ആലപ്പുഴ: പുരപ്പുറ വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സോളാർ പാനലുകൾ ഇക്കൊല്ലം പകുതിയോടെ സ്ഥാപിക്കാൻ കെഎസ്ഇബി തയാറെടുക്കുന്നു.ഇതുവരെയായി 2,78,000 പേർ തങ്ങളുടെ പുരപ്പുറം സോളാർ വൈദ്യുതി പദ്ധതിക്കായി നല്‍കാനുള്ള താല്പര്യം അറിയിച്ചിട്ടുണ്ട്. പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ അടുത്തയാഴ്ച മുതൽ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തിത്തുടങ്ങുമെന്ന് സൗരപദ്ധതിയുടെ കോ-ഓർഡിനേറ്റർ ജെ. മധുലാൽ വ്യക്തമാക്കി.
സോളാർ പാനലുകൾ സ്ഥാപിക്കാനാകുമോ, എത്ര കിലോവാട്ടിന്റെ പദ്ധതി പ്രദേശങ്ങളിൽ ഉപയോഗിക്കാം, നേരിട്ട് ഗ്രിഡിലേക്ക് നല്കാൻ സംവിധാനമൊരുക്കാനാകുമോ തുടങ്ങി സാങ്കേതിക പരിശോധനകളാണ് ഇവർ നടത്തുക. ഇതിനു ശേഷമേ തുടർനടപടികളിലേക്ക് കടക്കൂ. ഉപഭോക്താവുമായി അളവുമായി ബന്ധപ്പെട്ട കരാറുകളടക്കം ഇതിനു ശേഷമായിരിക്കും ഒപ്പുവയ്ക്കുക.
സൗരോർജ ഉല്പാദനത്തിനായുള്ള സൗര പദ്ധതിയുലൂടെ ആയിരം മെഗാവാട്ടാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഇതിൽ 500 മെഗാവാട്ട് വൈദ്യുതിയാണ് പുരപ്പുറ സൗരോർജ പദ്ധതിയിലൂടെ ലഭ്യമാക്കാനൊരുങ്ങുന്നത്. ഇതിൽ തന്നെ 150 മെഗാവാട്ട് ഗാർഹിക ഉപയോക്താക്കളിൽ നിന്നും 100 മെഗാവാട്ട് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും 250 മെഗാവാട്ട് സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നുമാണ് ഉദ്ദേശിക്കുന്നത്. 500 മെഗാവാട്ട് സോളാർ പാർക്ക് വഴിയും ഫ്ളോട്ടിംഗ് പാനലുകൾ വഴിയും മറ്റുസ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്നതും വഴിയും ലഭ്യമാക്കും.
ഗാർഹിക സൗരോർജ കണക്്ഷനുകളിൽ ഒരു കിലോവാട്ടിന്റെ പദ്ധതിയിൽ നിന്നും ആയിരം യൂണിറ്റ് വൈദ്യുതിയെങ്കിലും ശരാശരി ഒരുമാസം ലഭ്യമാകുമെന്നാണ് അധികൃതരുടെ കണക്ക്. ഇതിനെ ആധാരമാക്കി ഉപഭോക്താക്കൾക്ക് നിലവിലെ വൈദ്യുതി ചാർജിൽ കുറവും ലഭിക്കും.ഒരുവർഷം കേരളത്തിൽ 22,000 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ശരാശരി ആവശ്യമായി വരുന്നത്.
ഇതിൽ ഏഴായിരം മില്യണ്‍ യൂണിറ്റ് മാത്രമാണ് കേരളത്തിൽ ഉല്പാദിപ്പിക്കുന്നതും. സൗരോർജ പദ്ധതി കൂടി വിപുലീകരിച്ച് കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുയെന്നതാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. പ്രസരണ രംഗം മെച്ചപ്പെടുത്താൻ ട്രാൻസ്ഗ്രിഡ്, വിതരണ രംഗം ശക്തിപ്പെടുത്താൻ ദ്യുതി, ഉൗർജ സംരക്ഷണത്തിനായി ഫിലമെന്റ് രഹിത കേരളം, സുരക്ഷയ്ക്കായി ഇ-സേഫ് തുടങ്ങിയ പദ്ധതികളും സൗരോർജ ഉത്പാദനത്തിനായുള്ള സൗര പദ്ധതിക്കൊപ്പം നടപ്പാക്കുന്നുണ്ട്.