ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചരിത്രം സൃഷ്ടിച്ച ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന് പ്രചോദനമായത് ഇളയ ദളപതി വിജയ്‌യുടെ ചിത്രമോ ? ഓസ്‌കര്‍ വേദിയില്‍ മികച്ച സിനിമയ്ക്കും സംവിധായകനുമടക്കം നാലു പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കുന്നത്.
എന്നാല്‍ പാരസൈറ്റ് തരംഗമായതിനു പിന്നാലെ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് വിജയ് സിനിമയുടെ കോപ്പിയടിയാണ് ഇതെന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ന്നത്. 1999 ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണ എന്ന ചിത്രത്തിന് പാരസൈറ്റുമായി സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയും മോണിക്ക കാസ്റ്റലിനോയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.
ധനികയായ ഇന്ദിര ദേവിയുടെ (ഖുശ്ബു) വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന്‍ (വിജയ്) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ പ്രണയത്തില്‍ വിജയം നേടാനാണ് വിജയ് ഈ ജോലി ചെയ്യുന്നത്, തുടര്‍ന്ന് വിജയ് തന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും ഇന്ദിര ദേവിയുടെ വീട്ടില്‍ നിയമിക്കുന്നു.
കണ്ണന്‍ ആസൂത്രണം ചെയ്ത പോലെ കാര്യങ്ങള്‍ നടക്കുകയും പ്രണയത്തില്‍ വിജയിക്കുന്നതുമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഇതിനു സമാനമാണ് പാരസൈറ്റിന്റെ കഥയെന്നാണ് വിജയ് ആരാധകര്‍ പറയുന്നത്.