മാന്നാർ: കുഴിച്ചിട്ട മൃതദേഹങ്ങൾ എടുക്കുന്നതിന് പലപ്പോഴും പോലീസിനെ സഹായിക്കുന്ന വ്യക്തിയാണ് തിരുവല്ല സ്വദേശി സോമൻ. ഇലന്തൂർ നരബലിയുൾപ്പെടെയുള്ള കേസുകളിൽ ശരീരാവശിഷ്ടങ്ങളെടുക്കാൻ സഹായിച്ചത് സോമനാണ്.
മാന്നാറിൽ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിലും പോലീസിന് സഹായിക്കാൻ സോമൻ സജീവമായിരുന്നു. ടാങ്കിനുള്ളിലേക്ക് ഇറങ്ങുന്നതിനിടയിൽ സ്ലാബിൽ കാൽ തട്ടി മുറിഞ്ഞെങ്കിലും പിൻമാറാൻ സെമൻ തയാറായില്ല. ടെറ്റോൾ ഒഴിച്ച് കാൽ കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷം പ്ലാസ്റ്റിക് കവർകൊണ്ട് പൊതിഞ്ഞ ശേഷം വീണ്ടും ടാങ്കിനുള്ളിലേക്ക് ഒരു മടിയും കൂടാതെ സോമൻ ഇറങ്ങി.
അതേസമയം, യുവതിയെ കൊന്നു സെപ്റ്റിക് ടാങ്കില് മറവുചെയ്തെന്നു പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങള് കണ്ടെത്തിയത്. പക്ഷേ, അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല.
മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടില് മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷം സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നു പരിശോധിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് മൂന്നുമാസം മുന്പ് പോലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
കേസില് കലയുടെ ഭര്ത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമന്, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കലയുടെ ഭര്ത്താവ് അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാൾ ഇസ്രയേലിലാണ് ഇപ്പോഴുള്ളത്. ഇയാളെ നാട്ടിലെത്തിക്കാന് ശ്രമം ആരംഭിച്ചതായി എസ്പി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇയാളും മറ്റു പ്രതികളും ചേര്ന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില് കുഴിച്ചിട്ടെന്ന് അറസ്റ്റിലായവർ പോലീസിനു മൊഴി നല്കിയിട്ടുണ്ട്. ഇതില് ജിനു രാജനെ സ്ഥലത്തെത്തിച്ചാണ് പോലീസ് മൃതദേഹം കണ്ടെത്താനുള്ള നടപടിയെടുത്തത്.
കലയെക്കുറിച്ചുള്ള അനിലിന്റെ സംശയമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് പോലീസ് നിഗമനം. രണ്ടു സമുദായങ്ങളില് പെട്ട കലയും അനിലും പ്രണയിച്ചു വിവാഹിതരായവരാണ്. ബന്ധുവീട്ടിലാണു വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. അനില് പിന്നീട് വിദേശത്ത് ജോലിക്കുപോയി.
എന്നാല്, കലയ്ക്കു മറ്റാരോടോ ബന്ധമുണ്ടെന്നു ചിലര് അറിയിച്ചതിന്റെ അടിസ്ഥാനത്തില് ഇവര് തമ്മില് തര്ക്കമുണ്ടായിരുന്നു. പിന്നീടു നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാര് വാടകയ്ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളിലേക്കു യാത്ര പോകുകയും ചെയ്തു.
ഇതിനിടെ, അനിൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തി കാറില്വച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു ഊമക്കത്തിലെ വിവരം. അനില് വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തില് അനിലിന് ഒരുമകനും രണ്ടാമത്തെ വിവാഹത്തില് രണ്ടു മക്കളുമുണ്ട്.