ന്യൂഡല്‍ഹി: ഡെലിവറി ചെയ്ത ഭക്ഷണത്തില്‍ പ്ലാസ്റ്റിക് നാര് കണ്ടെത്തിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. മോശം ഭക്ഷണത്തിനെതിരേ ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സൊമാട്ടോ മാപ്പുപറഞ്ഞു തലയൂരിയത്.
മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഒരു കുടുംബം ഓര്‍ഡര്‍ ചെയ്ത പനീര്‍ വിഭവത്തിലാണ് പ്ലാസ്റ്റിക് നാര് കണ്ടെത്തിയത്. കുട്ടികള്‍ക്കായി ചില്ലി പനീര്‍, പനീര്‍ മസാല എന്നീ വിഭവങ്ങളാണ് സൊമാറ്റോയിലൂടെ സച്ചിന് ജാംദേരെ എന്നയാള്‍ ഓര്‍ഡര്‍ ചെയ്തത്. കഴിച്ചു തുടങ്ങിയപ്പോള്‍ കുട്ടിയാണ് ഭക്ഷണത്തിന് കടുപ്പമുണ്ടെന്നു പരാതിപ്പെട്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് നാരുകള്‍ കണ്ടെത്തുകയായിരുന്നു.
പരാതിപ്പെടുന്നതിനായി ഭക്ഷണം പാചകം ചെയ്ത റസ്റ്ററന്റില്‍ എത്തിയെങ്കിലും സച്ചിന്റെ പരാതി കേള്‍ക്കാന്‍ തയാറായില്ല. സൊമാറ്റോയ്ക്കായി ഭക്ഷണം ഡെലിവറി ചെയ്തയാള്‍ എന്തെങ്കിലും കാണിച്ചതാകാമെന്നായിരുന്നു റസ്റ്ററന്റിന്റെ മറുപടി. ഇതേതുടര്‍ന്ന് സച്ചിന് പോലീസിനെ സമീപിക്കുകയായിരുന്നു. ഭക്ഷണം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും മോശം ഭക്ഷണമാണ് വിതരണം ചെയ്തതെന്നു കണ്ടെത്തിയാല്‍ കമ്പനിക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഇതിനു പിന്നാലെയാണ് സൊമോറ്റോ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. ഭക്ഷണം പാചകം ചെയ്ത കന്പനിയെ തങ്ങളുടെ വിതരണ ശൃംഖലയില്‍നിന്ന് ഒഴിവാക്കിയെന്ന് സൊമോറ്റോ പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, വിതരണം ചെയ്യാനുള്ള ഭക്ഷണം ഡെലിവറി ബോയി കഴിച്ചതിനെ തുടര്‍ന്ന് സൊമോറ്റോ പുലിവാലു പിടിച്ചിരുന്നു. ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്.