നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്. പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിലെത്തുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും.
ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം
ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ് ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ് ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം ഉപ്പ്.
6-7 വയസാകുന്പോൾ മൂന്നു ഗ്രാം ഉപ്പ്. കൗമാരപ്രായം മുതൽ അഞ്ച് ഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയർക്കുന്നവർക്കുപോലും ദിവസവും ആറു ഗ്രാമിൽ താഴെ ഉപ്പു മതി. അത്ലറ്റുകൾ, കായികതാരങ്ങൾ എന്നിവർക്ക് ഉപ്പ് കുറച്ചുകൂടി ആകാം; അവർ ധാരാളം വിയർക്കുന്നവരാണ്.
ബിപി കൂടും, കാൽസ്യം നഷ്ടമാകും
രക്തസമ്മർദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാൽ രക്തസമ്മർദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ നിന്ന് കാൽസ്യം കൂടുതൽ അളവിൽ നഷ്ടമാകും.
സോഡിയം വേണം, പക്ഷേ…
സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്.
കാൻഡ്ഫുഡ്, പ്രോസസ്ഡ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തിൽ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസിൽ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളിൽ അമിതമായി ചേർക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്.
ബിപി കൂട്ടുന്ന സോഡിയം
ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലൻസ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളിൽ നിന്നും പഴവർഗങ്ങളിൽ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിുണ്ട്. പച്ചക്കറികൾ ഒഴിവാക്കി പ്രോസസ്ഡ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളിൽ പലരും.
പച്ചക്കറികൾ ധാരാളം കഴിക്കാത്തവർ ഉപ്പ് കൂടുതലായി കഴിക്കുന്പോൽ ശരീരത്തിൽ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോൾ രക്തസർദം(ബിപി) കൂടും.
സ്ട്രോക്കും ഉപ്പും
സർവേകൾ പ്രകാരം സ്ട്രോക്ക് ഇപ്പോൾ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി കണ്ടുവരുന്നത്.സ്ട്രസ്, നിയന്ത്രിതമല്ലാത്ത രക്തസമ്മർദം, അമിതവണ്ണം, മരുന്നുകൾ കൃത്യസമയത്തു കഴിക്കാത്ത അവസ്ഥ… ഇതെല്ലാം അടുത്തകാലത്തായി സ്ത്രീകളിൽ സ്ട്രോക്സാധ്യത വർധിപ്പിച്ചിരിക്കുന്നു. ഉപ്പ് അധികമായാൽ ബിപി കൂടും. ബിപിയും സ്ട്രോക്കും തമ്മിൽ ബന്ധമുണ്ട്. അതിനാൽ എല്ലാവരും ഉപ്പ് മിതമായി മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്
* ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിൻ ചേർത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കിൽ അയഡിൻ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ പകർന്നശേഷം നന്നായി അടച്ചു സൂക്ഷിക്കുക.
* ഉപ്പ് അടുപ്പിനടുത്തു വയ്ക്കരുത്. ചൂടു തട്ടിയാലും അയഡിൻ നഷ്ടപ്പെടും.
* അയഡൈസ്ഡ് ഉപ്പിലെ അയഡിൻ നഷ്ടപ്പെടാതിരിക്കാനാണ് ഉപ്പിൽ വെള്ളം ചേർത്തു സൂക്ഷിക്കരുത് എന്നു പറയാറുള്ളത്.
* ഉപ്പ് അളന്നു മാത്രം ഉപയോഗിക്കുക. ഉദ്ദേശക്കണക്കിൽ ഇട്ടാൽ അളവിൽ കൂടാനുള്ള സാധ്യതയേറും.
വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്