അതിര്‍ത്തിയിലെ സംഘര്‍ഷം, സേനകള്‍ തമ്മിലുള്ള പോരാട്ടം, മരണം, യുദ്ധം തുടങ്ങിയ വാക്കുകളാണ് ഏതാനും ദിവസങ്ങളായി രാജ്യത്തെ ജനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഒരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയാറാകാതെ ശത്രുവിനെ യുദ്ധത്തിലൂടെ തന്നെ തോല്‍പ്പിക്കുക എന്നാണ് ഒരു കൂട്ടര് വാദിക്കുന്നത്. യുദ്ധം വേണ്ട എന്ന് വാദിക്കുന്നവരെ അവര്‍ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുകയും ചെയ്യുന്നു.
യുദ്ധം എന്ന് കേട്ടുകേള്‍വി മാത്രമുള്ളവരാണ് യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നതെന്നത് മറ്റൊരു രസകരമായ കാര്യം. ഈ സാഹചര്യത്തില്‍ ഒരു പട്ടാളക്കാരന്റെ ഭാര്യ എഴുതിയൊരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ആര്‍മി ഉദ്യോഗസ്ഥന്റെ ഭാര്യയായ യുദ്ധവിരോധി എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് തുടങ്ങിയിരിക്കുന്ന കുറിപ്പ് എന്തുകൊണ്ട് യുദ്ധം ഒഴിവാക്കണം എന്നതിനെക്കുറിച്ച് വ്യക്തത തരുന്നുണ്ട്. കുറിപ്പില്‍ വിശദീകരിക്കുന്നതിങ്ങനെ…
‘ഞാന്‍ ഒരു യുദ്ധവിരോധിയാണ്. അധികം വിശദീകരണമൊന്നുമില്ലാതെ എന്നെ ഞാന്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് ഈ ഒരു വാക്കുകൊണ്ടാണ്. ഇന്ത്യയിലെ വാര് എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമായിരുന്നുകൊണ്ടാണ് വളരെ വ്യക്തിപരമായി അങ്ങനെയൊരു വാക്ക് ഞാന്‍ തിരഞ്ഞെടുത്തത്’. – ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്റെ ഭാര്യയാണ് 13 വര്‍ഷത്തെ തന്റെ ആര്‍മി ജീവിതത്തെക്കുറിച്ചും, ആര്‍മി ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്നിട്ടും യുദ്ധവിരോധിയായി മാറാനുള്ള കാരണത്തെക്കുറിച്ചും തുറന്നു പറഞ്ഞത്.
‘പുനീതിനെ വിവാഹം ചെയ്തതു മുതല്‍, കഴിഞ്ഞ 13 വര്‍ഷമായി ഞാന്‍ മഹത്തായ ആര്‍മിയുടെ ഭാഗമാണ്. ഒരു ആര്‍മി ഉദ്യോഗസ്ഥന്റെ നവ വധുവായതു മുതല്‍ ആര്‍മി ജീവിതത്തെ എല്ലാ അര്‍ഥത്തിലും ഞാന്‍ സ്നേഹിച്ചിരുന്നു. യുദ്ധത്തെ ആഘോഷമാക്കുന്ന ആ ലോകത്തെ ഒരു വനിത എന്ന നിലയില്‍ അഭിമാനിച്ചിരുന്ന എന്റെ മനസ്സ് ഇന്ന് യുദ്ധത്തിനെതിരാണ്. യുദ്ധവിരോധി എന്നാണ് എനിക്ക് എന്നെപ്പറ്റി പറയാനുള്ളത്.
നമ്മുടെ ജീവിതത്തെ യുദ്ധം എങ്ങനെ ബാധിക്കുമെന്നു ചിന്തിച്ചു തുടങ്ങിയ നിമിഷം മുതലാണ് ഞാന്‍ യുദ്ധവിരോധിയായത്. തീവ്രവാദവും ആക്രമണങ്ങളും എങ്ങനെയാണ് നമ്മുടെ അയല്‍രാജ്യങ്ങളെ തകര്‍ത്തതെന്ന് മാധ്യമങ്ങളിലൂടെയും മറ്റും നമ്മള് കാണുന്നതല്ലേ?. സിറിയയിലും യെമനിലും മറ്റുമുണ്ടായ ആക്രമണങ്ങളില്‍ നിന്നും യുദ്ധം എത്രമാത്രം വിനാശമാണുണ്ടാക്കുന്നതെന്ന് നമ്മള് കണ്ടതല്ലേ?. യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നെയും നിങ്ങളേയും പോലുള്ള സാധാരണക്കാരെയാണ്.
