മുണ്ടക്കയം: ടൗണിന്റെ വിവിധ ഭാഗങ്ങളിലും കല്ലേ പാലം മുതൽ മുപ്പത്തി ഒന്നാം മൈൽ വരെയും 52 സോളാർ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും മാസങ്ങൾ കഴിയും മുന്പേ തന്നെ പകുതിലേറെയും പ്രവർത്തന രഹിതമായി. 2015 നവംബറിൽ ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 14 ലക്ഷം മുടക്കി സ്ഥാപിച്ചതാണ് സോളാർ ലൈറ്റുകൾ.
എന്നാൽ, ഇപ്പോഴാകട്ടെ അതിലൊന്നു പോലും പ്രർത്തിക്കുന്നില്ല. ഇതിൽ കുറേ ലൈറ്റുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിലാണ് ഉള്ളത്.കല്ലേപ്പാലം, സിഎംസ് ജംഗ്ഷൻ, പോസ്റ്റ് ഓഫീസ്, വൈഎംസിഎ എന്നിവിടങ്ങളിലെ ലൈറ്റുകളുടെ ബാറ്ററികൾ മോഷണം പോയ നിലയിലാണ്.
ചിലതാകട്ടെ കാട്കയറിയ നിലയിലും. കല്ലേപ്പാലം ജംഗ്ഷനിൽ ലൈറ്റുകൾ മറിഞ്ഞു കിടക്കുന്നത് സ്കൂൾ കുട്ടികൾ ഉൾപ്പടെയുളള കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ലൈറ്റുകൾ മൂന്നു വർഷം തികയുന്നതിന് മുന്പു തന്നെ 52 ലൈറ്റുകളും പ്രവർത്തനരഹിതമായിട്ടും കരാറുകാരെ കൊണ്ട് മെയിന്റനൻസ് ചെയ്യിപ്പിക്കുന്നതിനോ ലൈറ്റുകളുടെ പരിപാലന ചുമതല ഏറ്റെടുക്കാൻ പഞ്ചായത്ത് അധിക്യതരോ മുന്നോട്ട് വരാത്തതാണ് നാട്ടുകാർക്കിടയിൽ കടുത്ത വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.
എന്നാൽ, ഈ സാന്പത്തിക വർഷത്തിൽ രണ്ടു ലക്ഷം രൂപ മെയിന്റനൻസിന് വകയിരുത്തിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ.് രാജു പറയുന്നത്.