വടക്കഞ്ചേരി: റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും കോയന്പത്തൂരിലുള്ള തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെയും കൂട്ടായ സംരംഭത്തിൽ എളന്പാടം മാതൃകാ റബർ ഉത്പാദക സംഘത്തിൽ നടന്നുവരുന്ന സോളാർ വഴിയുള്ള റബർഷീറ്റ് ഉണക്കൽ ഗവേഷണം വിജയകരം.ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഇത്രയും വിപുലമായ രീതിയിലുള്ള ഗവേഷണപദ്ധതി നടക്കുന്നത്.
മ്യാൻമർ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ഇതിനുമുന്പ് ഇത്തരം ഷീറ്റ് ഉണക്കൽ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുള്ളത്.ഇലക്ട്രിക് വെൽഡഡ് പൈപ്പ് പാനലുകൾ വഴി നേരിട്ട് സൂര്യപ്രകാരം നല്കാതെ ചൂട് രൂപപ്പെടുത്തിയാണ് ലോകോത്തര ഗുണമേന്മയുള്ള ഷീറ്റ് ഉണ്ടാകുന്നതെന്ന് റബർ ഉത്പാദകസംഘം പ്രസിഡന്റ് പി.വി.ബാബു പറഞ്ഞു. പകൽ സമയം സോളാർ വഴിയും രാത്രികാലങ്ങളിൽ ബയോ ഗ്യാസും വിറക് ഗ്യാസാക്കി കത്തിച്ചുമായിരുന്നു പരീക്ഷണം നടന്നത്.
സാധാരണ റബർ പുകപ്പുരയിൽ ചൂടും പുകയും നിറഞ്ഞു നില്ക്കുന്പോൾ ഇതിൽ പുകയുണ്ടാകില്ല. ഇതിനാൽ വെട്ടിത്തിളങ്ങുന്ന ഗോൾഡൻ കളർ ഷീറ്റുകളും ഉത്പാദിപ്പിക്കാനാകും. ഇത്തരം ഷീറ്റുകൾക്ക് വിപണിയിൽ വില കൂടുതലുണ്ട്.ഇതിനോടു സമാനമായ പല ഗവേഷണങ്ങളും മറ്റു രാജ്യങ്ങളിലും നടക്കുന്നുണ്ട്. ഇതെല്ലാം ക്രോഡീകരിച്ച് ലാഭകരവും ഗുണമേ·യുമുള്ള ഷീറ്റുണ്ടാക്കുന്ന സംവിധാനംകൊണ്ടു വരികയാണ് ഗവേഷണത്തിന്റെ ലക്ഷ്യം.
സോളാർവഴി വലിയ തോതിൽ ഷീറ്റ് ഉണക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ലക്ഷ്യം വയ്ക്കുന്നത്. ഇഞ്ചക്്ഷൻ സിറിഞ്ചിനുള്ള വാഷ് നിർമാണം, ഹൈക്വാളിറ്റിയിൽ കോട്ടണ് ശുചീകരണത്തിനുള്ള ബെൽറ്റ് നിർമാണത്തിനും ഇത്തരം ഷീറ്റുകളാണ് ഉപയോഗിക്കുന്നത്.ഒട്ടും കാർബണോ പൊടിയോ ഇല്ലാതെ അതിസൂക്ഷ്മതയോടെയാണ് ഷീറ്റ് നിർമിക്കുന്നത്. ഇതിനു പാൽസംഭരണം മുതൽക്കുള്ള ശ്രദ്ധയും കരുതലും വേണം.
അതേസമയം, റബർബോർഡ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലായതോടെ പരീക്ഷണ ഗവേഷണ പരിപാടികളെല്ലാം മന്ദഗതിലായി. ഇതിനു പിന്നാലെ നാലുവർഷത്തോളമായി റീപ്ലാന്റിംഗിനുള്ള സബ്സിഡിയും ബോർഡ് നല്കുന്നില്ല. വർഷത്തിൽ കേന്ദ്രസർക്കാർ അനുവദിക്കുന്ന തുച്്ഛമായ തുക ജീവനക്കാരുടെ ശന്പളത്തിനുപോലും തികയുന്നില്ലെന്നാണ് പറയുന്നത്.
ജീവനക്കാർ റിട്ടയർ ചെയ്യുന്ന പോസ്റ്റിലേക്ക് പുതിയ നിയമനങ്ങളും നടത്തുന്നില്ല. സംസ്ഥാന സർക്കാരും റബർകർഷകരെ അവഗണിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. എല്ലാ ക്ഷേമ പെൻഷനുകളും ആനുകൂല്യങ്ങളും കുടിശിക സഹിതം വിതരണം ചെയ്യുന്പോൾ റബർ കർഷകർക്കായി കൊണ്ടുവന്ന വിലസ്ഥിരതാപദ്ധതി താളംതെറ്റിയ സ്ഥിതിയിലാണിപ്പോൾ.
കഴിഞ്ഞ മേയ് മാസംമുതൽക്കുള്ള പ്രോത്സാഹന തുക ഇനിയും റബർ കർഷകർക്ക് നല്കിയിട്ടില്ല. റബർവില എത്രകണ്ട് താഴേയ്ക്ക് പോയാലും ഒരുകിലോ റബറിന് 150 രൂപ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് വിലസ്ഥിരതാപദ്ധതി.ഓരോ റബർ ഉത്പാദകസംഘങ്ങളിലും നൂറുകണക്കിനു കർഷകർ ഇത്തരത്തിലുള്ള ആനുകൂല്യം കിട്ടാതെ ദുരിതമനുഭവിക്കുന്നവരാണ്.എളവന്പാടം പോലെയുള്ള മാതൃകാ റബർ ഉത്പാദക സംഘങ്ങളിൽ 700-ൽപരം കർഷകർ ബില്ലുകൾ അപ്പ് ലോഡ് ചെയ്ത് ഇൻസന്റീവ് തുകയ്ക്കായി കാത്തിരിക്കുന്നുണ്ട്.