റെനീഷ് മാത്യു
കണ്ണൂർ: സോളാർ പീഡനക്കേസുകൾ സിബിഐക്ക് കൈമാറാനുള്ള സർക്കാർ തീരുമാനത്തിൽ തിരക്കഥയൊരുക്കിയത് സിപിഎം കണ്ണൂർ ലോബി.?
തദ്ദേശതെരഞ്ഞെടുപ്പിന് മുന്പായി സോളാർ പീഡനക്കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഎമ്മിലെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും സിപിഎമ്മിലെ ചില നേതാക്കളും ഘടകകക്ഷികളും ഇതിനെ എതിർത്തിരുന്നു.
സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സമയമാണെന്നും അതിനാൽ, സോളാർപീഡനക്കേസ് സിബിഐക്ക് കൈമാറിയാൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കരുതുമെന്നുമായിരുന്നു ഇവരുടെ വാദം.
എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിനു ശേഷം ഘടകകക്ഷികളോട് പോലും ആലോചിക്കാതെ സോളാർപീഡനക്കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. മന്ത്രിമാരുൾപ്പെടെയുള്ള കണ്ണൂരിലെ ചില നേതാക്കൾ നടത്തിയ നീക്കമാണ് പരാതി ഉൾപ്പെടെ തയാറാക്കിയതിന് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ മന്ത്രിസഭായോഗത്തിൽപോലും സോളാർപീഡനക്കേസ് സിബിഐക്ക് വിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നില്ല.
ബവ്റിജസ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിലെയും ആറോളം വാറൻഡ് കേസിലെയും പ്രതിയായ വനിത മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലെത്തി പരാതി കൈമാറിയത് വിവാദമായിരുന്നു.
എന്നാൽ, രജിസ്ട്രേഡ് കത്ത് വഴിയാണ് പരാതി എത്തിയതെന്നാണ് സർക്കാർ നല്കിയ വിശദീകരണം. സോളാർപീഡനക്കേസുകൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്പ് കേസ് സിബിഐക്ക് കൈമാറുമെന്ന് ജനുവരി 21ന് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.