രാജ്യത്തിന്റെ സുരക്ഷക്കായി കാവല്നില്ക്കുന്നവരാണ് സൈനികര്‍. ഏതു പ്രതിസന്ധിഘട്ടങ്ങളിലും മനോവീര്യം തളരാതെ രാജ്യത്തിനായി സ്വജീവന്‍ ത്യജിക്കാന്‍ തയാറായവര്‍. ഏറ്റവും ആദരവോടുകൂടി പരിഗണിക്കപ്പെടേണ്ട ഇവര്‍ തീര്‍ത്തും അവഗണിക്കപ്പെടുന്നു എന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മോശം ഭക്ഷണമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ബിഎസ്എഫ് ജവാന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ അടങ്ങുന്നതിന് മുമ്പ് കനത്തമഞ്ഞ് ജീവന് കവരുന്ന കാഷ്മീരിലാണ് രാജ്യം നാണക്കേടുകൊണ്ട് തലകുനിക്കേണ്ടി വന്ന പുതിയ സംഭവം അരങ്ങേറിയത്.
അഞ്ച് ദിവസം മുമ്പ് മരിച്ച അമ്മയുടെ മൃതദേഹവും ചുമന്ന് ഒരു സൈനികന് നടക്കേണ്ടി വന്നത് 50 കിലോമീറ്ററാണ്. അതും മൂന്നടിയോളം മഞ്ഞുമൂടിയ വഴിയിലൂടെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവഗണന മൂലമാണ് സൈനികനായ മുഹമ്മദ് അബ്ബാസിന് തന്റെ അമ്മയുടെ ചേതനയറ്റ ശരീരവുമായി പ്രതികൂല കാലാവസ്ഥയില്‍ ഇത്ര ദൂരം സഞ്ചരിക്കേണ്ടി വന്നത്. 28ാം തിയതിയാണ് അബ്ബാസിന്റെ മാതാവ് സക്കീന ബീഗം മരിച്ചത്. സ്വന്തം ഗ്രാമത്തില്‍ ഖബറടക്കാന്‍ അബ്ബാസും കുടുംബവും തീരുമാനിച്ചു. പ്രാദേശിക ഭരണകൂടം മഞ്ഞുമൂടിയ താഴ്വരയില് നിന്നു പ്രധാന റോഡിലേക്ക് മൃതദേഹം എത്തിക്കാന്‍ ഹെലികോപ്റ്റര്‍ വിട്ടുകൊടുക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാലു ദിവസം വരെ കാത്തിരുന്നിട്ടും അബ്ബാസിനും കുടുംബത്തിനും സഹായം ലഭിച്ചില്ല.
അപ്പോഴേക്കും മൃതദേഹം ജീര്‍ണിച്ചുതുടങ്ങിയിരുന്നു. ഇനിയും വൈകിയാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് മനസിലാക്കിയ അബ്ബാസ് അമ്മയുടെ മൃതദേഹവും ചുമന്ന് പ്രധാന റോഡിലെത്താന്‍ തീരുമാനിച്ചു. മഞ്ഞുമൂടിയ വഴിയൂടെ 50 കിലോമീറ്റര്‍ നടന്നെത്താന്‍ പത്തു മണിക്കൂറിലേറെ എടുത്തു. താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും വലിയ അപമാനമാണിതെന്ന് പറഞ്ഞ അബ്ബാസ്, തന്റെ അമ്മയെ മാന്യമായി ഖബറടക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് പറഞ്ഞു. നാലു ദിവസം സഹായത്തിനായി കാത്തിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു അനുകൂല നടപടിയുണ്ടായില്ലെന്നും ഹൃദയംനൊന്ത് അബ്ബാസ് പറയുന്നു. കുമിയുക