സി.കെ. രാജേഷ്കുമാർ
മഞ്ഞനിറമുള്ള ശലഭങ്ങളെ പുറത്തേറ്റി ഇഴഞ്ഞുനീങ്ങുന്ന കരിനാഗങ്ങളെപ്പോലെയാണ് കോൽ ക്കത്തയിലെ തെരുവുകള്‍. ടാറിന്റെ കറുപ്പില്‍ ചിതറി നീങ്ങുന്ന മഞ്ഞടാക്സികള്‍ മഹാനഗരത്തിലെ തിരക്കിന്റെ പ്രതീകങ്ങളാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ബ്ലോക്കില്‍ വണ്ടികള്‍ അടിഞ്ഞുകൂടുമ്പോള്‍ റോഡ് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയിലെ ഷെല്ഫ്പോലെ തോന്നിക്കും. മഹാസമുദ്രത്തിലെ ചെറുദ്വീപുകള്പോലെയാണ് ഓരോ മനുഷ്യനും.
അവര്‍ പരസ്പരം കാണുന്നില്ല, ശ്രദ്ധിക്കുന്നില്ല. അവരവരുടെ ജീവിതത്തിലേക്ക് ഉള്‍വലിഞ്ഞു ജീവിക്കാന്‍ അവര്‍ ശീലിച്ചിരിക്കുന്നു. എന്നാല്‍, കോല്‍ക്കത്തയുടെ തിരക്കുകളില്‍നിന്നു മാറി ഗ്രാമത്തിന്റെ ഹൃദയത്തോടു ചേര്‍ന്നു നില്ക്കുന്ന ബംഗാളിന്റെ ഊഷരമായ മണ്ണാണ് ശാന്തിനികേതന്‍. നിരവധി മഹാനുഭാവന്മാരുടെ ജന്മംകൊണ്ടു സമ്പന്നമായ മണ്ണ്. അതാണ് ശാന്തിനികേതന്‍.
ഇന്ത്യന്‍ സാഹിത്യത്തിന്റെ കുലപതി രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് ഏതാണ്ട് ഒന്നരകിലോമീറ്റര്‍ മാറി തികച്ചും ശാന്തമായ സ്ഥലത്ത് ഇന്ത്യന്‍ ജനതയ്ക്ക് അത്രശാന്തനല്ലാത്തതും കര്‍ക്കശക്കാരനുമായ ഒരാള്‍ താമസിക്കുന്നുണ്ട്. പേര് സോമനാഥ് ചാറ്റര്‍ജി. പാര്‍ലമെന്റില്‍ പാവപ്പെട്ടവരുടെ ശബ്ദമായിരുന്ന സോമനാഥിന്റെ നിലപാടുകള്‍ എന്നു സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്ക്കുവേണ്ടിയായിരുന്നു.
14-ാം ലോക്സഭയില്‍ സ്പീക്കറായപ്പോള്‍ ജനാധിപത്യത്തിന്റെയും ഭരമണഘടനയുടേയും സ്പീക്കര്‍ പദവിയുടേയും അന്തസുയര്ത്തിപ്പിടിച്ചു സോംനാഥ്. അവിടെ സ്വന്തം പാര്‍ട്ടിപോലും അദ്ദേഹത്തെ തള്ളിപ്പറഞ്ഞപ്പോള്‍ സോംനാഥ് അക്ഷോഭ്യനായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ കീപ്പിംഗ് ദ ഫെയ്ത്ത് എ മെമ്മറീസ് ഓഫ് എ പാര്ലമെന്റേറിയന് ടു കൊളീഗ്സ് ആന്‍ഡ് കോമറേഡ്സ് പുറത്തി.
വരൂ… ഗയയിലേക്കു (സോമനാഥ് ഇപ്പോള്‍ താമസിക്കുന്ന വസതിയുടെ പേരാണ് ഗയ) വരൂ… നമ്മുക്കു സംസാരിക്കാം. അങ്ങനെ ആദ്യമായി ഒരു മലയാള പത്രത്തിന്,ദീപികയ്ക്ക് അദ്ദേഹം സുദീര്‍ഘമായ ഇന്റര്‍വ്യൂ തന്നു.
സൈലന്‍സ്, സോംനാഥ് സംസാരിക്കുകയാണ്.
ഇന്ത്യയിലെ മുഖ്യ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സിപിഎം, അതില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടും കമ്യൂണിസ്റ്റുകാരനായി എങ്ങനെ തുടരുന്നു?
സിപിഎമ്മില്‍നിന്നു പുറത്താക്കിയാലും കമ്യൂണിസ്റ്റുകാരനായി തുടരാനാവില്ലെന്നൊന്നുമില്ല. ഞാന്‍ ജീവിച്ചതും ജീവിക്കുന്നതും കമ്യൂണിസ്റ്റ്കാരനായാണ്. അതിന് യാതൊരു മാറ്റവുമുണ്ടാകില്ല. പിന്നെ പാര്‍ട്ടിക്ക്് എന്നെ വേണ്ടെങ്കില്‍ വേണ്ട. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ഇപ്പോഴും സ്വാധീനമുണ്ട്്. അതങ്ങനെ തുടരുകയും ചെയ്യും.
