എസ്.മഞ്ജുളാദേവി
“പുളിയിലക്കരയോലും പുടവചുറ്റി
കുളിർചന്ദന തൊടുകുറി ചാർത്തി
നാഗഫണ തിരുമുടിയിൽ
പദ്മരാഗ മനോജ്ഞ്മാം പൂ തിരുകി
സുസ്മിതേ നീ വന്നു
ഞാൻ വിസ്മയ നേത്രനായ് നിന്നൂ…’
മലയാള ഹൃദയത്തിൽ ഇന്നും ഉൗറിപിടിച്ച് നിൽക്കുന്ന ജാതകം എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ ഈണം ആർ.സോമശേഖരൻ എന്ന സംഗീത സംവിധായകന്റേതാണ്.
ഇതുപോലെ മലയാള ശ്രീത്വം നിറഞ്ഞു തുളുന്പുന്ന നിരവധി സിനിമാഗാനങ്ങളിൽ സോമശഖരന്റെ വിരൽമുദ്ര പതിഞ്ഞിട്ടുണ്ട്.
ആർദ്രം, യക്ഷി, ഫെയ്ത്ത്ഫുള്ളി യുവഴ്സ്, അയാൾ, ബ്രഹ്മാസ്ത്രം, മിസ്റ്റർ പവനായി, തുരീയം, ക്ഷണം തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകൻ എന്നും വെള്ളിവെളിച്ചത്തിൽ നിന്നുമകന്ന് നിൽക്കുന്ന ഗാനപ്രതിഭയാണ്.
തന്റെ സംഗീതം തിരിച്ചറിഞ്ഞ് എത്തുന്നവർക്കൊപ്പം മാത്രം അന്നും ഇന്നും പ്രവർത്തിക്കുന്നത്. അതിൽ തികച്ചും സംതൃപ്തനുമാണ്.
മാവേലിക്കര സ്വദേശിയായ ആർ. സോമശേഖരൻ കഴിഞ്ഞ അരനൂറ്റാണ്ടായി തിരുവനന്തപുരത്താണ് താമസം. ഗാനഗന്ധർവൻ യേശുദാസ്, കെ.എസ്.ചിത്ര, എം.ജി ശ്രീകുമാർ, ജി. വേണുഗോപാൽ മുതൽ വിധുപ്രതാപ്, ജ്യോത്സന, സിതാര വരെയുള്ള ഗായകരെ കൊണ്ട് പാടിച്ചിട്ടുണ്ട്.
ടെലിവിഷൻ രംഗത്ത് തൊണ്ണൂറ് പരന്പരകൾക്കുവേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ദൂരദർശന്റെ തുടക്കകാലത്തുളള മണ്ടൻകുഞ്ചുവിലെ ശീർഷകഗാനം വളരെ പ്രശസ്തമായി.
അതുപോലെ ഒ.എൻ.വി. കുറുപ്പ് രചിച്ച സ്വാമി അയ്യപ്പനിലെ ശീർഷക ഗാനം കുടുംബവിളക്കിലെ ഒ.എൻ.വി ഗാനം എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ട സോമശേഖരന്റെ ഗാനങ്ങളാണ്.
ആകാശവാണിക്കു വേണ്ടിയും നിരവധി ഗാനങ്ങളുടെ സംഗീത ശില്പിയായി. അവിൽപൊതി, അരവണ, സിദ്ധിവിനായകം തുടങ്ങി അനവധി ഭക്തിഗാന ആൽബങ്ങൾക്കു സംഗീതം പകർന്നിട്ടുണ്ട്.
ഏഷ്യാനെറ്റിന്റെ 2003-2004-2005 എന്നീ മൂന്നുവർഷങ്ങളിലെ ടെലിവിഷൻ അവാർഡ് സോമശേഖരന്റെ ഗാനങ്ങൾക്കായിരുന്നു. 2003 ലെ ഫിലിം ക്രിട്ടിക്സ് ടെലിവിഷൻ അവാർഡ് സോമശേഖരനു ലഭിക്കുന്നത്.
കുടുംബവിളക്ക് എന്ന സീരിയലിനുവേണ്ടി കെ.എസ്. ചിത്ര പാടിയ ഗാനത്തിനാണ്. 2014 ലെ കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ കാഞ്ഞിരംപാറയിലെ കൈരളി നഗർ സൗപർണ്ണികയിൽ ഇരുന്ന് ആർ.സോമശേഖരൻ സംസാരിക്കുന്നു.
ആർ. സോമശേഖരന്റെ സംഗീത ജീവിതത്തിലൂടെ…...