എന്റെ ഭര്‍ത്താവിന് യുദ്ധം ചെയ്യാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഞാന്‍ ഈ വിഷമവൃത്തിയെക്കുറിച്ച് ചിന്തിക്കാറുണ്ട്. യുദ്ധത്തിനെതിരായ ഞാന്‍ വിവാഹം കഴിച്ചത് യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതനായ ഒരാളെയാണെന്നോര്ത്ത്. പക്ഷേ ഭാഗ്യത്തിന് ഈ 13 വര്‍ഷത്തിനിടയില്‍ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. എന്റെ സദാചാരം ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.
ഒരു കാര്യം ഞാനിവിടെ വീണ്ടും ആവര്ത്തിക്കാനാഗ്രഹിക്കുകയാണ്. ഞാന്‍ യുദ്ധതിനെതിരാണ്. അല്ലാതെ മിലിട്ടറിക്ക് എതിരല്ല. രാജ്യത്തിന്റെ അധികാരാവകാശങ്ങളും സ്ത്രോതസ്സും അതിര്‍ത്തിയും സംരക്ഷിക്കേണ്ട ചുമതല മിലിട്ടറിക്കുണ്ട്. അവര്‍ അതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്യുന്നുണ്ട്. നിയമവും നീതിയും ലംഘിക്കപ്പെടുന്ന ഘട്ടത്തില്‍ മാനവികത ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ മിലിട്ടറി ഇടപെടുക തന്നെ ചെയ്യും.
എന്റെ ഭര്‍ത്താവ് കഴിഞ്ഞ മാസം വിരമിച്ചു. സമര്‍പ്പണ മനോഭാവത്തോടെയാണ് അദ്ദേഹം രാജ്യത്തെ സേവിച്ചത്. ആര്‍മി റാങ്കുകളുടെ പിന്നാലെ അദ്ദേഹം ഒരിക്കലും അതിമോഹത്തോടെ അലഞ്ഞിട്ടില്ല. ബുദ്ധിയോ കഴിവോ ഇല്ലാഞ്ഞിട്ടല്ല അദ്ദേഹം അതിനു മുതിരാതിരുന്നത്. എപ്പോഴും യുദ്ധത്തിനു വേണ്ടി സജ്ജമായിരുന്ന ആര്‍മിയില്‍ തന്റെ ചുമതലയെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യാതിരുന്നത്.
ലഫ്റ്റനന്റ് ആയിരുന്ന സമയത്താണ് യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് പുനീത് കൃത്യമായി മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായ പട്ടാളക്കാരന് അദ്ദേഹത്തിന്റെ കണ്മുന്നില് മരിച്ചു വീണപ്പോഴാണ് അദ്ദേഹം അത് മനസ്സിലാക്കിയത്. പതുക്കെ പതുക്കെ അദ്ദേഹം യുദ്ധവിരോധിയായ ഒരു ഉദ്യോഗസ്ഥനാവുകയായിരുന്നു. ഇതൊരു സത്യമായ കാര്യമാണ്. യുദ്ധത്തിന്റെ നിരര്‍ഥകത മനസ്സിലാക്കിയ പല മിലിട്ടറി ഉദ്യോഗസ്ഥരും പിന്നീട് യുദ്ധവിരോധികളായിത്തീര്ന്നിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ് കാഴ്ച നഷ്ടപ്പെട്ട ഒരുപാട് സിവിലിയന്‍സിന്റെ ഹൃദയം നുറുക്കുന്ന കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്.1965 ലെ ഇന്തോപാക് യുദ്ധത്തില്‍ പങ്കെടുത്ത വീര നായകരെ പരിചയപ്പെടാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. യുദ്ധത്തില്‍ പുക്കേറ്റവരെ കണ്ടിട്ടുണ്ട്, ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് രക്തസാക്ഷികളുടെ ശരീരം ജന്മനാടുകളിലേക്ക് അയയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഈ കാഴ്ചകളൊക്കെ എന്റെ മനസ്സിനെ ഒരു കാര്യം ഉറച്ചു വിശ്വസിക്കാനാണ് പ്രേരിപ്പിച്ചത്. ജയിച്ചത് ആരാണെങ്കിലും യുദ്ധം പരാജയം മാത്രമാണ് ബാക്കിയാക്കുന്നത്.
