എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് നാളെ നിയമസഭയിൽ സമർപ്പിക്കും. രാവിലെ 9ന് ആരംഭിക്കുന്ന സഭാ സമ്മേളനം 15 മിനുട്ടുകൊണ്ട് നടപടി ക്രമങ്ങൾ പുർത്തിയാക്കി പിരിയും. സമ്മേളനത്തിന്റെ തത്സമയ സംപ്രേക്ഷണത്തിന്റെ ദൃശ്യമാദ്ധ്യമങ്ങൾക്ക് അനുമതിയുണ്ട്. വേങ്ങര എം.എൽ.എ കെ.എൻ.എ ഖാദറിന്റെ സത്യപ്രതിജ്ഞാ ചടങ്ങാണ് ആദ്യം. തുടർന്നാണ് സോളാർ റിപ്പോർട്ട് സമർപ്പണം.
മുഖ്യമന്ത്രി പിണറായി വിജയനാണ് ജസ്റ്റിസ് ശിവരാജൻ സമർപ്പിച്ച സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നത്. സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മുഖ്യമന്ത്രി നേരത്തെ പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ടിരുന്നു.
പുറത്തുവന്നതിനേക്കാൾ ഗുരുതരമായ ആരോപണങ്ങളും കണ്ടത്തലുകളും കമ്മീഷന്റെ റിപ്പോർട്ടിലുണ്ടെന്നാണ് അണിയറ സംസാരം. പ്രതിപക്ഷത്തിന്റെ നടുവൊടിക്കുന്ന വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്ന സൂചനയെത്തുടർന്ന് ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന ചർച്ചകൾ കോണ്‍ഗ്രസ് നേതാക്കളും മുതിർന്ന യു.ഡി.എഫ് നേതാക്കൾ ഇതിനകം നടത്തിക്കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ഭാവിയാണ് ഈ റിപ്പോർട്ടിലൂടെ ഏവരും ഉറ്റു നോക്കുന്നത്.
സരിത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ഇപ്പോൾ തന്നെ ഉമ്മൻചാണ്ടിയുടെ തലയ്ക്കു മുകളിൽ വാളായി നിൽക്കുകയാണ്. ഉമ്മൻചാണ്ടിയ്ക്ക് പുറമെ കോണ്‍ഗ്രസിലെ മുതിർന്നതും യുവരക്തങ്ങളും അടക്കമുള്ള നേതാക്കളും ആരോപണ മുനിയിലാണ്. കമ്മീഷൻ റിപ്പോർട്ടിലെ കണ്ടത്തലുകൾ യുഡി.എഫിനേയും കോണ്‍ഗ്രസിനേയും എങ്ങനെയൊക്കെ ബാധിക്കുമെന്ന് നാളെയറിയാം.
കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്പോൾ ഇതിനെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന്റെ കൈയ്യിലും ശക്തമായ ആയുധമുണ്ട്. ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തേയും ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെക്കുറിച്ചുള്ള കളക്ടറുടെ റിപ്പോർട്ടും പ്രതിപക്ഷത്തിന്റേയും തുറുപ്പു ചീട്ടാണ്. ഇതു ഉയർത്തിക്കാട്ടി തോമസ് ചാണ്ടിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടും. രാജി ആവശ്യത്തിൽ പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നതോടെ സഭ പ്രക്ഷുബദ്മാകുമെന്ന് ഉറപ്പാണ്. സോളാർ കമ്മീഷൻ റിപ്പോർട്ട് ഉയർത്തിക്കാട്ടി ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ രാജി ഭരണപക്ഷവും ആവശ്യപ്പെടും. ഇരുകൂട്ടരും ശക്തമായ
പ്രതിഷേധം ഉയർത്തിയാൽ നാളത്തെ പ്രത്യേക സഭാസമ്മേളനം നാടകീയ രംഗങ്ങൾക്കാവും സാക്ഷ്യം വഹിക്കുക.
ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിനെ ദേശീയ തലത്തിലും പ്രതിരോധത്തിലാക്കാൻ പോകുന്ന രാഷട്രീയ ബോംബാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിലുള്ളതെന്ന വാർത്തകൾ ദേശീയ നേതൃത്വത്തേയും ആശങ്കപ്പെടുത്തുന്നുണ്ട്.