സ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടും നടപടി റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയുടെ മേശപ്പുറത്തുവച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് റിപ്പോർട്ടിലെ സാരാംശം മുഖ്യമന്ത്രി വായിച്ചത്. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. പൊതുജനതാത്പര്യം കണക്കിലെടുത്താണ് റിപ്പോർട്ട് ഇത്രവേഗം സഭയിൽവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിച്ചുവെന്നും ഉമ്മൻ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണ് സോളർ കമ്മിഷന്റെ കണ്ടെത്തലെന്നും പിണറായി സഭയിൽ പറഞ്ഞു. ഉപഭോക്താക്കളെ വഞ്ചിക്കാൻ സരിതയ്ക്ക് ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ സ്റ്റാഫും ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സോളാർ കേസ് അന്വേഷിച്ച അന്വേഷണ സംഘത്തിനെതിരെയും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഉമ്മൻചാണ്ടിയേയും കൂട്ടരേയും സംരക്ഷിക്കാൻ അന്വേഷണ സംഘം ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സരിത എസ് നായർ നൽകിയ കത്തിലെ പേരുകളെല്ലാം കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ലൈംഗിക സംതൃപ്തിക്കായി സരിതയെ ഉപയോഗിച്ചത് അഴിമതിയായി കാണണമെന്ന് കമ്മീഷൻ റിപ്പോർട്ടിലുണ്ട്. അതിനാൽ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് അന്വേഷിക്കാമെന്ന് ശിപാർശയുണ്ട്. സരിതയുടെ ലൈംഗിക ആരോപണത്തിൽ കഴന്പുണ്ടെന്ന് കമ്മീഷൻ പറയുന്നു. ടീം സോളാർ കന്പനി ഉദ്ഘാടനം ചെയ്തവരെല്ലാം തട്ടിപ്പിന് കൂട്ടുനിന്നതായി പറയുന്നു.
ആര്യാടൻ മുഹമ്മദ് ടീം സോളാറിനെ പരമാവധി സഹായിച്ചുവെന്നും തന്പാനൂർ രവി ബെന്നി ബെഹന്നാൻ,ജോസ് കെ മാണി,കെസി വേണുഗോപാൽ,മുൻ കേന്ദ്രമന്ത്രി പളനി മാണിക്യം,ടെന്നി ജോപ്പൻ,ജിക്കുമോൻ, സലീംരാജ്, എ.പി അബ്ദുള്ളകുട്ടി, എ.പി അനിൽകുമാർ, ഹൈബി ഈഡൻ തുടങ്ങിയവരുടെ പേരുകളെല്ലാം റിപ്പോർ്ട്ടിലുണ്ട്. മുൻ അന്വേഷണ സംഘ തലവൻ എ ഹേമചന്ദ്രൻ,എഡിജിപി പത്മകുമാർ തുടങ്ങിയവർക്കെതിരെയും പരാമർശമുണ്ട്. ഹേമചന്ദ്രൻ അന്വേഷണത്തിൽ വീഴ്ച വരുത്തിയതായും പത്മകുമാർ ലൈംഗികമായി ഉപയോഗിച്ചുവെന്ന സരിതയുടെ പരാതിയും റിപ്പോർട്ടിലുണ്ട്.
മുസ്ലിം ലീഗ് പ്രതിനിധി കെ.എൻ.എ. ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു സഭയിലെ ആദ്യ ചടങ്ങ്. തുടർന്ന് മുഖ്യമന്ത്രിയെ റിപ്പോർട്ട് സഭയിൽ വയ്ക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ബഹളം തുടങ്ങി.
നിങ്ങൾ കൂടി ആവശ്യപ്പെട്ടിട്ടല്ലേ സഭ ചേർന്നതെന്ന് സ്പീക്കർ ചോദിച്ചു. റിപ്പോർട്ടിന്റെ മലയാളം പരിഭാഷ എല്ലാ നിയമസഭാംഗങ്ങൾക്കും നൽകി.അതേസമയം, കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായി അന്വേഷണം നടത്താൻ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിൽ പോലീസ് സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയതും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.
മാനഭംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുക്കുമെന്ന നിലപാടിൽ നിന്നു സർക്കാർ പിന്നോട്ടെന്ന് സൂചനയുണ്ടെങ്കിലും പൊതു അന്വേഷണം നടത്താനാണ് നീക്കം. പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി തെളിവു ലഭിക്കുന്നവർക്കെതിരെ മാത്രം കേസെടുത്ത് അന്വേഷിച്ചാൽ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
ചട്ടം 300 അനുസരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ടിലെ സാരാംശം വായിച്ചത്. യുഡിഎഫിന്റെ പടയൊരുക്കം ജാഥ ഒരു ദിവസത്തേക്കു നിർത്തിവച്ചാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ സഭാസമ്മേളനത്തിനെത്തിയത്.