അഞ്ചൽ: ആർമിയിൽ നിന്നും ലീവിന് നാട്ടിലേക്ക് വന്ന ജവാനെ കാണാതായി. അഞ്ചൽ പാലമുക്ക് അമ്പിളി വിലാസത്തിൽ കമലമ്മയുടേയും ഗോപാലകൃഷ്ണൻ ചെട്ടിയാരുടേയും മകൻ ബിനു(36)വിനെയാണ് കാണാതായത്. ആർമിയിൽ സിഗ്നൽ വിഭാഗത്തിൽ ജീവനക്കാരനായ ബിനു മാർച്ച് 19ന് ലീവിന് നാട്ടിലേക്ക് തിരിച്ചിരുന്നു. കഴിഞ്ഞ 19നായിരുന്നു ജോലിയിൽ തിരികെ പ്രവേശിക്കേണ്ടിയിരുന്നത്.
ജോലിയ്ക്ക് തിരികെ ഹാജരാകാതിരുന്നതിനെ തുടർന്ന് ക്യാമ്പിൽ നിന്നും വീട്ടിൽ വിളിച്ചുതിരക്കയപ്പോഴാണ് ഇയാൾ നാട്ടിലെത്തിയിട്ടില്ലെന്ന വിവരം അറിഞ്ഞത്. രാജസ്ഥാനിലെ 16 ഇൻഫെൻഡറി ഡിവിഷൻ സിഗ്നൽ റെജിമെന്റിലെ ഓപ്പറേറ്ററാണ് ബിനു. വിവരമറിഞ്ഞ മാതാപിതാക്കൾ അഞ്ചൽ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒൻപതിന് ജയ്പൂർ എടിഎമ്മിൽ നിന്നും ഇയാൾ പണം പിൻവലിച്ചിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ലക്നൗവിൽ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അഞ്ചൽ പോലീസ് രാജസ്ഥാനിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.