വടക്കഞ്ചേരി: കാട്ടുമൃഗശല്യം അതിരൂക്ഷമായതോടെ തോട്ടങ്ങളിലും വനാതിർത്തികളിലുമെല്ലാം ഇപ്പോൾ തലങ്ങും വിലങ്ങും സോളാർ വൈദ്യുതി വേലിയാണ്. അബദ്ധത്തിൽ എവിടെയെങ്കിലും തൊട്ടാൽ പണി കിട്ടും.
രാപകൽ വിശ്രമമില്ലാതെ അധ്വാനിച്ചുണ്ടാക്കിയ വിളകൾ രക്ഷപ്പെടുത്തിയെടുക്കാനുള്ള തത്രപ്പാടുകളാണ് മലയോരങ്ങളിലെല്ലാം ദൃശ്യമാകുന്നത്. കാട്ടുമൃഗങ്ങളെ ഉപദ്രവിക്കുന്നതുകൊണ്ടാണ് അവ ആക്രമിക്കുന്നതെന്ന് പറയുന്ന വനപാലകർ പക്ഷെ,
ഒളകരയിൽ രോഗംമൂലം അവശതയിലായ കാട്ടാനക്ക് ചികിത്സ നൽകാനാകാതെ ത്രിശങ്കുവിലാണ്. ആന കൂട്ടം ആക്രമിക്കുമെന്ന ഭയം തന്നെയാണ് ആനക്ക് ചികിത്സ വൈകുന്നതിനു പിന്നിൽ.
ആനകൾ ദിവസവും വീടുകൾക്കു ചുറ്റും നടക്കുന്പോൾ അതൊന്നും കുഴപ്പമില്ല, പേടിക്കാനില്ല എന്ന് പറഞ്ഞ് കർഷകരെ പറ്റിക്കുന്ന വനപാലകർ ഇപ്പോൾ കുടുക്കിൽപ്പെട്ട പോലെയായി. സുഖമില്ലാത്ത കാട്ടാന വനാതിർത്തികളിലെ തോട്ടങ്ങളിലെല്ലാം നടക്കുന്നത് നാട്ടുകാർ കണ്ടതാണ് പ്രശ്നമായത്.
ആന കാട്കയറി, കാണാതായി എന്നൊക്കെ പറഞ്ഞ് വനം വകുപ്പ് രക്ഷപ്പെടുകയാണിപ്പോൾ. അസുഖമുള്ള ആന മുന്പു കാണപ്പെട്ടിരുന്ന സ്ഥലങ്ങളിലൊക്കെ ഇപ്പോഴും ഉണ്ടെന്നാണ് പറയുന്നത്. ആനയെ ഇത്രമാത്രം സ്നേഹിക്കുന്ന വനപാലകരേയും ആനകൾ ഓടിക്കുന്നതെന്തുകൊണ്ടാണെന്നാണ് കർഷകർ ചോദിക്കുന്നത്.
സുഖമില്ലാത്ത ആനക്കൊപ്പം മറ്റു രണ്ട് ആനകൾ കൂടിയുണ്ട്. ഈ രണ്ട് ആനകൾ കാട്കയറി പോയി രോഗമുള്ള ആന ഒറ്റക്ക് എവിടെയെങ്കിലും തളർന്നു നിന്നാൽ ചികിത്സ നടത്താമെന്ന രഹസ്യ തീരുമാനത്തിലാണ് വനം വകുപ്പെന്നാണ് വിവരം.
മുന്പൊക്കെ രാത്രികാലങ്ങളിൽ വല്ലപ്പോഴും മാത്രം വന്നിരുന്ന കാട്ടുമൃഗങ്ങൾ ഇപ്പോൾ പകലും കാടിറങ്ങി തോട്ടങ്ങളിലെത്തുകയാണ്. ആനകൾക്ക് കടന്ന് വരാൻ സോളാർ വേലിയൊന്നും തടസ്സമാകുന്നില്ല. വേലിയിലെ പോസ്റ്റുകൾ തള്ളിയിട്ടും സമീപത്തെ ചെറു മരങ്ങൾ വേലിയിലേക്ക് തള്ളിയിട്ടുമാണ് ആനകൾ വേലി തകർത്ത് കൃഷിയിടങ്ങളിലെത്തുന്നത്.
കിഴക്കഞ്ചേരിയുടെ മലയോര മേഖലയായ പനംങ്കുറ്റി ഭാഗത്ത് ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ആനശല്യം രൂക്ഷമായിരിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവിടെ ചെറുനിലം ജോണിയുടെയും സമീപ തോട്ടങ്ങളിലും ആനയിറങ്ങി കൃഷി നശിപ്പിച്ചു.
മൂന്നും നാലും ലൈൻ വലിച്ചാലും ആനകൾക്ക് പ്രശ്നമല്ല. വനാതിർത്തിയിൽ ട്രഞ്ച് കുഴിക്കൽ മാത്രമാണ് കാട്ടുമൃഗശല്യം പരിഹരിക്കാനുള്ള ഏക മാർഗ്ഗമെന്ന അഭിപ്രായമാണ് കർഷകർക്കുള്ളത്. സോളാർ വേലി പോലെയുള്ള താൽക്കാലിക സംവിധാനമൊന്നും ആനയെ തുരത്താൻ പര്യാപ്തമല്ലെന്ന് പതിറ്റാണ്ടുകളായുള്ള അനുഭവങ്ങളിലൂടെ കർഷകർ പറയുന്നു.
കോവിഡിന്റെ പശ്ചാതലത്തിൽ എല്ലാവരും പച്ചക്കറികളും മറ്റു അവശ്യവസ്തുക്കളും ഉല്പാദിപ്പിക്കണമെന്ന് ഇടക്കിടെ മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും വിള സംരക്ഷണമോ ഉല്പന്നം വിറ്റഴിക്കുന്നതിനുള്ള നടപടികളോ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
കർഷകരിൽ നിന്നും നക്കാപിച്ച വിലക്ക് വാങ്ങുന്ന കാർഷികോൽപന്നങ്ങൾ പിന്നീട് നാലിരട്ടി വിലക്ക് കച്ചവടക്കാർ ഉപഭോക്താവിന് വിറ്റ് ലാഭം കൊയ്യുന്ന സ്ഥിതി തന്നെയാണ് ഇപ്പോഴും.