തിരുവനന്തപുരം: തലസ്ഥാന നഗരിയെ പൂര്‍ണമായും സ്തംഭിപ്പിച്ച ഇടതുമുന്നണിയുടെ സോളാർ സമരം പെട്ടെന്ന് അവസാനിച്ചത് സിപിഎമ്മിന്റെ അറിവോടുകൂടിയുള്ള ഒത്തുതീർപ്പ് കാരണമാണെന്ന് വെളിപ്പെടുത്തി മുതിർന്ന മാധ്യമ പ്രവർത്തകനായ ജോൺ മുണ്ടക്കയം.
2013ല്‍ നടന്ന കേസിലെ ആരോപണം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ സമരം സമരമുഖത്തുള്ള പല നേതാക്കളും അറിയാതെ പെട്ടെന്ന് അവസാനിക്കുകയായിരുന്നു. ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കേണ്ടേ എന്ന് ചോദിച്ച് തന്നെ വിളിച്ചിരുന്നുവെന്ന് ജോൺ മുണ്ടക്കയം പറയുന്നു.
സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ജോണ്‍ മുണ്ടക്കയത്തിന്റെ “സോളാര്‍ ഇരുണ്ടപ്പോള്‍’എന്ന ലേഖനത്തിലെ “രണ്ട് പത്രക്കാര് അവസാനിപ്പിച്ച സോളാര്‍ സമരം’ എന്ന മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തൽ.
“സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോണ്‍ കോള്‍ വന്നു. സുഹൃത്തും പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയുമായ ജോണ്‍ ബ്രിട്ടാസിന്റേതായിരുന്നു ഫോണ്‍ കോള്‍. “സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?’-ബ്രിട്ടാസ് ചോദിച്ചു.
എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ എന്നു ഞാനും തിരിച്ചു ചോദിച്ചു. മുകളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോള്‍ എന്നു മനസിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. “ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ’ എന്നു ഞാന്‍ ചൂണ്ടിക്കാട്ടി.
“അതെ… അതു പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി’ എന്നു ബ്രിട്ടാസ്. നിര്‍ദ്ദേശം ആരുടേതാണെന്നു ഞാന്‍ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പു വരുത്തി. ശരി സംസാരിച്ചു നോക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു. നേരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ചു ബ്രിട്ടാസ് പറഞ്ഞത് അദ്ദേഹത്തെ അറിയിച്ചു. പാര്‍ട്ടി തീരുമാനം ആണോ എന്ന് അദ്ദേഹം ചോദിച്ചു. ആണെന്നാണ് മനസിലാകുന്നത് എന്നു ഞാനും പറഞ്ഞു.
എങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു.
കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും തുടര്‍ന്നു കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു. തുടര്‍ന്ന്, ഇടതു പ്രതിനിധിയായി എന്‍.കെ. പ്രേമചന്ദ്രന് യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചു. അപ്പോഴും ബേക്കറി ജംഗ്ഷനില്‍ സമരക്കാര്‍ക്കൊപ്പം നിന്ന ഡോ. തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ കഥ അറിഞ്ഞിരുന്നില്ല.
സമരം ഒത്തുതീര്‍പ്പായത് തോമസ് ഐസക് അറിഞ്ഞത് ഒരു ചാനലില്‍നിന്നു വിളിച്ചറിയിച്ചപ്പോള്‍ മാത്രം”- ലേഖനത്തിൽ ജോൺ മുണ്ടക്കയം എഴുതുന്നു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ചാണ് സമരം അവസാനിപ്പിച്ചതെന്ന പ്രചരണം ശക്തമായെന്നും ജോണ്‍ മുണ്ടക്കയം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. സോളാര്‍ വിഷയം ചൂടുപിടിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് പ്രതിപക്ഷം സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു അന്ന് ഉയര്‍ന്ന് വന്നത്.
ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തിൽ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു. സമരം ഒത്തുതീർക്കാൻ ഒരു നിർദ്ദേശം വന്നു. അതിനോട് സർക്കാർ പോസിറ്റീവായി തന്നെ പ്രതികരിച്ചുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
സമരം നടക്കുന്പോൾ തിരുവഞ്ചൂർ ആയിരുന്നു ആഭ്യന്തരമന്ത്രി. അതേസമയം സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെ പറ്റി അറിയില്ലെന്നാണ് തോമസ് ഐസക് പ്രതികരിച്ചത്. കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.