കള്ളു കുടിച്ചാൽ വയറ്റിൽ കിടക്കണമെന്ന് മദ്യപാനികളോട് ആളുകൾ പറയാറുണ്ട്. അതിനൊരു കാരണവുമുണ്ട്. അല്പം ലഹരി അകത്തു ചെന്നുകഴിയുന്പോൾ ചിലരുടെ സ്വഭാവം മാറും.
ചിലർക്ക് പാട്ടുപാടണം, എതിരാളിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കണം. ചില സാഹസിക പ്രകടനങ്ങൾ നടത്തണം തുടങ്ങിയ കലാപരിപാടികൾ തുടങ്ങുന്പോഴാണ് ആളുകൾ നേരത്തെ പറഞ്ഞ ഉപദേശം നൽകുന്നത്.
റഷ്യൻ സൈനികനായ കോർപ്പറൽ അലക്സാണ്ടർ സെറെബ്റ്റ്സോവും നാട്ടുകാരുടെ വക അത്തരമൊരു ഉപദേശം കേട്ടിട്ടിരിക്കുകയാണ്.
മദ്യം തലയ്ക്ക് പിടിച്ചുകഴിഞ്ഞപ്പോൾ സെറെബ്റ്റ്സോവ് ഒരു പണി ചെയ്തു.
സൈന്യം ഉപയോഗിക്കുന്ന ടാങ്കുമായി റോഡിലേക്ക് ഇറങ്ങി! എന്നാൽ വീടിന്റെ മുറ്റത്തുകൂടി ഒരു ടാങ്ക് അമിതവേഗത്തിൽ പോകുന്നതാണ് നാട്ടുകാർ കണ്ടത്.
ഗുംറാക്ക് പട്ടണത്തിലെ തിരക്കേറിയ റോഡിലൂടെ 55 മൈൽ വേഗതയിലാണ് ബിഎംപി -3 വിഭാഗത്തിൽപ്പെട്ട ടാങ്ക് ഇയാൾ ഒാടിച്ചത്. അവസാനം വോൾഗോഗ്രാഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മതിൽ ഇടിച്ച് തകർത്താണ് വാഹനം നിന്നത്.
കവചിത വാഹനത്തിൽ അദ്ദേഹത്തോടൊപ്പം ഡിമിട്രി നിരോസ്നെസ്കോവ് എന്ന സൈനികനുമുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് രണ്ട് സൈനികരെയും കസ്റ്റഡിയിലെടുത്തു.
വിമാനം പോകുന്നതാണെന്ന് കരുതിയാണ് പലരും ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയത്. 100 എംഎം തോക്കും 30 എംഎം ഓട്ടോമാറ്റിക് പീരങ്കിയുമുള്ള കവചിത വാഹനവുമായിട്ടാണ് സെറെബ്റ്റ്സോവ് റോഡിൽക്കൂടി അഭ്യാസം കാണിച്ചത്.
എന്നാൽ ടാങ്കിന്റെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നും കൂടുതൽ അപകടമുണ്ടാകാതിരിക്കാനാണ് വിമാനത്താവളത്തിലേക്ക് സൈനികൻ ടാങ്ക് ഒാടിച്ചു കയറ്റിയതെന്നുമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സെറെബ്റ്റ്സോവിന്റെ കണ്ണിനു മുകളിൽ മുറിവുണ്ടായി. സൈനികന്റെ പ്രകടനത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാണ്.