എന്റെ ഭാഗ്യം കൊണ്ടാകും, പുനീതിന് യുദ്ധമുഖരിതമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നിട്ടില്ല. ജമ്മുകശ്മീരിലൊക്കെ നിയോഗിക്കപ്പെട്ട ആര്‍മി ഉദ്യോഗസ്ഥരുടെ ഭാര്യമാരെ എനിക്കറിയാം. ഒരു ഫോണ്‍കോണ്‍ വരാന്‍ വൈകിയില്‍ പോലും അവരുടെ മുഖം മാറുന്നതും അവിടെ ഭയവും ആശങ്കയും നിഴലിക്കുന്നതും വളരെ അടുത്തു നിന്ന് ഞാന്‍ കണ്ടിട്ടുണ്ട്. അതിര്‍ത്തിയിലെ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ചും ഷെല്ലാക്രമണങ്ങളെക്കുറിച്ചും ഭയത്തോടെയാണ് ഞങ്ങള്‍ കേള്‍ക്കുന്നത്.
അടുത്ത സുഹൃത്തിന്റെ ഭര്‍ത്താവ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ആ മരണം അവളെ എത്രമാത്രം ബാധിച്ചെന്ന് എനിക്കറിയാം. ഒരു പട്ടാളക്കാരന്റെ മരണം എന്നതിന്റെ അര്‍ഥം ഒരു കുടുംബത്തിന്റെ നഷ്ടപ്പെടല്‍ കൂടിയാണ്.
പുനീത് വിരമിക്കുന്നതിനു മുന്‍പ്, ഒരു ജവാനുമൊത്ത് ഞങ്ങള്‍ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്രയിലുടനീളം യുദ്ധത്തെക്കുറിച്ചാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. രാജ്യസ്നേഹം ഉള്ളില്‍ നിറയുമ്പോഴും മനസ്സ് യുദ്ധത്തിനെതിരാണെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. മാഡം, ആരാണ് യുദ്ധത്തെ സ്നേഹിക്കുന്നത്? എന്നാണ് അദ്ദേഹം എന്നോടു ചോദിച്ചത്. ഞാന്‍ കൊല്ലുന്ന പട്ടാളക്കാരനും ഒരു കുടുംബമുണ്ട്. അവന് എന്നെ ആക്രമിക്കുമ്പോഴും ഇതേ ചിന്തയാകും അവന്റെ മനസ്സിലും ഉണ്ടാവുക. അതാണ് സത്യം. ഞങ്ങള്‍ക്ക് യുദ്ധം ചെയ്യാന്‍ ആഗ്രഹമില്ല. പക്ഷേ, ഇത് ഞങ്ങളുടെ കടമയാണ്. യുദ്ധം എനിക്കും ശത്രുവിനും നഷ്ടം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. അദ്ദേഹം പറഞ്ഞു. ആ നിമിഷമാണ് ഞാനൊരു സത്യം തിരിച്ചറിഞ്ഞത്. യുദ്ധഭൂമിയിലെ ഓരോ പട്ടാളക്കാരന്റെയുള്ളിലും ഒരു കുരുക്ഷേത്ര യുദ്ധം നടക്കുന്നുണ്ട്.
ആര്‍മിയുടെ ഭാഗമായതില്‍ എനിക്ക് പുനീതിനോട് നന്ദിയുണ്ട്. അല്ലെങ്കില്‍ ഒരു പക്ഷേ പഞ്ചാബി ഹിന്ദു കുടുംബത്തിലെ അദ്ദേഹവും ഹൈദരാബാദിലെ കത്തോലിക്ക പെണ്‍കുട്ടിയായ ഞാനും ഒരിക്കലും തമ്മില്‍ കണ്ടുമുട്ടില്ലായിരുന്നു. ആര്‍മിയില്‍ അല്ലായിരുന്നെങ്കില്‍ രക്തസാക്ഷിയായ സുഹൃത്തിന്റെ മരണം അദ്ദേഹത്തിന്റെ ഉള്ളുലയ്ക്കില്ലായിരുന്നു. ആ സംഭവത്തോടെയാണ് ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥന് എന്ന നിലയില്‍ അദ്ദേഹം സ്വന്തം ജീവന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതും യുദ്ധവിരോധിയായതും. ആര്‍മിയുടെ ഭാഗമായിരുന്നില്ലെങ്കില്‍ ഒരിക്കലും യുദ്ധം ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ഞാന്‍ തിരിച്ചറിയില്ലായിരുന്നു. അതുകൊണ്ട് ആര്‍മി ഉദ്യോഗസ്ഥന്റെ യുദ്ധവിരോധിയായ ഭാര്യ പറയുന്നത്. സമാധാനത്തോടെ മുന്നോട്ടു പോകൂ എന്നുമാത്രമാണ്’.