ന്യൂഡൽഹി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ത്യൻ സൈന്യം അപ്പീൽ നൽകാനൊരുങ്ങുന്നു. അപ്പീൽ നൽകാനുള്ള തീരുമാനം രണ്ടു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഹിന്ദുസ്ഥാൻ ടൈംസിനോടു സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ചു സൈനിക നേതൃത്വം പ്രതിരോധ മന്ത്രാലയവുമായി ചർച്ച നടത്തി. അധികം വൈകാതെ അപ്പീൽ നൽകാനുള്ള നടപടികൾ സ്വീകരിച്ചേക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു.
സഹപ്രവർത്തകരുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതു സൈന്യത്തിൽ രണ്ടാമത്തെ വലിയ കുറ്റകൃത്യമാണ്. വധശിക്ഷ വരെ ലഭിച്ചേക്കാം. മൂന്നു വിഭാഗം സേനയിലും ഈ നിയമം നിലവിലുണ്ട്. വിവാഹേതര ലൈംഗിക ബന്ധം കുറ്റമാണെന്ന വകുപ്പു റദ്ദാക്കിയതിലൂടെ സൈന്യത്തിന്റെ ചട്ടത്തിനു നിലനിൽപ്പ് നഷ്ടപ്പെട്ടു. ഇതു സൈനികർക്കിടയിൽ ആശങ്കയും മാനസിക സമ്മർദ്ദവും സൃഷ്ടിക്കുന്നെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പും ക്രിമിനൽ നടപടി ചട്ടത്തിലെ 198 (രണ്ട്) വകുപ്പും സുപ്രീം കോടതി റദ്ദാക്കിയത്. സ്ത്രീകളെ അന്തസില്ലാതെ കണക്കാക്കുന്നതാണ് 158 വർഷം പഴക്കമുള്ള നിയമമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി. വിവാഹിതയായ സ്ത്രീയെ വിലയ്ക്കെടുത്ത വസ്തുവായി കണക്കാക്കാനാവില്ലെന്നും ഭാര്യയുടെ അധിപനല്ല ഭർത്താവെന്നും കോടതി പ്രസ്താവിച്ചു.
ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസോടെ ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സ്ത്രീയുടെ അവകാശത്തെ ഹനിക്കുന്നതാണ് ഈ വകുപ്പെന്നും നിയമം കാലഹരണപ്പെട്ടതാണെന്നും ഭരണഘടനാ ബെഞ്ച് ഐകകണ്ഠ്യേന വ്യക്തമാക്കി.
വിവാഹേതരബന്ധം വിവാഹമോചനത്തിനു കാരണമായേക്കാം. എന്നാൽ, അതു ക്രിമിനൽ കുറ്റമായി കണക്കാക്കാനാവില്ല. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യാ ചെയ്താൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഐപിസി 306 പ്രകാരം കേസെടുക്കാനാകും. സമൂഹത്തിന്റെ താത്പര്യത്തിനനുസരിച്ചു ചിന്തിക്കാനും ജീവിക്കാനും സ്ത്രീയെ നിർബന്ധിക്കാനാകില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
വിവാഹിതയായ സ്ത്രീയുമായി ഭർത്താവിന്റെ അറിവോ സമ്മതമോ കൂടാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെതിരേ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പാണ് ഐപിസി 497. ഈ വകുപ്പു പ്രകാരം പുരുഷനെതിരേ കേസ് രജിസ്റ്റർ ചെയ്യാമെങ്കിലും സ്ത്രീക്കെതിരേ കേസെടുക്കാനാവില്ല. അഞ്ചു വർഷം വരെ ശിക്ഷയും ഈ വകുപ്പിൽ വ്യവസ്ഥ ചെയ്യുന്നു. ഈ വകുപ്പ് ഭരണഘടനയുടെ 15(3) വകുപ്പിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളി ജോസഫ് ഷൈൻ സുപ്രീംകോടതിയെ സമീപിച്ചത്.