കരസേന ജവാന്മാര്‍ക്ക് ഹൈടെക് ഹെല്‍മറ്റുകളും അത്യാധുനിക സുരക്ഷയും! ചെലവ് 180 കോടി രൂപ! ഇത്രയും ഹെല്‍മറ്റുകള്‍ വാങ്ങുന്നത് 20 വര്‍ഷത്തിനിടെ ആദ്യം!

ggdgfg

രാജ്യത്തിന് മുഴുവന്‍ സുരക്ഷ ഒരുക്കുന്ന ജവാന്മാര്‍ക്ക് നേരാംവണ്ണം ഭക്ഷണം പോലും കിട്ടുന്നില്ല എന്ന പരാതി കെട്ടടങ്ങി വരുന്നതേ ഉള്ളു. ഇപ്പോഴിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം രാജ്യത്തെ കരസേന ജവാന്‍മാര്‍ക്ക് അത്യാധുനിക ഹെല്‍മെറ്റുകള്‍ വാങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. രാജ്യാന്തര നിലവാരമുള്ള ഹൈടെക് സുരക്ഷയുള്ള ഹെല്‍മെറ്റുകളാണ് വാങ്ങുന്നത്. പ്രത്യേക ദൗത്യങ്ങള്‍ക്ക് ഇറങ്ങുന്ന കരസേന ജവാന്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ ഹെല്‍മെറ്റ്.

ജവാന്‍മാരുടെ ഹെല്‍മറ്റുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതേത്തുടര്‍ന്നാണ് പുതിയ ഹെല്‍മെറ്റ് നിര്‍മിക്കാന്‍ കാണ്‍പൂരിലെ എംകെയു ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയത്. 1.58 ലക്ഷം ഹെല്‍മെറ്റുകള്‍ വാങ്ങാനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ധാരണയിലെത്തിയിരിക്കുന്നത്. ഇത്രയും ഹെല്‍മെറ്റുകള്‍ നിര്‍മിക്കാന്‍ 170 മുതല്‍ 180 കോടി രൂപ വരെ ചെലവ് വരുമെന്നാണ് കരുതുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഹെല്‍മറ്റുകളും നിര്‍മിച്ചു നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കരസേനയ്ക്ക് വേണ്ടി ഇത്രയും ഹെല്‍മെറ്റുകള്‍ വാങ്ങുന്നത്. നിലവില്‍ സേന ഉപയോഗിക്കുന്നത് ഇസ്രായേല്‍ നിര്‍മിത ഹെല്‍മെറ്റാണ്.

നിരവധി രാജ്യങ്ങളിലെ സേനകള്‍ക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും ഹൈടെക് ഹെല്‍മറ്റുകളും നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയാണ് എംകെയു ഇന്‍ഡസ്ട്രീസ്. 9 എംഎം ബുള്ളറ്റ് ഉപയോഗിച്ചുള്ള ഷൂട്ടിന്റെ ആഘാതം നേരിടാന്‍ ശേഷിയുള്ളതാണ് പുതിയ ഹെല്‍മെറ്റ്. ഇതിനുപുറമെ 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങാനും ധാരണയായിട്ടുണ്ട്. ടാറ്റാ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ലിമിറ്റഡാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിര്‍മിക്കുന്നത്.

Related posts