കൊടുമണ്‍: നെൽകൃഷി നശിപ്പിക്കുന്ന പ്രാണികളെ തുരത്താൻ സ്ഥാപിച്ച സോളാർ വിളക്കുകൾ കർഷകർക്ക് ആശ്വാസമാകുന്നു. നെൽകൃഷിക്ക് നാശം ഉണ്ടാക്കുന്ന കീടങ്ങളെ സോളാർ കെണികൊണ്ട് തുരത്താനാകും. കീടങ്ങളെയും പ്രാണികളെയും തുരത്താൻ രാസകീടനാശിനികളാണ് കർഷകർ പൊതുവെ പാടശേഖരങ്ങളിൽ തളിച്ചിരുന്നത്. പാടശേഖരങ്ങളിൽ സോളാർകെണികൾ സ്ഥാപിച്ചതോടെ രാസകീടനാശിനികളുടെ പ്രയോഗം ഒരുപരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്ന് കർഷകർ പറയുന്നു.
കീടനാശിനികളുടെ പ്രയോഗം കാരണം അന്തരീക്ഷവും മണ്ണും വിളകളും ഒരേപോലെ മലിനപ്പെട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് കൃഷിവകുപ്പ് പാടശേഖരങ്ങളിൽ ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചത്. സോളാർ വിളക്ക് നെൽകൃഷിക്കാണ് ഏറെ പ്രയോജനപ്പെടുന്നത്. ഒരു സോളാർ പാനൽ, എൽഇഡി ബൾബ്, വായ്ഭാഗം വലകൊണ്ട് മൂടിയ കപ്പ് എന്നിവ ഘടിപ്പിച്ച സ്റ്റാൻഡ് പാടശേഖരങ്ങളിൽ ഉറപ്പിക്കുന്നു.
സൗരോർജം ആഗിരണം ചെയ്ത് കെണിയിലെ ബാറ്ററി ചാർജാവുകയും രാത്രി കാലങ്ങളിൽ പാനലിലെ ബൾബ് കത്തുകയും ചെയ്യും. വെളിച്ചം കണ്ട് സോളാറിലേക്ക് ആകർഷിക്കുന്ന പ്രാണികൾ വലമൂടിയ കപ്പിലേക്ക് വീഴുന്നു. പിന്നീട് ഈ പ്രാണികൾക്ക് വലയിൽ നിന്നും പുറത്ത് കടക്കാൻ സാധിക്കുകയില്ല.
ഇങ്ങനെയാണ് സോളാർ വിളക്കുകളുടെ പ്രവർത്തനം. കൊടുമണ്‍ പഞ്ചായത്തിൽ തരിശു കിടക്കുന്ന സ്ഥലങ്ങളിൽ നെൽകൃഷി ഉൾപ്പടെ കൃഷിയിറക്കാൻ കൃഷിഭവനും പഞ്ചായത്തും ആലോചിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ സോളാർ കെണികൾ സ്ഥാപിച്ചതെന്ന് അധികൃതർ പറയുന്നു.
തേവന്നൂർ, ഇടത്തിട്ട പെരുങ്കുളം, മുണ്ടുകോണം, കൊടുമണ്‍ കിഴക്ക് കോയിക്കൽപടി, അങ്ങാടിക്കൽവടക്ക് മംഗലത്ത്, ഐക്കാട്, ചേനങ്കര, മുണ്ടയ്ക്കൽ, ഇടിഞ്ചിറ, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സോളാർ കെണികൾ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. പരിസ്ഥിതി സൗഹാർദ്ദത്തിന് ഊന്നൽ നല്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് കൃഷിഭവൻ പദ്ധതി നടപ്പിലാക്കുന്നത്.