സത്യത്തില്‍ താങ്കള്‍ പുറത്താക്കല്‍ അര്ഹിച്ചതായിരുന്നോ?
സിപിഎമ്മില്‍ നിന്ന് ആദ്യമായല്ല ഒരാളെ പുറത്താക്കുന്നത്. എന്നേക്കാള്‍ വലിയ നേതാക്കളെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു പുറത്താക്കല്‍ ആദ്യമായാണ്. അവര്‍ എന്നോട് വിശദീകരണംപോലും ആവശ്യപ്പെടാതെയാണ് പുറത്താക്കിയത്. പിന്നെ എന്നെ പുറത്താക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്നതായിരുന്നു സത്യം.
കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അച്ചടക്കസീമകള് ലംഘിച്ചില്ലായിരുന്നു എന്നാണോ?
നോക്കൂ.. ഞാന്‍ സ്പീക്കറായിരിക്കുമ്പോള്‍ സിപിഎം അംഗമായിരുന്നു എന്നതുവാസ്തവമാണ്. എന്നാല്‍, ജനാധിപത്യത്തിന്റെ ശ്രീകോവിലായ ലോക്സഭയുടെ അധ്യക്ഷനായി ഇരിക്കുമ്പോള്‍ പാര്‍ട്ടിയേക്കാളുപരി രാജ്യത്തിനോടും ജനങ്ങളോടുമാണ് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതെന്നു ഞാന്‍ വിശ്വസിക്കുന്നു.
പാര്‍ട്ടിയെ തള്ളിപ്പറയുകയായിരുന്നില്ല ഞാന്‍ ചെയ്തത്. സ്പീക്കറെന്ന പദവിയുടെ അന്തസുകാക്കുകയാണ് ചെയ്തത്. വെറും എംപി മാത്രമായിരുന്നുവെങ്കില്‍ ഇവര്‍ പറയുന്നതില്‍ കാര്യമുണ്ടായിരുന്നു.
അന്നു യുപിഎ സര്‍ക്കാര്‍ എന്റെ കാസ്റ്റിംഗ് വോട്ടുകൊണ്ടു പുറത്തായിരുന്നുവെങ്കില്‍ അത് എന്റെ പാര്‍ലമെന്ററി ജീവിതത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും തീരാക്കളങ്കമാകുമായിരുന്നു. വർഗീയ ശക്തികള്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അതിനനുവാദിക്കാതെ സ്പീക്കര്‍ എന്ന നിലയില്‍ എന്റെ കടമ നിര്‍വഹിക്കേണ്ടിയിരുന്നു. അത് നിറവേറ്റിയതില്സന്തോഷമുണ്ട്, അതേസമയം, ഇക്കാര്യം പരിഗണിക്കാതെ പാര്‍ട്ടി എന്നോട് കാണിച്ച നീതികേടില്‍ അങ്ങേയറ്റം വിഷമവും. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യം.
താങ്കളുടെ പുസ്തകത്തില്‍ എന്തൊക്കെ വിവാദങ്ങളായിരിക്കും ഉണ്ടാകുക?
സത്യം പറയുന്നത് വിവാദമാകുമെങ്കിലും ഈ പുസ്തകവും വിവാദമാകും. എന്റെ ഈ പുസ്തകത്തില്‍ ഞാന്‍ സത്യം മാത്രമാണ് പറഞ്ഞിരിക്കുന്നത്.
പുസ്തകത്തിലെ ഉള്ളടക്കം സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ടല്ലോ പ്രകാശ് കാരട്ടിനെതിരേ യുള്ള പരാമര്‍ശങ്ങള്‍ ഏറെ വിവാദമുണ്ടാക്കില്ലേ?
പറഞ്ഞില്ലേ… സത്യങ്ങളാണ് ഞാന്‍ പുസ്തകത്തിലൂടെ പറഞ്ഞിരിക്കുന്നത്. പുസ്തകത്തിലെക്കാര്യങ്ങള് മുഴുവന്‍ പറഞ്ഞാല്‍ നിങ്ങളാരും പുസ്തകം വായിക്കില്ലല്ലോ…(ചിരിക്കുന്നു)
പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ താങ്കള്‍ എന്തുകൊണ്ടാണ് സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാതിരുന്നത് ആണവകരാര്‍ രാജ്യതാത്പര്യങ്ങള്ക്കെതിരായിരുന്നുവെങ്കില് എതിര്‍ത്തു വോട്ടു ചെയ്യുകയല്ലായിരുന്നോ വേണ്ടത്?
കരാര്‍ രാജ്യതാത്പര്യങ്ങള്‍ക്ക് എതിരായിരുന്നില്ലെന്നാണ് എന്റെ നിഗമനം. സ്പീക്കര്‍ പദവിയിലിരുന്നുകൊണ്ട് എന്റെ പ്രത്യേക അധികാരം രാഷ്ട്രനന്മയ്ക്കായി ഉപയോഗിച്ചു. അതു പാര്ട്ടിവിരുദ്ധവുമായ, ഞാന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തുമായി.