? 1982 ൽ പുറത്തിറങ്ങിയ ഇതും ഒരു ജീവിതമാണ് എന്ന ആദ്യ സിനിമ കഴിഞ്ഞ് ഏഴു വർഷത്ത ഇടവേളയ്ക്കു ശേഷം വന്ന ജാതകം ആർ.സോമശേഖരന്റെ ജാതകം തിരുത്തി കുറിക്കുകയായിരുന്നു എന്നാണ് ഗാനനിരൂപർ വിലയിരുത്തുന്നത്.
-അങ്ങനെ പലരും പറയാറുണ്ട്. മസ്ക്കറ്റിൽ നിന്ന് അവധിക്കും വന്ന സമയത്താണ് ജാതകത്തിലെ പുളിയിലക്കരയോലും പുടവചുറ്റി, അരളിയും കദളിയും എന്നീ ഗാനങ്ങൾക്കു ഈണം പകരുന്നത്.
പ്രഫ. ഒ.എൻ.വി കുറുപ്പിന്റെതാണ് രചന. തിരുവന്തപുരത്തെ ഹോട്ടൽഗീതയിൽ പാട്ട് ചിട്ടപ്പെടുത്തുന്പോൾ ഒ.എൻ.വി സാറും തിരക്കഥാകൃത്ത് ലോഹിതദാസും ഒപ്പമുണ്ടായിരുന്നു. സാറിന്റെ ഒരു ശൈലി അറിയാമല്ലോ.
ഒരധ്യാപകനെ പോലെ സാർ പുളിയിലക്കരയോലും പുടവചുറ്റി’ എന്ന വരികളുടെ അർഥം വിശദമാക്കി തന്നു. നാഗഫണ തിരുമുടിയെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ പാന്പിന്റെ പത്തി പോലെ മേലേക്കു മുടി കെട്ടി വച്ച നായികയുടെ ചിത്രം സാർ വാക്കുകൾ കൊണ്ട് വരച്ചു കാട്ടി തന്നു.
ആദ്യം അരളിയും കദളിയുമാണ് കന്പോസ് ചെയ്തത്. ഒരു ഫോക്ക് ഗാന സ്പർശത്തോടെ ഞാൻ ഗാനം മൂളിയപ്പോൾ ഒ.എൻ.വി സാർ ഇടപെട്ടു. പാട്ട് എനിക്കു വളരെ ഇഷ്ടമായി.
പക്ഷേ എന്റെ മനസിലുള്ളത് ഒരു മെലഡിയാണ്. അതു കേട്ട ഞാൻ ഗാനം ഇന്നു കേൾക്കുന്ന കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തുകയായിരുന്നു.
ഒരു പകൽ കൊണ്ടാണ് ജാതകത്തിലെ പാട്ടുകൾക്ക് ഈണം പകർന്നത്. ഉച്ചയ്ക്ക് വീട്ടിൽ ഉൗണ് കഴിക്കുവാൻ എത്തിയപ്പോൾ ഒ.എൻ.വി സാർ പുളിയിലക്കരയോലും എന്ന ഗാനത്തിനെ കുറിച്ച് പറഞ്ഞത് ഹൃദയത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.
ആ ഒരു ഭാവം എന്നിൽ തീർത്ത അനുഭൂതി പിന്നെ രാഗമായി മാറുകയായിരുന്നു. സ്വീകരണ മുറിയിൽ ഹാർമോണിയം എടുത്ത് വച്ച് പതുക്കെ ഇന്നു കേൾക്കുന്ന ഈണം മൂളി തുടങ്ങി.
അടുക്കളയിൽ പാചകത്തിലായിരുന്ന ഭാര്യ ജയമണി നല്ല പാട്ടാണല്ലോ എന്ന് പറഞ്ഞു. പാട്ടിന്റെ ഈണം തീരുമാനമായിട്ടില്ല, സൃഷ്ടിയിലാണെന്നു പറഞ്ഞപ്പോൾ ഇതുമതി എന്നു തീർത്തു പറഞ്ഞു.
ഒരു നല്ല ആസ്വാദകയുടെ മനസാണ് അതെന്നു അറിയാവുന്നത് കൊണ്ട് ആ ഈണം തന്നെ പാട്ടിൽ ഉപയോഗിക്കുകയായിരുന്നു.
? നിരവധി നാടക സംഘടനകളുടെ പിന്നണി ഗായകനായാണല്ലോ സംഗീതമേഖലയിലേക്കുള്ള പ്രവേശനം
-അത് ഒരു നിയോഗമായിരിക്കും. കൊട്ടാരക്കര ശ്രീധരൻ നായരുടെ ജയശ്രീ തിയറ്റേഴ്സിലൂടെയാണ് തുടക്കം. പിന്നെ കേരള തിയറ്റേഴ്സ്, കായംകുളം പീപ്പിൾസ് തിയറ്റേഴ്സ് അങ്ങനെ നീണ്ടു. അന്നു എനിക്കു പബ്ലിക്ക് ഹെൽത്ത് വകുപ്പിൽ ജോലി ഉണ്ട്.
