വിമാനം പറത്തലിന്റെ പാഠങ്ങൾ അഭ്യസിക്കാൻ ആദ്യമായി കോക്പിറ്റിൽ കയറിയ ഓസ്ട്രേലിയക്കാരൻ ഒറ്റയ്ക്കു വിമാനം നിലത്തിറക്കി. മാക്സ് സിൽവസ്റ്റർ എന്നയാളാണു ഭാര്യയും കുട്ടികളും നോക്കിനിൽക്കെ സാഹചര്യത്തിന്റെ സമർദ്ദത്താൽ വിമാനം ലാൻഡ് ചെയ്യിച്ചത്. ഇദ്ദേഹത്തിന്റെ പരിശീലക പൈലറ്റ് ആകാശത്തുവച്ചു ബോധരഹിതനായതിനെ തുടർന്നാണു മാക്സിന് ഒറ്റയ്ക്കു വിമാനം നിലത്തിറക്കേണ്ടി വന്നത്.
സെസ്ന ടു സീറ്റർ വിമാനമാണു മാക്സ് പരിശീലനം ആരംഭിക്കാൻ തെരഞ്ഞെടുത്തത്. 6200 അടി ഉയരത്തിൽ വിമാനം പറക്കവെ മാക്സിന്റെ പരിശീലകൻ ബോധരഹിതനായി. മാക്സിന്റെ ആദ്യ ക്ലാസായിരുന്നതിനാൽ അദ്ദേഹത്തിനു വിമാനം പറത്തുന്നതിനെ സംബന്ധിച്ചു കാര്യമായ അറിവുണ്ടായിരുന്നില്ല.
ഇതോടെ മാക്സ് എയർ ട്രാഫിക് കണ്ട്രോളിനെ കാര്യങ്ങൾ ധരിപ്പിച്ചു. നിങ്ങൾക്കു വിമാനം പറത്താൻ അറിയുമോ എന്ന പെർത്തിലെ എയർ ട്രാഫിക് കണ്ട്രോളറുടെ ചോദ്യത്തിന് ഇത് ആദ്യമായാണു താൻ വിമാനത്തിൽ പരിശീലിക്കുന്നതെന്നു മാക്സ് മറുപടി നൽകി. ഇതുവരെ താൻ വിമാനം ലാൻഡ് ചെയ്യിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ എടിഎസ് തുടർന്ന് കൃത്യമായ നിർദേശങ്ങൾ മാക്സിനു കൈമാറി. ചിറകുകളുടെ ലെവൽ, ഉയരം എന്നി കൃത്യമാക്കി നിർത്താൻ നിർദേശിച്ചു. ഇതിന്റെ വഴികളും പറഞ്ഞുനൽകി. എടിഎസിൽനിന്നുള്ള നിർദേശങ്ങൾക്കൊടുവിൽ 20 മിനിറ്റിനുശേഷം മാക്സ് വിമാനം പെർത്തിലെ വിമാനത്താവളത്തിൽ അതിസാഹസികമായി നിലത്തിറക്കി.
പരിശീലകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ പറക്കലിൽ തന്നെ മാക്സിന് പരിശീലക സ്ഥാപനമായ എയർ ഓസ്ട്രേലിയ ഇന്റർനാഷണലിൽനിന്നു സോളോ ഫ്ളൈറ്റ് സർട്ടിഫിക്കറ്റും ലഭിച്ചു. വളരെ ഗുരുതരമായ സാഹചര്യത്തെയാണു മാക്സ് തരണം ചെയ്തതെന്ന് എയർ ഓസ്ട്രേലിയ ഇന്റർനാഷണൽ ഉടമ ചക് മക്എൽവി പറഞ്ഞു.