മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേൽശാന്തിയായി പാലക്കാട് പട്ടാന്പി തിരുവേഗപ്പുറ ചെറുമുക്ക് മനയിൽ പരേതനായ സി.വി. ശ്രീധരൻ നന്പൂതിരിയുടെയും ചന്ദ്രിക അന്തർജനത്തിന്റെയും മകൻ സി.എസ്.ശ്രീകണ്ഠൻ സോമയാജിപ്പാട് (48) നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.
വടക്കൻ പറവൂർ നാറാണം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. 2016ൽ പട്ടാന്പി പെരുമടിയൂർ സോമയാഗത്തിന് ആചാര്യ പദവി വഹിച്ചിരുന്നു. ഭാര്യ: മലപ്പുറം ചങ്ങരംകുളം നരിപ്പറന്പ് മനയിൽ ജയശ്രീ പത്തിനാടി. മകൻ: ജിതേന്ദ്രൻ നന്പൂതിരി. സഹോദരൻ:ശ്രീഹരി നന്പൂതിരി.
ഇന്നലെ ഉച്ചയ്ക്കു ക്ഷേത്രനടയിൽ നടന്ന നറുക്കെടുപ്പിൽ മൂന്നുവയസുകാരി ഈരേഴ വടക്ക് കൈലാസത്തിൽ ശ്രീപാർവതി ആണു അവസാനമായി ശ്രീകണ്ഠൻ സോമയാജിപ്പാടിന്റെ പേരു നറുക്കെടുത്തത്. മൂന്നാം തവണയാണു ചെട്ടികുളങ്ങര പുറപ്പെടാ മേൽശാന്തി പദത്തിലേക്കു അപേക്ഷ നൽകിയത്.
നിയുക്ത മേൽശാന്തിയുടെ അവരോധന ചടങ്ങ് ചിങ്ങപ്പുലരി ദിനമായ നാളെ നടക്കും. ഇന്നലെ ഉച്ചപൂജയ്ക്കു ശേഷമാണു നറുക്കെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചത്. ലിസ്റ്റിൽ ഉൾപ്പെട്ട ആറുപേരുകളും മേൽശാന്തി എന്നെഴുതിയ നറുക്കും ചുരുട്ടി വ്യത്യസ്ത വെള്ളിക്കുടങ്ങളിലിട്ടു പൂജിച്ചാണു നറുക്കെടുപ്പ് ആരംഭിച്ചത്. ശ്രീകണ്ഠൻ സോമയാജിപ്പാടിന്റെ പേരും മേൽശാന്തി എന്ന കുറിയും അവസാന ഉൗഴത്തിലാണു നറുക്കെടുത്തത്.