പണ്ട് പട്ടാളക്കാര്‍ എന്നുപറഞ്ഞാല്‍ നാട്ടുകാര്‍ക്ക് ബഡായി പറയുന്ന വെറുമൊരു പരദേശിയാകും. യുദ്ധത്തിന്റെ കഥകളും വീരസാഹസിക കഥകളും പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്തു പറയുന്നവരെന്നു മാത്രമേ നാട്ടുകാരും പട്ടാളക്കാരേപ്പറ്റി പറഞ്ഞിരുന്നത്. സ്വന്തം നാടും വീടും ബന്ധുക്കളെയും കൂട്ടുകാരെയും വിട്ട് അതിര്‍ത്തിയിലെ മഞ്ഞും മഴയും കൊണ്ട് രാജ്യത്തെ കാക്കുന്ന പട്ടാളക്കാര്‍ ഇപ്പോള്‍ പക്ഷേ നമ്മുക്ക് വീരനായകരാണ്.
പ്രളയത്തില്‍ മലയാളികള്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാന്‍ ആദ്യമെത്തിയത് ഇന്ത്യന്‍ സൈന്യമായിരുന്നു. ഇപ്പോഴിതാ നീണ്ട 21 വര്‍ഷത്തെ സേവനത്തിനുശേഷം സൈന്യത്തോട് വിടപറയുന്ന അനുരാജ് ബി.കെ എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
അനുരാജിന്റെ കുറിപ്പ് വായിക്കാം- ഇനി നീണ്ട വിസിലടികളുടെ ഒച്ചകളില്ല.. ലീവ് കഴിഞ്ഞു വരുമ്പോള്‍ കാണുന്ന നിറമിഴികളില്ല.
വീട്ടിലേക്ക് തിരികെ പോകാന്‍ തോന്നുന്ന യാത്രകളിനിയില്ല. അവധി കഴിഞ്ഞ് തിരികെ വരുമ്പോള്‍ തിരികെ പോകുന്നത് വന്നതു പോലെയോ, മൂവര്‍ണ്ണ കൊടിയില്‍ പൊതിഞ്ഞാകുമോ എന്ന ചിന്തകളില്ല.
എവിടെ നിന്നോ എപ്പോഴോ പാറി വരാവുന്ന വെടിയുണ്ടകളുടെ പ്രതീക്ഷകളില്ല.. നാട്ടില്‍ പ്രീയപ്പെട്ടവര്‍ക്കുണ്ടാകുന്ന രോഗങ്ങളിലും, പ്രിയപ്പെട്ടവരുടെ സന്തോഷ നിമിഷങ്ങളിലും അടുത്തുണ്ടാകില്ലല്ലോ എന്ന വേദനകളില്ല.. പരേഡുകളില്ല…
തോക്കുകളെ ഭാര്യമാരാക്കി കെട്ടിപിടിച്ചുള്ള ഉറക്കങ്ങളില്ല..
ഓണവും, ക്രിസ്തുമസും, റംസാനും നാട്ടിലുള്ളവരേക്കാള്‍ ഒരേ മനസ്സോടെ അടിപൊളിയായി ആഘോഷിക്കുന്ന വര്‍ഷങ്ങളിനിയില്ല.
നീണ്ട 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപ്പുതൊട്ടു സത്യം ചെയ്ത് ഏറ്റു വാങ്ങി അഭിമാനത്തോടെ ധരിച്ച ലോകത്തെ മികച്ച സേനകളില്‍ ഒന്നായ ഭാരത സേനയുടെ ഒലിവ് ഗ്രീന്‍ യൂണിഫോം വളരെ വിഷമത്തോടെ ഇന്ന് ഊരി വെയ്ക്കുന്നു..
വിഷമം ഉണ്ടോ എന്ന് ചോദിച്ചാല്‍ എന്നാ പറയുക..
‘പട്ടാളം പരമസുഖം’
പട്ടിണിയാണതിലും ഭേദം ‘
എന്ന് പണ്ടുള്ളവര്‍ പറയുന്നതെ എനിക്കും പറയാനുള്ളൂ.:
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വള്ളികുന്നം എന്ന ഗ്രാമത്തില്‍, ജനിച്ചു വളര്‍ന്ന നാട്ടിലെ കുറച്ച് സഹജീവികളുടെ ഹൃദയത്തില്‍ മാത്രം ജീവിച്ചു മരിക്കേണ്ടിയിരുന്ന എന്നെ ഭാരതമെന്ന മഹാ സംസ്‌കാരത്തിലെ നിറയെ മനസ്സുകളിലേക്കെത്തിച്ചതും, ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങള്‍ കാണുവാനും, അവരുടെ സംസ്‌കാരങ്ങള്‍ പരിചയപ്പെടാനും, സാധിച്ചത്
ഭാരതസേനയുടെ കാരുണ്യത്തിലാണ്.
ഞാന്‍ ഏറെ അഭിമാനിക്കുന്നു..
