ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏകദേശം പൂര്‍ത്തിയായപ്പോള്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്കി കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്.
എക്സിറ്റ്പോളുകള് ബിജെപിയ്ക്കാണ് മുന്‍തൂക്കം പ്രഖ്യാപിച്ചതെങ്കിലും ഫലം വന്നപ്പോള്‍ അതെല്ലാം അപ്രസക്തമാവുകായിരുന്നു.
39 സീറ്റുമായി കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 26 സീറ്റുകള്‍ മാത്രമാണ് ഭരണകക്ഷിയായ ബിജെപിയ്ക്ക് നേടാനായത്. എന്നാല്‍ ഇതിനിടെ കനത്ത പ്രഹരമേറ്റത് സിപിഎമ്മിനാണ്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഏകസീറ്റും ഇത്തവണ സിപിഎമ്മിന് നഷ്ടമായിരിക്കുകയാണ്. ഹിമാചലിലെ ഷിംല ജില്ലയില്‍ തിയോഗ് മണ്ഡലമാണ് സിപിഎമ്മിന് നഷ്ടമായിരിക്കുന്നത്.
തിയോഗിലെ സിറ്റിംഗ് സീറ്റില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയെ കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിംഗാണ് തോല്‍പ്പിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥി അജയ് ശ്യാം, എഎപി സ്ഥാനാര്‍ത്ഥി അട്ടര്‍ സിംഗ് ചന്ദേല്‍, സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ഇന്ദു വര്‍മ എന്നിവരായിരുന്നു മറ്റ് എതിരാളികള്‍.
അജയ് ശ്യാമിനും ഇന്ദുവര്‍മ്മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് രാകേഷ് സിംഗ. ആകെ ലഭിച്ചത് പന്ത്രണ്ടായിരത്തോളം വോട്ടുകളും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാകേഷ് വര്‍മയെ പിന്തള്ളി ഇരുപത്തിയയ്യായിരത്തോളം വോട്ടുകള്‍ നേടിയാണ് രാകേഷ് സിംഗ് നിയമസഭയിലെത്തിയത്.
42.18 ശതമാനം വോട്ട് നേടിയ അദ്ദേഹത്തിന് അന്ന് 1983 വോട്ടുകളുടെ ഭൂരിപക്ഷവും ഉണ്ടായിരുന്നു. 2012ല്‍ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നേരിട്ട് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയതു സിപിഎമ്മായിരുന്നു.