാർ ഇൻസെക്ട് ലൈറ്റ് ട്രാപ് സ്ഥാപിച്ചു. പതിക്കാട്ടുചള്ള പാടശേഖര സെക്രട്ടറി കെ.സേതുമാധവന്റെ കൃഷിസ്ഥലത്താണ് ട്രാപ് സ്ഥാപിച്ചത്.
വിളകളെ നശിപ്പിക്കുന്ന കീടങ്ങൾ വൈകുന്നേരം ആറുമുതൽ ഒന്പതുവരെയുള്ള സമയങ്ങളിൽ വിള കവരുന്ന അവസ്ഥയിൽ സോളാർ ട്രാപ്പ് സ്ഥാപിക്കുന്നതോടുകൂടി തെളിയുന്ന ചെറിയ വെളിച്ചം കീടങ്ങളെ ആകർഷിക്കുകയും കൃഷിസംരക്ഷണം സാധ്യമാക്കുകയും ചെയ്യും.
ട്രാപ്പിന്റെ താഴെ സ്ഥാപിച്ച പാത്രത്തിൽ എണ്ണയോ ചെറിയ തോതിലുള്ള കീടനാശിനി കലർന്ന വെള്ളമോ ഒഴിച്ചുവച്ചാൽ പ്രാണികൾ അതിൽ വീണ് ചത്തുപോവും. ഒന്പതുകഴിഞ്ഞാൽ മിത്രപ്രാണികൾ എത്തുന്നതുകൊണ്ടു ആറുമുതൽ ഒന്പതുവരെ മാത്രമാണ് ലൈറ്റിൽ സമയം ക്രമപ്പെടുത്തിയിട്ടുള്ളത്.
എല്ലാ വിളകൾക്കും പ്രയോജനപ്പെടുംവിധം മാറ്റി സ്ഥാപിക്കാനും പറ്റുന്ന രീതിയിലാണ് ട്രാപ് നിർമിച്ചിരിക്കുന്നത്.
പരിപാടിയിൽ പട്ടഞ്ചേരി കൃഷി അസിസ്റ്റന്റുമാരായ ബഷീർ അഹമ്മദ്, ബീനു പാടശേഖര പ്രതിനിധികളായ വിശ്വാനാഥൻ, അനിൽ പരമേശ്വരൻ എ.ബി.വിനൂപ്,എൻ.നഗരാജൻ ലീഡ്സ് കോ-ഓർഡിനേറ്റർ വിസ്മയ എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് സേതുമാധവൻ: 919745473216 എന്ന നന്പറിൽ ബന്ധപ്പെടണം.