ഇരിങ്ങാലക്കുട: പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രമായി മാറുകയാണു ഇരിങ്ങാലക്കുട കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുള്ള കണ്ഠേശ്വരം ക്ഷേത്രം. ജില്ലയിലെതന്നെ ഇത്തരത്തിലുള്ള ആദ്യ ക്ഷേത്രം എന്ന ഖ്യാതി ഇനി ഇരിങ്ങാലക്കുട ശ്രീ കണ്ഠേശ്വരം ക്ഷേത്രത്തിനു സ്വന്തം.
അനെർട്ടിന്റെ സഹായത്തോടെ ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ ചെലവിൽ സ്ഥാപിച്ച സോളാർ ലൈറ്റ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അഞ്ചു കിലോവാട്ട് വൈദ്യുതി ഉത്്്പാദിപ്പിക്കാൻ ശേഷിയുള്ള 20 സോളാർ പാനലുകളാണു ക്ഷേത്രത്തിനു വടക്കുഭാഗത്തായി പ്രവർത്തിക്കുന്ന ഓഫീസ് കെട്ടിടത്തിന് മുകൾഭാഗത്തായി സ്ഥാപിച്ചിട്ടുള്ളത്.
ഇതോടെ പ്രതിമാസം 10,000 രൂപയോളം വൈദ്യുതി ചാർജ് ഇനത്തിൽ കമ്മിറ്റിയ്ക്ക് മിച്ചം വെക്കാനാകും. ഉൗർജ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ വരും തലമുറയ്ക്കായി ഉൗർജം കരുതി വെക്കുന്നതിനും കൂടിയാണു ഇത്തരമൊരു സംരഭം ആരംഭിച്ചതെന്നു ഭാരവാഹികൾ പറഞ്ഞു.