കൂടെ വന്നവരില്‍ പലരും മൂവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ പെട്ടികളിലും, വീല്‍ ചെയറുകളിലുമായി കണ്‍മുന്‍പിലൂടെ യാത്രയായപ്പോഴും 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്നത് പോലെ തിരികെ പോകാന്‍ സാധിക്കുന്നത് ദൈവത്തിന്റെ കനിവും, അച്ഛനമ്മമാരുടെയും പ്രീയപ്പെട്ടവരുടേയും പ്രാര്‍ത്ഥനകളും, സീനിയറായി പിരിഞ്ഞുപോയവരുടെയും, ഇപ്പോള്‍ ഉള്ളവരുടെയും വിലയേറിയ ഉപദേശങ്ങളാലും, കൂടെ ജോലി ചെയ്ത മുവൈന്തെ കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ സഹായങ്ങളിലും, സഹകരണങ്ങളിലും ആണന്നുള്ളത് ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കട്ടെ,,
ഈ അവസാന നിമിഷങ്ങളില്‍ പ്രിയപ്പെട്ടവരോട്
പ്രത്യേകിച്ചും കേവലം വോട്ടിനും, രാഷ്ട്രിയ നേട്ടത്തിനുമായി സൈനികരെ വൃത്തികെട്ടവരും, ബലാത്സംഗക്കാരുമാക്കുന്നവരും, സൈനികരെ കളിയാക്കുന്ന ട്രോള്‍ നിര്‍മ്മിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളികളായ സഹജീവികളോടൊരു വാക്ക്..
ദയവായി ഞങ്ങളെ വികലപ്പെടുത്തുന്ന ട്രോളുകള്‍ നിര്‍മ്മിക്കും മുന്‍പ് ഒരു നിമിഷം ചിന്തിക്കൂ.
ആരെയാണ് നിങ്ങള്‍ നാണം കെടുത്താന്‍ ഒരുങ്ങുന്നതെന്ന്?
അങ്ങനെ ഒരു ട്രോള്‍ സുരക്ഷിതമായി ഇരുന്നു ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് ഈ ഭാരത മണ്ണില്‍ സുരക്ഷ ഒരുക്കുന്നവരെയാണെന്ന്..
നിങ്ങള്‍ക്കറിയാമോ?
ലോകത്ത് ശമ്പളം വാങ്ങി ചെയ്യുന്ന ജോലികളില്‍ 3 ജോലികള്‍ മാത്രമേ സേവനങ്ങള്‍ എന്ന രീതിയില്‍ കാണുന്നതെന്ന്.
ഒന്ന് നിങ്ങളുടെ ജീവന്‍ കാക്കുന്ന ഡോക്ടറുടെ ജോലിയും,
രണ്ടാമത് നിങ്ങള്‍ക്ക് വിദ്യ പകര്‍ന്നു തരുന്ന ഗുരുവിന്റെ ജോലിയായ അധ്യാപനവും..
മൂന്നാമത് നിങ്ങള്‍ നന്നായി ഉറങ്ങാന്‍ തന്റെ യൗവ്വന ജീവിതം മുഴുവന്‍ ഉറങ്ങാതിരിക്കുന്ന സ്വന്തം നാടും ,കുടുംബവും, പ്രീയപ്പെട്ടവരേയും വിട്ട് മഴയില്‍ നനഞ്ഞും ,മഞ്ഞില്‍ തണുത്തും, വെയിലില്‍ പൊരിഞ്ഞും നിങ്ങള്‍ക്കായി സുരക്ഷ ഒരുക്കുന്ന ഞങ്ങളുടെ ജോലിയായ സൈനിക സേവനവുമാണ്.
അതെ ,
ഞങ്ങളും മറ്റുള്ളവരെപോലെ ഒരു പക്ഷേ അവരേക്കാള്‍ കൂടുതല്‍ നിങ്ങളെ സേവിക്കുന്നു.
എന്നിട്ടും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഞങ്ങളെ നിങ്ങള്‍ വേദനിപ്പിക്കുന്നു.
രാഷ്ടിയ നേതാക്കളെ സന്തോഷിപ്പിക്കാനും,
നാല് വോട്ടിനും വേണ്ടി സൈനികരെ കളിയാക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് വിദ്യകൊണ്ടും, സംസ്‌കാരം കൊണ്ടും പ്രബുദ്ധരായ മലയാളികള്‍ തന്നെ എന്നത് ഏറെ വേദനാജനകമാണ്..
മലയാളികള്‍ക് ഞങ്ങളെ മനസ്സിലാവണമെങ്കില്‍ കേവലം ജന്മു കാശ്മീരിലൂടെ… ദോഖ്‌ലയിലൂടെ,
സിയാച്ചിനിലൂടെ.. കാര്‍ഗിലിലൂടെ ഒരു യാത്ര പോയാല്‍ മതിയാകും.