“കതിർമണ്ഡപം’ എന്ന നാടകത്തിൽ എം.എസ്. ബാബു രാജിന്റെ ഈണത്തിലാണ് പാടുന്നത്. ബാബുക്കയ്ക്കു വലിയ സ്നേഹമായിരുന്നു എന്നോട്.
അദ്ദേഹമാണ് ചെന്നൈയിലേക്കു ഒപ്പം കൂട്ടുന്നത്. എച്ച്.എം.വി സ്റ്റുഡിയോയിലാണ് ബാബുക്കയു ടെ ഗാനം റിക്കാർഡ് ചെയ്തത്. അന്നു പി.ജയചന്ദ്രനുമൊന്നിച്ച് ഒരു മുറിയിലാണ് താമസം അന്നു സിനിമയിൽ ജയചന്ദ്രൻ പ്രശസ്തനായിട്ടില്ല.
അദ്ദേഹം ഇടയ്ക്കു എന്നോട് തമാശയായി പറയും. സോമനു നാട്ടിൽ ജോലിയുണ്ടല്ലോ ഞങ്ങൾ ഇവിടെ പാടി ജീവിച്ചോട്ടെ എന്ന്. ഇതിനിടയിൽ ഹെഡ്മാസ്റ്ററായിരുന്ന അച്ഛനും സുഖമില്ലാതെയായി.
അങ്ങനെ ഞാൻ നാട്ടിൽ തിരിച്ചെത്തി. പിന്നീട് ചെന്നെയിലക്കു മടങ്ങുവാൻ പല കാരണങ്ങൾ കൊണ്ടും സാധിച്ചില്ല. ഗായകനായിരിക്കുന്പോൾ തന്നെ സംഗീതം പകരുക എന്നതും എന്റെ ഒപ്പമുണ്ട്. ആദ്യം സംഗീതം പകരുന്നത് വെളിയം ചന്ദ്രന്റെ ഉർവശി എന്ന നാടകത്തിനാണ്.
ഉർവശി പിന്നീട് ഇതും ജീവിതമാണ് എന്ന പേരിൽ സിനിമയാക്കുന്പോൾ അതിലെ പ്രകൃതി പ്രഭാമയി, മാറണിചെപ്പിലെ മാർഗഴി കുളിരുമായി….. എന്നീ ഗാനങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ചു.
വെളിയം ചന്ദ്രൻ തന്നെ സംവിധാന ചെയ്ത ഈ സിനിമ 1982 ലാണ് പുറത്ത് വന്നത്. ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ് പാടിയ പ്രകൃതി പ്രഭാമയി എന്ന ഗാനത്തിന്റെ റെക്കോർഡിംഗ് 1979 ലാണ് നടന്നത്. മാറണി ചെപ്പിലെ…. എന്ന ഗാനം ഞാൻ തന്നെയാണ് പാടിയതും.
? മലയാള സിനിമയുടെ ഗന്ധവർവൻ പത്മരാജനുമായി നല്ല അടുപ്പമുണ്ടായിരുന്നിട്ടും പത്മരാജൻ സിനിമകളിൽ ആർ.സോമശേഖരന്റെ സംഗീതം ഉണ്ടായില്ല.
-പപ്പൻ എന്ന് ഞാൻ വിളിക്കുന്ന പത്മരാജൻ എന്റെ നാട്ടുകാരനും അടുത്ത സുഹൃത്തുമായിരുന്നു. 1991 ജനുവരി 16 നു തിരുവനന്തപുരത്ത് ഞാൻ പണിത വീടിന്റെ പാല് കാച്ചായിരുന്നു.
അന്നു രാവിലെ പപ്പൻ എത്തിയിരുന്നു. സൗപർണിക എന്ന എന്റെ പുതിയ വീട്ടിൽ സന്ധ്യവരെ പപ്പൻ ഉണ്ടായിരുന്നു. ഇതിനിടയിൽ പെട്ടെന്നു പപ്പൻ പറഞ്ഞു.
“”ഞാൻ നിനക്കൊരു പടവും തന്നിട്ടില്ല അല്ലേ. അടുത്തതിൽ സോമന്റെ പാട്ടുണ്ടാകും’’. എന്നാൽ വിധി തീരുമാനിച്ചത് മറ്റൊന്നായിരുന്നു. ജനുവരി 24 നു പപ്പൻ ഭൂമിയിൽ നിന്നു തന്നെ യാത്രയാവുകയായിരുന്നല്ലോ.
? സിനിമയിൽ ലഭിച്ച അവസരങ്ങളെക്കാൾ അധികവും നഷ്ടമായ സുവർണാവസരങ്ങളാണല്ലോ.
