ടെൽ അവീവ്: കുക്കി ഗോത്രവിഭാഗക്കാരുടെ പോരാട്ടവീര്യം യഹൂദരാജ്യത്തും. ഇന്ത്യയിൽനിന്നു കുടിയേറിയവരുടെ മക്കളായ 206 കുക്കി വംശജരാണ് ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായുള്ളത്. ഇവരിൽ സ്ഥിരം സൈനികരും റിസർവ് സൈനികരുമുൾപ്പെടുന്നു. ഹമാസിനെതിരേ കരയുദ്ധം പ്രഖ്യാപിച്ചിരിക്കെ ഇവരെല്ലാം യുദ്ധമുന്നണിയിലുണ്ട്.
മണിപ്പുരിൽനിന്നും മിസോറമിൽനിന്നും 30 വർഷം മുന്പ് ഇസ്രയേലിലേക്ക് കുടിയേറിയ കുക്കികളിലെ യഹൂദ ഗോത്രവിഭാഗമായ ബെനെയ് മെനാഷെ വിഭാഗത്തിൽപ്പെട്ടവരാണിവർ. ഈ ഗോത്രവിഭാഗത്തിലെ ഏതാണ്ട് 5000 പേരാണ് ഇസ്രയേലിലുള്ളത്.
ഹമാസിന്റെ കടുത്ത ആക്രമണം നടന്ന ഗാസ അതിർത്തിയോടു ചേർന്ന സ്ദെരോത്ത് ടൗണിലാണ് ഭൂരിഭാഗവും താമസിക്കുന്നത്. ഭീകരാക്രമണത്തിൽ ഇവർക്കാർക്കും ആളപായം സംഭവിക്കുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്തിട്ടില്ല.
എന്നാൽ, ഭീകരർ ഒരു കുക്കിഭവനം അഗ്നിക്കിരയാക്കി. സംഭവം നടക്കുന്പോൾ ആ വീട്ടിലെ കുടുംബാംഗങ്ങളെല്ലാവരും പുറത്തു പോയിരിക്കുകയായിരുന്നു.
നഷ്ടപ്പെട്ട യഹൂദ ഗോത്രമായ മനാസ്സെയുടെ പിന്മുറക്കാരാണെന്ന് ഇസ്രയേൽ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്തിന്റെ ഓപ്പൺ ഡോർ നയപ്രകാരമാണ് കുക്കി വിഭാഗക്കാർ ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്കു കുടിയേറിയത്. അതിസമർഥരായ പോരാളികളായാണ് കുക്കികൾ അറിയപ്പെടുന്നത്.
എട്ടുപേരെ വരെ ഒറ്റയ്ക്കു നേരിടാൻ കരുത്തുള്ളവരാണ് ഒരു കുക്കിയെന്ന് പറയാറുണ്ട്. അതിനാൽത്തന്നെയാണ് ഇവരെ സൈന്യത്തിൽ ചേർത്തത്. നിരവധി പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള സൈനിക ബഹുമതികളും ലഭിച്ചിട്ടുണ്ട്.
നിലവിൽ സമുദായത്തിലെ 4000 പേർ മണിപ്പുരിലും ആയിരം പേർ മിസോറമിലും താമസിക്കുന്നുണ്ടെന്ന് ബനെയ് മെനാഷെ ഇന്ത്യ കൗൺസിൽ ചെയർമാൻ ലാലം ഹാംഗ്ഷിംഗ് പറഞ്ഞു.
മണിപ്പുരിലുണ്ടായ കലാപത്തിൽ നിരവധി പേർ ഭവനരഹിതരായെന്നും രണ്ട് സിനഗോഗുകൾ അക്രമികൾ അഗ്നിക്കിരയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രേലി യഹൂദ ഗോത്രവിഭാഗമായ മനാസ്സെയുടെ പിൻഗാമികളാണു തങ്ങളെന്നും ഇസ്രയേലിലെ നഷ്ടപ്പെട്ടുപോയ പത്തു ഗോത്രവിഭാഗങ്ങളിലൊന്നാണു തങ്ങളെന്നും ഇവർ പറയുന്നു.
അതേസമയം, കുക്കി വിഭാഗക്കാർ ഇസ്രേലി സേനയിലുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടർന്ന് “കുക്കികൾ ഇസ്രയേലിലേക്ക് പോകുക’’ എന്നെഴുതിയ ഫ്ലക്സുകൾ മണിപ്പുരിലെ ബിഷ്ണുപ്പുർ ജില്ലയിൽപ്പെട്ട മൊയ്രാംഗ് ടൗണിൽ പ്രത്യക്ഷപ്പെട്ടു.