നമ്മുടെ നാട്ടിലെ സമ്പദ്ഘടനയെ നല്ല രീതിയില്‍ താറുമാറാക്കുന്ന ഹര്‍ത്താലുകളിലും,
സാധാരണ ജനങ്ങളുടെ ജീവിതം സ്തംഭനമാക്കുന്ന പ്രക്ഷോപങ്ങളിലും നടക്കുന്ന കല്ലേറുകളും, ലാത്തിചാര്‍ജുകളും മാത്രം കണ്ടു വരുന്ന മലയാളികള്‍ കരുതുന്നത് ജന്മു കാശ്മീരിലും, മറ്റും ജനങ്ങള്‍ തീവ്രവാദികളുടെ ഒത്താശയോടെയോ, അവരുടെ ഭീക്ഷണിയാലോ പെട്രോള്‍ ബോബുകളുമായും കുഴി മെനുകളുമായും, വെടിയുണ്ടകളാലും ഞങ്ങള്‍ക്കെതിരെ നടത്തുന്നതെന്ന മലയാളിയുടെ മിഥ്യാധാരണയാണ് പല ട്രോളുകളും പിറക്കാന്‍ കാരണമെന്നത് നഗ്‌നമായ സത്യമാണ്..
സൈനികരെ അപമാനിച്ച് ട്രോള്‍ ഉണ്ടാകുന്നവരെ നിങ്ങള്‍ക്ക് ചങ്കിന് ഉറപ്പുണ്ടോ കുറച്ച് ദിവസം കാശ്മീരിലെ മഞ്ഞുറഞ്ഞ ടെന്റുകളില്‍ ഞങ്ങള്‍ക്കൊപ്പം താമസിച്ച് പെട്രോള്‍ ബോബുകളുമായി വരുന്ന ജനങ്ങളെ നേരിടുന്നത് കാണുവാനും, രാത്രിയുടെ മറവില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കൂടി സര്‍വ്വായുധ സന്നദ്ധരായി പതുങ്ങി വരുന്ന തീവ്രവാദികളെ പിടികൂടുന്നരും കാണുവാനും വരുവാന്‍.
നിങ്ങള്‍ അവരെ പ്രതിരോധിക്കണ്ട.
കൂടെ നിന്ന് കണ്ടാല്‍ മാത്രം മതി..
പിന്നെ ഒരിക്കലും നിങ്ങള്‍ക്ക് ഒരിക്കലും കൈ പൊങ്ങില്ല,
ഭാരത്തിന്റെ നട്ടെല്ലായാ സൈനികര്‍ക്കെതിരെ ഒരു ട്രോള്‍ സൃഷ്ടിക്കുവാനും ഒരു വാക്ക് എഴുതുവാനും.
എല്ലാ പ്രീയപ്പെട്ടവരും ദയവായി ക്ഷമിക്കുക.
ഈ അടുത്ത കാലത്തായി വന്ന ട്രോളുകള്‍ മനസ്സിനെ വല്ലാതെ പൊള്ളിച്ചു.
ഉപ്പും, മാതൃരാജ്യത്തിന്റെ മണ്ണും തൊട്ട് ചെയ്ത പ്രതിജ്ഞയാല്‍ ഇതുവരെ പ്രതികരിക്കാന്‍ കഴിയാതെ വന്നു.
ഈ അവസാന നിമിഷത്തിലെങ്കിലും ഇത് പറയാതെ പോയാല്‍ ഇനി ഒരിക്കലും പറയാന്‍ സാധിക്കാതെ വന്നാലോ എന്നു കരുതിയാണ് ഇപ്പോള്‍ കുറിച്ചത്.
ഒരു പാട് വിഷമം ഉണ്ട് എന്നും ഊര്‍ജ്ജം തന്ന ഈ കുപ്പായം ഊരിവെയ്ക്കാന്‍..
എപ്പോഴായാലും ഊരിവെയ്‌ക്കേണ്ടതല്ലേ.
ഇനി എന്ത് എന്നറിയില്ല.
ഇനിയൊരു ജന്മം ദൈവം തരികയാണങ്കില്‍ ആ ജന്മത്തിലും സംസ്‌കാര സമ്പന്നമായ നമ്മുടെ ഭാരത രാജ്യത്ത് ജനിക്കണമെന്നും, മാതൃരാജ്യത്തെ സംരക്ഷിക്കുന്ന സൈനികനാകണമെന്നും അത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ടും, എല്ലാ പ്രീയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടും നിര്‍ത്തട്ടെ.
ജയ്ഹിന്ദ്.
ഈ ഫോട്ടൊ 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത മൈസൂരിലെ ഒരാഴ്ചത്തെ ഒദ്യോഗിക ജീവിതത്തിടെ പരിചയപ്പെട്ട് എടുത്ത സ്വന്തം രാജ്യത്തിനായി തീവ്രവാദിളുടെ 18 വെടിയുണ്ടകള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങി വീരചരമം പ്രാപിച്ച
പ്രിയ സുഹൃത്ത് പൊന്നപ്പ ദേശായിയെ ഈ അവസരത്തില്‍ സ്മരിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു