സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേണൽ പ്രിതിപാൽ സിംഗ് ഗില്ലിന് വയസ് നൂറ് തികഞ്ഞു. ഈ നൂറിന്റെ നിറവിന് നക്ഷത്രത്തിളക്കം ഏറെയാണ്.
എല്ലാം തികഞ്ഞ ഒരേയൊരു ഇന്ത്യൻ സൈനികൻ എന്നു കേണൽ ഗില്ലിനെ വിളിക്കാം. മൂന്ന് സേനാ വിഭാഗങ്ങളായ കര, നാവിക, വ്യോമ സേനകളിൽ പ്രവർത്തിച്ചിട്ടുള്ള ഒരേയൊരു പോരാളിയാണു കേണൽ സിംഗ്.
രണ്ടാം ലോക മഹായുദ്ധത്തിന് മുൻപ് റോയൽ ഇന്ത്യൻ എയർഫോഴ്സിലായിരുന്നു തുടക്കം. ഹൊവാർഡ് എയർക്രാഫ്റ്റിലെ പറക്കലുമായി കറാച്ചിയിലായിരുന്നു പോസ്റ്റിംഗ്.
എന്നാൽ, വിമാനത്തിൽ പറന്നു നടക്കാൽ കുടുംബത്തിന് അത്ര താത്പര്യം ഉള്ള കാര്യമല്ലായിരുന്നു. അതോടെ അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ജനറൽ സവോയി ഇപെട്ട് അദ്ദേഹത്തെ നേവിയിലേക്ക് മാറ്റി.
അപ്പോൾ പ്രായം 23 വയസ്മാത്രം. നാവിക സേനയിൽ സബ് ലെഫ്റ്റനന്റ് ആയിരിക്കുന്പോഴാണ് സിംഗ് ദേവ്ലാലിയിലെ സ്കൂൾ ഓഫ് ആർട്ടിലറിയിൽ ലോംഗ് ഗണ്ണറി സ്റ്റാഫ് കോഴ്സിൽ പങ്കെടുക്കുന്നത്.
തുടർന്ന് ഗണ്ണറി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടറായി മാറി. അതോടെ കരസേനയിലേക്ക് മാറ്റം വാങ്ങി. അങ്ങനെ ഗ്വാളിയർ മൗണ്ടൻ ബാറ്ററി വിഭാഗത്തിൽ ചുമതലയേറ്റു.
കേണൽ സിംഗ് ഗിൽ 1965ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തിലും പങ്കാളിയായി.
പാക്കിസ്ഥാൻ സൈനികർ പ്രതിപാൽ ഉൾപ്പെടെയുള്ളവരുടെ നാല് ഗണ്‍ ബാറ്ററികൾ എടുത്തു കൊണ്ടുപോയി. പ്രിതിപാലും കൂട്ടരും അവരെ പിന്തുടർന്ന് പിടിച്ച് തട്ടിയെടുത്ത വസ്തുക്കൾ തിരികെ വാങ്ങി.
പിന്നീട് ജമ്മു കാഷ്മീർ, പഞ്ചാബ്, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചു. കേണലായി സ്ഥാനക്കയറ്റം കിട്ടിയതോടെ മണിപ്പൂരിൽ അസം റൈഫിൾസിന്റെ കമൻഡാന്റ് ആയി.
വിരമിച്ചതിന് ശേഷം ചണ്ഡീഗഡിലെ കുടുംബ സ്ഥലത്ത് കൃഷിയും മറ്റുകാര്യങ്ങളുമായി കഴിഞ്ഞു വരികയാണ്. ഫീൽഡ് മാർഷൽ സാം മനേക് ഷായുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.
വിനോദത്തിനും വേട്ടയ്ക്കും നിരവധി തവണ തങ്ങൾ ഒരുമിച്ചു പോയിട്ടുണ്ടെ ന്നും കേണൽ സിംഗ് ഓർമിക്കുന്നു.
1920ൽ പഞ്ചാബിലെ പട്യാലയിൽ ആണ് ജനനം. പിതാവ് ഹർപാൽ സിംഗും സൈനികനായിരുന്നു. പ്രേമീന്ദർ കൗർ ആയിരുന്നു ഭാര്യ. നൂറാം വയസിലും പ്രായം ഒന്നിനും തടസമല്ല.
റസിഡൻഷ്യൽ നോണ്‍ റസിഡൻഷ്യൽ കെട്ടിടങ്ങളുടെ മുകളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പവർ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന് ചണ്ഡീഗഡ് അഡ്മിനിസ്ട്രേഷന്റെ നിർദേശത്തിനെതിരേ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.