പഴയകാലത്തേതുപോലെയല്ല, തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ തുറന്നു പറയാന്‍, പ്രത്യേകിച്ച്, ലൈംഗികാതിക്രമങ്ങള്‍, വെളിപ്പെടുത്താന്‍ സ്ത്രീകള്‍ക്ക് മടിയോ ഭയമോ ഇല്ല. അടുത്തകാലത്താണെങ്കില്‍ മീടൂ എന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ സമൂഹത്തോട് വിളിച്ചപറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവം വിളിച്ചു പറഞ്ഞ നടി വിദ്യാബാലന് അതിന്റെ പേരില്‍ വീണ്ടും അധിക്ഷേപം കേള്‍ക്കേണ്ടതായി വന്നു. കോളജ് പഠനകാലത്ത് ഒരു പട്ടാളക്കാരനില്‍നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ നടി വിദ്യാ ബാലനെ അധിക്ഷേപിച്ചത് മറ്റൊരു പട്ടാളക്കാരനാണ്. തുറിച്ച് നോക്കിയ ആള്‍ കാശ് തരാതെ നോക്കിയതാണോ പ്രശ്നം. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കാശ് വാങ്ങുന്ന വിദ്യാ ബാലനെ തുറിച്ച് നോക്കിയാല്‍ എന്താണ് പ്രശ്‌നമെന്നാണ് പട്ടാളക്കാരന്‍ ചോദിച്ചത്
‘ടൈംസ് ഓഫ് ഇന്ത്യയ്ക്ക്’ നല്‍കിയ അഭിമുഖത്തിലാണ് വിദ്യാ ബാലന്‍ തന്റെ മോശം അനുഭവം വെളിപ്പെടുത്തിയത്. കോളജില്‍ പഠിക്കുന്ന കാലത്ത് ഒരു പട്ടാളക്കാരന്‍ തന്റെ നെഞ്ചിലേക്ക് തുറിച്ച് നോക്കിയത് ശ്രദ്ധയില്‍പ്പെട്ട വിദ്യ ക്ഷമ നശിച്ച് ദേഷ്യപ്പെട്ടു. രാജ്യത്തെ സംരക്ഷിക്കേണ്ടതാണ് ഒരു രാജ്യസേവകന്റെ ചുമതലയെന്നും വിദ്യ പറഞ്ഞു. സിനിമയില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിദ്യാ ബാലന്റെ ശരീരത്തില്‍ തുറിച്ച് നോക്കിയാല്‍ എന്താണ് പ്രശ്നമെന്നും കാശ് കൊടുക്കാതെ നോക്കുന്നതാണോ പ്രശ്നമെന്നും പട്ടാളക്കാരന്‍ ചോദിച്ചു. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പട്ടാളക്കാരന്‍ വിദ്യാ ബാലനെതിരെ മോശമായി പ്രതികരിച്ചിരിക്കുന്നത്. യൂത്ത് ബിജെപി എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ എന്നാണ് തന്റെ പേര് എന്നും പട്ടാളക്കാരന്‍ പറയുന്നുണ്ട്.