വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയായ പനംകുറ്റി പ്രദേശത്തെ കാട്ടാനശല്യം തടയാൻ സോളാർവേലി നിർമാണം ഉടനേ ആരംഭിക്കും. മുൻമന്ത്രിയും സിപിഐ നേതാവുമായ കെ.ഇ.ഇസ്മയിലിന്റെ നേതൃത്വത്തിൽ മലയോര കർഷക പ്രതിനിധികൾ കണ്‍വീനർ ചെറുനിലം ജോണി ഉൾപ്പെടുന്ന സംഘം വനംമന്ത്രി രാജുവിനെ തിരുവനന്തപുരത്ത് കണ്ടു ചർച്ച നടത്തിയതിനെ തുടർന്നാണ് വനാതിർത്തിയിൽ നാലുകിലോമീറ്റർ ദൂരത്തിൽ വേലി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
പേപ്പർ വർക്കുകൾക്കുശേഷം വൈകാതെ തന്നെ നിർമാണപ്രവൃത്തികൾ ആരംഭിക്കും. പോത്തുചാടിമുതൽ പനംകുറ്റി, ഒളകരവരെ വരുന്ന ഭാഗത്താണ് ഫെൻസിംഗ് സ്ഥാപിക്കുക. കഴിഞ്ഞ എട്ടുമാസത്തോളമായി മേഖലയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്ന സ്ഥിതി തുടരുകയാണ്.
നിരവധി കർഷകരുടെ വിളകളെല്ലാം നശിപ്പിച്ചിട്ടും ആരും തിരിഞ്ഞുനോക്കാതെ കർഷകർ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് കെ.ഇ.ഇസ്മയിൽ കർഷകരുടെ ദുരിതം അറിഞ്ഞ് സ്ഥലം സന്ദർശിക്കുകയും അടിയന്തിരമായി മന്ത്രിയെ കാണുന്നതിനുമുള്ള നടപടിയെടുത്തത്.