കൊച്ചി: സോളാര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്ന് വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍.
പിണറായിയെ കണ്ടത് എകെജി സെന്ററിനു മുന്നിലെ ഫ്ളാറ്റില്‍ വച്ചായിരുന്നു. അദ്ദേഹം തന്നോട് കടക്കു പുറത്ത് എന്ന് പറഞ്ഞിട്ടില്ലെന്നും നന്ദകുമാര്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ദല്ലാള്‍ നന്ദകുമാര്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു.
ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ദല്ലാള്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞത്. കേരള ഹൗസില്‍ പ്രാതല്‍ കഴിക്കുമ്പോഴാണ് നന്ദകുമാര്‍ എത്തിയതെന്നും ഇറങ്ങിപോകാന്‍ പറഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
താന്‍ കത്തുകള്‍ കാണിച്ചത് സിപിഎം ഉന്നതരെയാണ്. കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.
ഈ കത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച നടത്തിയത്. 2016 ഫെബ്രുവരിയില്‍ സോളാര്‍ പരാതിക്കാരി ഉമ്മന്‍ ചാണ്ടിക്കെതിരേ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വിഎസ് ആവശ്യപ്പെട്ടു.
അതിന്റെ അടിസ്ഥാനത്തില്‍ താന്‍ ശരണ്യ മനോജിനെ ബന്ധപ്പെട്ടു. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകള്‍ നല്കി. അത് താന്‍ വിഎസിന് നല്കി. വിഎസ് കത്തു മുഴുവനായി വായിച്ചു.
തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് താന്‍ പിണറായിയുമായി ചര്‍ച്ച നടത്തിയതെന്നു നന്ദകുമാര്‍ പറഞ്ഞു.
അതിന് ശേഷമാണ് കത്ത് താന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയത്. കത്തിനായി പരാതിക്കാരി 1.25 ലക്ഷം രൂപ കൈപ്പറ്റി. ശരണ്യ മനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്.
ബെന്നി ബെഹാനാനും തമ്പാനൂര്‍ രവിയും 50000 രൂപ നല്‍കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ നിര്‍ത്തി കഷ്ടപ്പെടുത്തി. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്.
അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല. രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്ക് ഉമ്മന്‍ചാണ്ടിയെ താഴെ ഇറക്കണമെന്നുണ്ടായിരുന്നുവെവന്നും ഈ കേസ് കലാപത്തിൽ എത്തിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നതായും നന്ദകുമാര്‍ വ്യക്തമാക്കി.