-അതെ, നിരവധി സിനിമകളിലെ നല്ല പാട്ടുകൾ നഷ്ടമായിട്ടുണ്ട്. നീണ്ട വർഷങ്ങൾ ഞാൻ മസ്ക്കറ്റിലെ പ്രതിരോധ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ഡിഫൻസ് വകുപ്പ് ആകുന്പോൾ അവധി ലഭിക്കുക പ്രയാസകരമാണ്.
അതുകൊണ്ട് തന്നെ കിരീടം, മൃഗയ, രാധാമാധവം തുടങ്ങിയ സിനിമകൾ നഷ്ടപ്പെടുകയായിരുന്നു. ജാതകം എന്ന സിനിമയിലെ മൂന്നു പാട്ടുകളുടെ ഗാനസംവിധാനം ഞാൻ ആറുമണിക്കൂർ കൊണ്ടാണ് നിർവഹിച്ചത്.
അന്നു ഹോട്ടൽ ഗീതിൽ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ലോഹിതദാസാണ് സംവിധായകൻ സിബി മലയിനോട് എന്നെക്കുറിച്ചു പറയുകായിരുന്നു. നിർമാതാവ് കിരീടം ഉണ്ണിയും അവിടെ ഉണ്ടായിരുന്നു.
കിരീടം എന്ന സിനിമയിൽ ഒരൊറ്റ പാട്ടെ ഉള്ളൂ. അത് സോമശേഖരൻ തന്നെ ഈണമിടണം എന്നു സിബിമലയിൽ പറഞ്ഞു.
അതിനു സമ്മതമായിരുന്നുവെങ്കിലും മസ്ക്കറ്റിലേക്കു തിരികെ മടങ്ങേണ്ടി വന്നതിനാൽ കണ്ണീർപൂവ് എന്ന ഗാനത്തിനു ഈണം പകരുവാനായില്ല.
? സംഗീത സംവിധായകൻ രവീന്ദ്രനുമായുള്ള ആത്മബന്ധം എല്ലാവർക്കും അറിയുന്നതാണ്. രവീന്ദ്രന്റെ വിവാഹം നടക്കുന്നത് തന്നെ സോമശേഖരൻ എന്ന കൂട്ടുകാരന്റെ കഴുത്തിലെ സ്വർണമാല ഉൗരി അതിൽ താലി കോർത്താണല്ലോ?
-1974 ൽ നടന്ന സംഭവമാണ്. ഒരു ദിവസം പുലർച്ചെ രവി വീട്ടിലേക്കു വന്നു. സ്വന്തം അമ്മയെപോലെയാണ് എന്റെ അമ്മയോട് പെരുമാറുന്നത്.
എന്റൊപ്പം ഒരാൾ കൂടിയുണ്ട് എന്നു പറഞ്ഞു. അമ്മ നോക്കുന്പോൾ ഒരു പെണ്കുട്ടിയാണ്. കുളത്തുപ്പുഴയിലെ രവിയുടെ അയൽക്കാരിയാണ്. എട്ട് ആങ്ങളമാരുടെ ഒരേ ഒരു പെങ്ങൾ. അവരറിയാതെ വിളിച്ചിറക്കികൊണ്ട് വന്നിരിക്കുകയാണ്. അമ്മ ആകെ പരിഭ്രമിച്ചു.
പിന്നീട് രവിയെയും പ്രതിശ്രുതവധുവിനെയും പേട്ടയിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കു സുരക്ഷിതമായി മാറ്റി. ചാലയിൽ നിന്നു താലി വാങ്ങി കൊണ്ട് വന്നു.
താലി കോർത്തിടുവാൻ പക്ഷേ സ്വർണമാലയില്ല. എന്റെ വിവാഹത്തിനു വീട്ടിൽ നിന്നുമിട്ട ഒരു സ്വർണമാലയുണ്ട്. രവി എന്റെ കഴുത്തിലെ മാല ഉൗരിയെടുത്തു.
ഇത് ഞാൻ എടുക്കകയാണ് എന്നു പറഞ്ഞുകൊണ്ട്. ആ മാലയിൽ താലി കോർത്തായിരുന്നു രവിയുടെ വിവാഹം.
?അതിവേഗത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന സംഗീത പ്രതിഭയായും ആർ.സോമശേഖരൻ ഗാനലോകത്ത് ഇന്നും വിശേഷി പ്പിക്കപ്പെടുന്നുണ്ട്.
-ഈശ്വരാധീനം കൊണ്ട് മാത്രം സംഭവിക്കുന്നതാണ്. ഈശ്വരൻ നൽകുന്ന സംഗീതം ഞാൻ സാഹിത്യത്തിലേക്കു പകരുകയാണ്.