കുളത്തൂപ്പുഴ: ജനവാസ മേഖലകളിലേക്ക് കാട്ടുമൃഗങ്ങള്‍ കടന്നുവരാതിരിക്കാനായി വനം വകുപ്പ് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സൗരോര്‍ജ്ജ വേലികള്‍ വൈദ്യുതിയും അറ്റകുറ്റ പണികളും സംരക്ഷണവുമില്ലാതെ നശിക്കുന്നു.മഴക്കാലമെത്തിയതോടെ കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കും കൃഷിയിടങ്ങളിലേക്കും വൈദ്യുതി വേലി മറി കടന്നെത്തുന്നത് പതിവാകുന്നു.
കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും മാസങ്ങള്‍ക്ക് മുമ്പ് ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നിന്നും കാടിറങ്ങിയ കാട്ടാനക്കൂട്ടങ്ങള്‍ പുഴകടന്ന് കുളത്തൂപ്പുഴ ടൗണിനു സമീപം വരെയെത്തുകയും വ്യാപകമായി കൃഷിനാശം വരുത്തുകയും ചെയ്യുന്നത് പതിവായതോടെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിനിടെ മരുതിമൂട് സ്വദേശിയായ മധ്യവയസ്കനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയും പകല്‍ സമയത്ത് പോലും ആദിവാസി കോളനിയിലേക്കടക്കമുള്ള വനപാതകളില്‍ കാട്ടാനയെ ഭയന്ന് വഴിനടക്കാനാവാത്ത അവസ്ഥ സംജാതമാവുകയും ചെയ്തതോടെയാണ് കിഴക്കന്‍ മലയോര മേഖലയിലെ ജനവാസ പ്രദേശങ്ങള്‍ക്ക് ചുറ്റും ലക്ഷങ്ങള്‍ മുടക്കി സൗരോര്‍ജ്ജ വേലി നിര്‍മ്മിച്ചത്.
കാട്ടാനയേയും കാട്ടുപോത്തിനേയും ജനവാസ മേഖലയിൽ നിന്നും തുരത്താനായാണ് വനം വകുപ്പ് പദ്ധതി നടപ്പിലാക്കിയത്. സോളാർ പാനലിൽ നിന്നും കമ്പിവേലികളിലൂടെ വൈദ്യുതി കടത്തി വിട്ട് കാട്ടു മൃഗങ്ങളെ അകറ്റുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ പെരുവഴിക്കാല, കുളമ്പി, രണ്ടാംമൈല്‍, വില്ലുമല, വട്ടക്കരിക്കം തുടങ്ങിയ ആദിവാസി കോളനികള്‍ക്കും അമ്പതേക്കര്‍, ഡീസെന്റുമുക്ക്, മരുതിമൂട്, കെ. എല്‍. ഡി. ബോര്‍ഡ്, കല്ലുവെട്ടാംകുഴി, മൈലമൂട്, മാത്രക്കരിക്കം തുടങ്ങിയ ജനവാസ മേഖലകള്‍ക്കും ചുറ്റുമായി കിലോമീറ്ററുകളോളം ദൂരത്താണ് സൗരോർജ്ജ വേലികെട്ടിസംരക്ഷണമൊരുക്കിയത്.
എന്നാല്‍ കമ്പി വേലിയിലേക്ക് വൈദ്യുതി എത്തിക്കുന്ന സൗരോര്‍ജപാനലിന്റെയും വൈദ്യുതി ശേഖരിച്ചു വയ്ക്കുന്ന ബാറ്ററി സംവിധാനത്തിന്റെയും ഗുണനിലവാരമില്ലായ്മ നിമിത്തം നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വൈദ്യുതി എത്താതെ സൗരോര്‍ജ്ജ വേലി നോക്കുകുത്തിയായി മാറി. വേനല്‍കാലത്ത് വനം വകുപ്പ് താല്കാലികമായി നിയോഗിച്ചിട്ടുള്ള ഫയര്വാച്ചര്മാര്ക്കാണ് ഇവയുടെ സംരക്ഷണ ചുമതല.
കാട്ടു മൃഗങ്ങള്‍ വേലി മറികടന്ന് ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നെത്തുകയും ചെയ്തതോടെയാണ് സൗരോര്‍ജ്ജ വേലിയില്‍ വൈദ്യുതി എത്തുന്നില്ലെന്ന വിവരം പ്രദേശവാസികൾ അറിഞ്ഞത്. ശേഷം ചില സ്ഥലങ്ങളില്‍ ബാറ്ററി മാറ്റി സ്ഥാപിച്ചുവെങ്കിലും ഫലപ്രദമായില്ല.
ഇതിനിടെ കല്ലുവെട്ടാംകുഴി തേക്ക് പ്ലാൻേറഷനു ചുറ്റിനുമായ് സ്ഥാപിച്ച സോളാർ വേലികളുടെ കാലുകൾ വൈദ്യുതി എത്താതിരുന്നതിനെ തുടര്‍ന്ന് ആരോ തല്ലി തകർത്ത് കടത്തികൊണ്ട് പോയ സ്ഥിതിയിലാണ്. സൗരോര്‍ജ വേലിക്ക് കരാറുണ്ടാക്കിയപ്പോള്‍ ഇവയുടെ സംരക്ഷണം സംബന്ധിച്ച് ദീര്‍ഘവീക്ഷണമില്ലാതെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതാണ് തുടര്‍ സംരക്ഷണത്തിനു മാര്ഗ്ഗമില്ലാതെയായതിനു കാരണമെന്നു നാട്ടുകാര്‍ പറയുന്നു.