കൊച്ചി: ചെരുപ്പ് തുന്നല്‍ തൊഴിലാളിയെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മയും മകനും അറസ്റ്റിലായി.
ആലുവ കോമ്പാറ സ്വദേശികളായ ഓട്ടോ റാണി എന്ന സോളി ബാബു (42), ഇവരുടെ മകന് സാവിയോ ബാബു (22) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ഗവൺമെന്റ് ഗേള്‍സ് ഹൈസ്കൂളിനു സമീപം ചെരുപ്പു തുന്നല്‍ ജോലി ചെയ്യുന്ന ജോയി(കൊച്ചു ജോയി)യെയാണ് പ്രതികൾ ആക്രമിച്ചത്.
ഗുരുതര പരിക്കേറ്റ ജോയി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
അറസ്റ്റിലായ സാവിയോ എംസിഎ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ മാസം 24നായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങന: നാലു മാസം മുമ്പ് ജോയിയും സോളി ബാബുവും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പ്രതിയായ സോളി ബാബു സൗത്ത് ഗേള്‍സ് ഹൈസ്കൂളിന് സമീപം ഓട്ടോറിക്ഷ ഓടിക്കുന്നു എന്ന വ്യാജേന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
സ്കൂള്‍ പരിസരത്തുള്ള ഈ പ്രവര്‍ത്തനങ്ങളെ ജോയി എതിര്‍ത്തു. ഇതേത്തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ജോയിയുടെ അടികൊണ്ട് സോളിയുടെ കൈ ഒടിഞ്ഞു.
ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് ജോയിയെയും കൂട്ട് പ്രതിയായ പല്ലന് ബാബുവിനെയും അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങിയ ജോയി സൗത്ത് പരിസരത്ത് ചെരുപ്പ് നന്നാക്കി ജീവിക്കുകയായിരുന്നു. സോളിയെ തുടര്‍ന്നും ഈ ഭാഗത്തു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിച്ചില്ല.
ഇതോടെ സോളി മേനക മറൈന്‍ ഡ്രൈവ് ഭാഗത്തേക്ക് മാറി. ഇവിടെ വച്ച് ഒരു കവര്‍ച്ചക്കേസില്‍ സോളി ജയിലിലായി.
ഇതിനു പിന്നിൽ ജോയി ആണെന്ന് ഇവര്‍ വിശ്വസിച്ചു. തുടർന്ന് ജോയിയുടെ കൈയും കാലും തല്ലിയൊടിക്കുന്നതിനായി സോളി പലര്‍ക്കും പണവും മദ്യവും നല്‍കിയതായി പോലീസ് കണ്ടെത്തി.
ഒന്നും ഫലവത്താകാതെ വന്നതോടെയാണ് മകനെയും കൂട്ടി ഗൂഢാലോചന നടത്തി കൃത്യം നടത്തിയത്.
ബേസ് ബോള്‍ ബാറ്റിന് അടിച്ചു വീഴ്ത്തിയശേഷം വാക്കത്തിക്ക് വെട്ടുകയായിരുന്നു. പോലീസിന്റെ പിടിയിലാകാതിരിക്കാനുള്ള മുന്നൊരുക്കവും പ്രതികള്‍ നടത്തിയിരുന്നു.
സംഭവത്തിനു രണ്ടു ദിവസം മുമ്പ് പ്രതികള്‍ കുടുംബസമേതം കോട്ടയത്ത് യൂണിവേഴ്സിറ്റിയില്‍ മകളുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി പോകുകയാണെന്ന് പലരെയും വിളിച്ചു പറഞ്ഞു.
തുടര്‍ന്ന് ഫോണ്‍ ഓഫ് ചെയ്തു. പിന്നീട് കോട്ടയത്തേക്ക് പോയി.
ഇതിനിടെ സാവിയോ കോട്ടയത്തുനിന്ന് കാസര്‍ഗോഡ് പോകുകയാണെന്ന് അവിടെയുള്ളവരെ ധരിപ്പിച്ച് ഇറങ്ങി. ബൈക്കില്‍ എറണാകുളത്ത് എത്തി കൃത്യം നടത്തിയശേഷം കാസര്‍ഗോട്ടേക്ക് മുങ്ങുകയായിരുന്നു.
പ്രതി എത്തിയ ഡ്യൂക്ക് ബൈക്ക് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് സാവിയോയിലേക്ക് അന്വേഷണം എത്തിയത്.
ഒന്നിലധികം തവണ പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടത്തിയ ശാസ്ത്രീയമായി അന്വേഷണത്തിനൊടുവിലാണ് സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ എസ്. വിജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.