കണ്ണൂർ: സോളാർ കമ്മീഷന്റെ റിപ്പോർട്ട് ലഭിക്കുന്നതിന് നിയമനടപടി സ്വീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രിയും നിയമമന്ത്രിയും നൽകാൻ തയാറായില്ല. അതുകൊണ്ടാണ് നിയമപരമായ നടപടി സ്വീകരിക്കുന്നത്. കേസ് നിയമപരമായി നേരിടും. രാഷ്ട്രീയമായി നേരിടുന്നത് സംബന്ധിച്ച് മുന്നണിയും പാർട്ടിയും തീരുമാനിക്കും.
കമ്മീഷൻ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെല്ലാം കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളതെന്നും ആരെല്ലാമാണ് മൊഴി നൽകിയതെന്നും വസ്തുതാപരമായി വിലയിരുത്താനാവൂ. ആരുടെ തെളിവാണ് സ്വീകരിച്ചിട്ടുള്ളതെന്നും കാണാൻ സാധിക്കും. ഒരു തെറ്റും ചെയ്യാത്ത സാഹചര്യത്തിൽ നിരപരാധിയാണെന്ന് തെളിയിക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസം തനിക്കുണ്ട്. ഏത് അന്വേഷണമായാലും ഭയപ്പെടുന്നില്ല.
ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് പറയുന്നവർ റിപ്പോർട്ട് കാണാത്ത ഞങ്ങളുടെ അവകാശം ആരു സംരക്ഷിക്കുമെന്നും ഉമ്മൻചാണ്ടി ചോദിച്ചു. സോളാർ കമ്മീഷന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയും മന്ത്രിസഭയും മാത്രമാണ് കണ്ടിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
എന്നാൽ എട്ടിന് വേങ്ങരയിൽ നടന്ന പൊതുയോഗത്തിൽ സിപിഎം നേതാവ് ടി.കെ. ഹംസ ഈ റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കുകയും കുറ്റവാളികൾക്കെതിരേ നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഈ പരാമർശത്തെ കുറിച്ച് മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.സി.ജോസഫ് എംഎൽഎ തുടങ്ങിയവർ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.