തിരുവനന്തപുരം: യുഡിഎഫിനെ പിടിച്ചുകുലുക്കിയ സോളാർ തട്ടിപ്പു കേസിൽ കോടതിയെ സമീപിക്കാനൊരുങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ. റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് നേതാക്കൾ ആലോചിക്കുന്നത്. റിപ്പോർട്ടിലെ വിവരങ്ങൾ പൂർണമായും മനസിലാക്കിയാൽ മാത്രമേ നിയമപരമായി മുന്നോട്ടുപോകാൻ സാധിക്കു. അതിനാൽ തന്നെയാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ ആരോപണവിധേയരായ നേതാക്കൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഉടൻതന്നെ കെപിസിസി രാഷ്ട്രീയ കാര്യസമിതി ചേരുന്നുണ്ട്. നേതാക്കൾക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ആലോചനകൾക്കായാണ് രാഷ്ട്രീയ കാര്യസമിതി ചേരുന്നത്. കേസിൽ നടപടി വേഗത്തിലാക്കാൻ സർക്കാരും ഒരുങ്ങുകയാണ്. അന്വേഷണ സംഘം വിപുലീകരിച്ച് ഉടൻതന്നെ ഉത്തരവ് ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര നേതാക്കളെ കാണും. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയേയും ചെന്നിത്തല കാണും. ഗുജറാത്തിൽനിന്നും ഡൽഹിയിൽ ഇന്ന് മടങ്ങിയെത്തുന്ന രാഹുലിനെ കാണാനുള്ള സമയം തേടിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടി നേരിട്ടു പണം കൈപ്പറ്റിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയെ ക്രിമിനൽ കേസിൽ നിന്നു രക്ഷിക്കാൻ ശ്രമിച്ചെന്നും കമ്മീഷൻ റിപ്പോർട്ട് ചെയ്തതിനാലാണ് അവർ അടക്കം യുഡിഎഫ് നേതാക്കൾക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്.
കമ്മീഷന്റെ പത്തു കണ്ടെത്തലുകളും അവയുടെ അടിസ്ഥാനത്തിലുള്ള നിയമോപദേശങ്ങളും കൈക്കൊണ്ട നടപടികളും ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചു. നടപടി റിപ്പോർട്ട് സഹിതം ആറു മാസത്തിനകം റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ജയിൽ വകുപ്പുകളിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചു പഠിക്കാൻ വിരമിച്ച ജഡ്ജി ജസ്റ്റീസ് സി.എൻ രാമചന്ദ്രൻനായരെയും നിയമിച്ചു.