വടക്കഞ്ചേരി: മലയോരമേഖലയായ കണിച്ചിപ്പരുത പ്രദേശത്ത് കാട്ടാന വഴിയിൽ നില്ക്കുന്നുണ്ടോയെന്ന് തിരിച്ചറിയാൻ പതിനെട്ട് സോളാർ ലൈറ്റുകൾ വനവഴികളിൽ സ്ഥാപിച്ചെന്ന് വനംവകുപ്പ് പറയുന്പോൾ കൃഷിയിടങ്ങളിൽ ആനക്കൂട്ടം ഇറങ്ങി വിള നശിപ്പിക്കുന്നതിനു കുറവുണ്ടാകുന്നില്ലെന്ന് കർഷകർ.
പാലക്കുഴി റോഡിൽനിന്നും പാത്രകണ്ടം വഴിയിലും കൈതയ്ക്കൽ ഉറവയിലും ഒളകരയിലുമായാണ് സോളാർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ലൈറ്റിന്റെ സഹായത്തോടെ വിജനമായ വഴിയിൽ ആന നില്ക്കുന്നതുകണ്ട് പേടിക്കാമെന്നല്ലാതെ ആനക്കൂട്ടങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ മാസങ്ങളേറെ നീണ്ട നിവേദനങ്ങൾകൊണ്ടും പരാതികൊണ്ടും ഫലമുണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്.
കൃഷിസ്ഥലങ്ങൾ സംരക്ഷിക്കാൻ കർഷകർ തന്നെ മുൻകരുതലായി സോളാർവേലിയും ട്രഞ്ച് കുഴിക്കലും നടത്തണമെന്നാണ് വനംവകുപ്പ് പറയുന്നത്. വനംവകുപ്പ് എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരിക്കേണ്ടെന്ന സൂചനയാണ് വനംവകുപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥർ നല്കുന്നത്.
ആനകൾ ഇടയ്ക്കിടെ തോട്ടങ്ങളിൽ ഇറങ്ങുന്നതിനെക്കുറിച്ച് പഠന വിധേയമാക്കേണ്ടതുണ്ടെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. പഠനത്തിനായി കമ്മീഷനെ നിയോഗിച്ചു പഠനം നടത്തിവരുന്പോഴേയ്ക്കും വനത്തോടു ചേർന്ന പ്രദേശങ്ങളിലൊന്നും വിളകൾ ബാക്കിയുണ്ടാകില്ലെന്നാണ് കർഷകർ പറയുന്നത്.ഇപ്പോൾ നാട്ടിലിറങ്ങുന്ന ആനകൾ സ്ഥിരമായി ഇവിടെ ചുറ്റിക്കറങ്ങുന്നവയെല്ലെന്നും യാത്രചെയ്യുന്പോൾ തീറ്റതേടി എത്തുന്നവയാണെന്നും ഒളകര റേഞ്ച് ഓഫീസർ പറഞ്ഞു.
ആനകൾക്ക് ഇഷ്ടപ്പെട്ട വിളകൾ വനാതിർത്തികളിലെ തോട്ടങ്ങളിൽ കൃഷി ചെയ്യുന്നതാണ് കാടിറങ്ങുന്ന ആനകൾ പിന്നെ കാടുകയറാതെ നാട്ടിൽ കറങ്ങുന്നതിനു കാരണമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. അതിനാൽ വാഴ, പൈനാപ്പിൾ, തെങ്ങ് തുടങ്ങിയ കൃഷികളൊന്നും ചെയ്യരുതെന്ന് അവർ പറയുന്നു.അതേസമയം പനംകുറ്റി പ്രദേശത്ത് ഒറ്റയാൻ ഇറങ്ങി കൃഷിക്ക് വലിയ നാശമുണ്ടാക്കുകയാണ്.
ചെറുനിലം ജോണി, മഞ്ഞാശേരി തങ്കപ്പൻ, വിജു, മൈക്കിൾ, ബേബി, താമരപ്പിള്ളി, പൂണി എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെല്ലാം കാട്ടാന സ്ഥിരം സന്ദർശകരാകുകയാണ്.