ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ സോളാർലാന്പ് സ്ഥാപിക്കുന്നതിൽ കരാറുകാരൻ അഴിമതി നടത്തിയെന്ന് ഇടതുപക്ഷ കൗണ്‍സിലർമാർ. ഇന്നലെ നടന്ന നഗരസഭാ കൗണ്‍സിൽ യോഗത്തിലായിരുന്നു പ്രതിപക്ഷ കൗണ്‍സിലർമാരായ എം.ശിവകുമാർ, സ്വാമിനാഥൻ, മുകേഷ്, മണികണ്ഠൻ തുടങ്ങിയവർ ഇക്കാര്യം ഉന്നയിച്ചു പ്രതിഷേധിച്ചത്.
നഗരസഭയിൽ 222 ലാന്പുകൾ സ്ഥാപിക്കുന്നതിനു 24 ലക്ഷമാണ് കരാറുകാരന് തുക നിശ്ചയിച്ചത്.
എന്നാൽ 135 ലാന്പുകൾ സ്ഥാപിച്ച് കരാറുകാരൻ 22 ലക്ഷം കൈപ്പറ്റുകയും ചെയ്തു. മൊത്തം കരാർ സംഖ്യയുടെ പത്തുശതമാനം മാത്രമേ കരാറുകാരനുള്ളൂ. എന്നാൽ ഇനി 87 ലാന്പുകൾ സ്ഥാപിക്കണം. ലൈറ്റുകൾ പൂർണതോതിൽ സ്ഥാപിക്കാതെ 90 ശതമാനം തുക കരാറുകാരൻ കൈമാറിയിരിക്കുന്നത് പ്രതിപക്ഷ കൗണ്‍സിലർമാരുടെ രൂക്ഷവിമർശനത്തിനു കാരണമായി.
മൂന്നു കൊല്ലത്തേക്ക് ലാന്പുകളുടെ സർവീസ് സൗജന്യമായി നടത്തണമെന്നും കരാർ നിബന്ധനയിലുണ്ടായിരുന്നു. എന്നാൽ നിലവിൽ സ്ഥാപിച്ചിരിക്കുന്ന സോളാർലാന്പുകളിൽ പലതും പ്രവർത്തനരഹിതമാണ്.കരാറുകാരനെ പലതവണ അറിയിച്ചിട്ടും ബൾബുകൾ കത്തിക്കാൻ കൂട്ടാക്കിയില്ലെന്നും പ്രതിപക്ഷ കൗണ്‍സിലർമാർ ആരോപിച്ചു.
പതിനഞ്ചുദിവസത്തിനകം ലാന്പുകൾ ബാക്കിയുള്ളവ സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ കരാറുകാരനെ കരിന്പട്ടികയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് ചെയർപേഴ്സണ്‍ കെ.എ.ഷീബ വിശദീകരിച്ചു.
ചിറ്റൂർ ടൗണിലെ അഴുക്കുചാലുകളിൽ സ്വകാര്യവ്യക്തികളുടെ കക്കൂസ് മാലിന്യംവരെ ഒഴുക്കിവിടുന്നതിനാൽ പ്രദേശം പകർച്ചവ്യാധി ഭീഷണിയിലാണ്. സേവനത്തിലൂടെ ശുചീകരണം നടത്തിയ ചാമപ്പറന്പ് കുളവും വീണ്ടും അഴുക്കുചാൽ വെള്ളം ഒഴുകിയെത്തി ദുർന്ധം വമിക്കുന്ന നിലയിലാണ്.
നഗരസഭാ ചെയർമാന്റെ വാഹനം മറ്റു ചിലർ ദുരുപയോഗിക്കുന്നതും പതിവാണ്. നഗരസഭാ സ്കൂൾ പരിസരത്ത് ലഹരിവില്പനയും നടക്കുന്നതായി സ്ഥിരംസമിതി അധ്യക്ഷ രത്്നാമണി ആരോപിച്ചു. എക്സൈസ് ജീവനക്കാർക്ക് വിവരം നല്കിയാലും നടപടിയുണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാണ്. സോളാർലാന്പ് വിഷയത്തിൽ പൂർണതോതിൽ ബൾബുകൾ സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ കൗണ്‍സിലർമാർ മുന്നറിയിപ്പു നല്കി.