ആണവകരാറിന്റെ യഥാര്‍ഥ ഗുണദോഷങ്ങളെക്കുറിച്ച് എനിക്കോ പാര്‍ട്ടിക്കോ അറിവില്ലായിരുന്നു. ഇപ്പോഴും ഇല്ല എന്നാണ് എന്റെ വിശ്വാസം. അപ്പുറത്ത് അമേരിക്കയാണ് എന്നുകരുതി എന്തിനേയും എതിര്‍ക്കുന്നതിനെ അനുകൂലിക്കാനാവില്ല. മന്മോഹന് സിംഗ് ഒരിക്കലും രാജ്യത്തിന്റെ പരമാധികാരം അടിയറവച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമെന്നു കരുതുന്നില്ല. അദ്ദേഹം കാര്യപ്രാപ്തിയുള്ള പ്രധാനമന്ത്രിയാണ്.
സ്പീക്കര്‍ പദവി താങ്കള്‍ ആസ്വദിച്ചിരുന്നോ?
സത്യം പറഞ്ഞാല്‍ ഇല്ല. പാര്ലമെന്റുകൂടുന്ന മിക്ക സമയവും ചിത്തവിളിയും മറ്റുമായി സഭ അലങ്കോലപ്പെട്ടു. കാര്യക്ഷമമായ ചര്‍ച്ചകളൊന്നും നടന്നില്ല. വാക്കൗട്ട് നിത്യ സംഭവമായിരുന്നു. പലവട്ടം സര്‍വകക്ഷി സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്തു. എന്നിട്ടും ഫലമുണ്ടായില്ല.
എന്തായിരുന്നു മറക്കാനാകാത്ത അനുഭവങ്ങള്‍ ?
എംപിമാര്‍ക്ക് പണംകൊടുത്തു ചോദ്യം ഉന്നയിക്കുന്ന സംഭവം എന്നെ വളരെയധികം വേദനിപ്പിച്ചു. അതുപോലെ പാര്‍ലമെന്റിനു നടുത്തളത്തില്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ച് കോഴവിവാദം ഉന്നയിച്ച സംഭവം.
കേരളത്തില്‍ പാര്‍്ട്ടി ചരിത്രത്തിലെ തന്നെ ദുര്‍ഘടസന്ധിയിലൂടെയാണ് കടന്നു പോകുന്നത്
ഇവിടെയും എന്റെ മറുപടി മേല്‍പ്പറഞ്ഞതുതന്നെ. ഏതൊരു പാര്‍ട്ടിയും ജനങ്ങളില്നിന്നകലുമ്പോള് ആ പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാകും. കേരളത്തിലെ സിപിഎമ്മുകാര്‍ സര്ക്കസുകാരെപ്പോലെയാണ്. തോണ്ടിയും പിടിച്ചും അവര്‍ അവര്‍ അപഹാസ്യരാകുന്നു.
എകെജിക്കും ഇംഎസിനും ശേഷം പാര്‍ട്ടി അവിടെ ആശയപരമായും ധാര്‍മികമായും ശൂന്യമായി. കേരളത്തില്‍ ഈയടുത്തകാലത്തു സംഭവിച്ച കാര്യങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തിട്ടുണ്ട്.
സിപിഎമ്മിന് എന്താണ് സംഭവിക്കുന്നത് പാര്‍ട്ടിയുടെ പ്രസക്തിയും ഭാവിയും എന്താണ്?
ഒരു ഇടതുപക്ഷ പാര്‍ട്ടിക്ക് , പ്രത്യേകിച്ച് സിപിഎമ്മിന് ഒരിക്കലും സംഭവിച്ചുകൂടാത്ത അപചയമാണ് അവര്‍ നേരിടുന്നത്. ഏതു ക്രിമിനലുകളുമായും ഒത്തുചേരാന്‍ അവര്‍ക്കു മടിയില്ലാതായി. പാര്‍ട്ടിയുടെ അടിത്തറ അവരുടെ ശക്തിമേഖലകളായ കേരളത്തിലും ബംഗാളിലും കുറഞ്ഞു. പാര്‍ട്ടി ജനങ്ങളില്‍ നിന്നകന്നു. ഒരു ജനാധിപത്യരാജ്യത്ത് ഒരുപാടു നാളൊന്നും ഒരു പാര്‍ട്ടിക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആവില്ല.
പണത്തിന്റ ആധിപത്യം പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്നു. ചൂഷിതരെക്കാള്ചൂഷകരാണ് പാര്‍ട്ടിയില്‍ മേല്‍ക്കോയ്മ നേടിയിരിക്കുന്നത്. ബംഗാളില്‍ ഈയടുത്തകാലത്തുണ്ടായ വിവിധ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടി ജനദ്രോഹത്തിനെതിരായുള്ള വിധിയെഴുത്തായിരുന്നു.