തൃശൂർ: അറിയാതെ കീറിക്കളഞ്ഞ ഭാഗ്യക്കുറി ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമെന്ന് അറിഞ്ഞതോടെ മനംതകർന്നു തളർന്നു കിടപ്പിലായതാണു സോമൻ. രണ്ടു വർഷമായി ഒരേ കിടപ്പ്. കിടപ്പാടമില്ല. പുറമ്പോക്കിലെ കുടിൽ പ്രളയത്തിൽ തകർന്നുപോയി.
കീറിപ്പറിഞ്ഞ വലിയ ഫ്ളെക്സ് ബാനറുകൾ ഏച്ചുകെട്ടിയ മേൽക്കൂര. അതിനു താഴെ വലിച്ചുകെട്ടിയ പഴന്തുണികളാണ് ഒറ്റമുറിവീടിന്റെ ചുമർ. ചികിത്സയ്ക്കും ഭക്ഷണത്തിനും ക്ലേശിക്കുന്ന വീട്ടിൽ കൂട്ട് ഭാര്യ തങ്കമ്മയും മകൾ സുമിതയും അവരുടെ രണ്ടു പെണ്മക്കളും. മഴയും മഞ്ഞും കാറ്റും പൊടിപടലങ്ങളുമെല്ലാം ഏറ്റുവാങ്ങിക്കൊണ്ടാണ് അറുപത്തേഴുകാരനായ രോഗിയും പേരക്കുട്ടികളുമെല്ലാം കഴിച്ചുകൂട്ടുന്നത്.
തൃശൂർ ജില്ലയിലെ പുല്ലഴി കുഞ്ഞിത്തോപ്പ് റോഡിലെ പുറമ്പോക്കിലാണ് നെടുവീട്ടിൽ സോമനും കുടുംബവും (ഫോണ്- 9567920559) താമസിക്കുന്നത്. കിടപ്പിലായ സോമന്റെ പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഒരാൾ ഒപ്പമുണ്ടാകണം. ഭാര്യ തങ്കമ്മയ്ക്കു പുറത്തേക്കു പോലും പോകാനാകാത്ത അവസ്ഥ.
കൂലിപ്പണിക്കു പോകാറുള്ള സോമൻ വാങ്ങിയ വിൻവിൻ ലോട്ടറി ടിക്കറ്റിനു സമ്മാനമുണ്ടോയെന്ന് അറിയാൻ അടുത്ത വീട്ടിലെ പത്രത്തിൽ പരിശോധിച്ചു. 61 എന്ന അക്കത്തിൽ അവസാനിക്കുന്ന ടിക്കറ്റ്. പത്രത്തിൽ 81 എന്നാണു കണ്ടത്. സ്വന്തമായി കണ്ണട ഇല്ലാത്തതിനാൽ അക്കങ്ങൾ വ്യക്തമായില്ല. സമ്മാനമില്ലെന്നു കണ്ടതോടെ ടിക്കറ്റ് ചീന്തിക്കളഞ്ഞു.
പിറ്റേന്ന് ലോട്ടറി വില്പനക്കാരൻ പറഞ്ഞപ്പോഴാണ് 65 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം തനിക്കാണെന്നു മനസിലാക്കിയത്. ടിക്കറ്റ് ചീന്തിക്കളഞ്ഞതിനാൽ സമ്മാനത്തുക അവകാശപ്പെടാനാകാത്ത അവസ്ഥ. അതോടെ മനസ് തകർന്ന അദ്ദേഹം ബോധരഹിതനായി. പത്തു ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു. മൂന്നാഴ്ചയ്ക്കു ശേഷം ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തെങ്കിലും കിടപ്പുരോഗിയായി മാറിയിരുന്നു.
പ്രളയത്തിൽ കുടിലിന്റെ മണ്ചുമരുകൾ തകർന്നു. പോലീസും നാട്ടുകാരും ചേർന്നു ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. രണ്ടാഴ്ച അവിടെ കഴിച്ചുകൂട്ടി. പ്രളയത്തിനുമുമ്പേ വീടു തകരുമെന്നു ശങ്കയുള്ളതിനാൽ കുടുംബശ്രീയിൽനിന്നും മറ്റും വായ്പയെടുത്തു ട്രസ് വർക്കിനുള്ള ഫ്രെയിമുകൾ തയാറാക്കി. ഓടു മേയാനും ചുമരു കെട്ടാനും പണമില്ല. പ്രളയത്തിനുശേഷം റവന്യു ഉദ്യോഗസ്ഥർ വീടു പരിശോധിച്ചു പോയി. എന്നാൽ പുറമ്പോക്കിലെ താമസക്കാരായതിനാൽ തലചായ്ക്കാൻ ഇടംകിട്ടുമോയെന്ന ആശങ്കയിലാണ് ഈ കുടുംബം.
ഫ്രാങ്കോ ലൂയിസ്