ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ടു വന്ന ലോറിയില്‍ നിന്ന് അഞ്ച് കെയ്‌സ് മദ്യം മോഷണം പോയി.
മാമം പെട്രോള്‍ പമ്പിന് മുന്നില്‍ ഒതുക്കി ഇട്ടിരുന്ന രണ്ട് ലോറികളില്‍ ഒന്നില്‍ നിന്നാണ് മോഷണം പോയതെന്നാണ് പരാതി. ലോറിയുടെ ടാര്‍പോളിന്‍ കുത്തിക്കീറിയ നിലയിലാണ്.
അഞ്ച് കെയ്സിലധികം മദ്യം മോഷണം പോയതായാണ് വിവരം. ഗോഡൗണിലേക്ക് ലോറികള്‍ എത്തിയ സമയത്താണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
അന്ന് മുതല്‍ നിരവധി ലോറികള്‍ ആറ്റിങ്ങലില്‍ പെട്ട് കിടക്കുകയാണ്. മാമം നാളികേര കോംപ്ലക്സിന് സമീപമാണ് ഒതുക്കി ഇട്ടിരിക്കുന്നത്.
പെട്രോള്‍ പമ്പിന് മുന്നില്‍ രണ്ട് ലോറികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ന്ന് ലോറി ജീവനക്കാര്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പെട്രോള്‍ പമ്പിനു എതിര്‍വശത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതികളെ പിടികൂടാന്‍ കഴിയും എന്ന് നാട്ടുകാര്‍ പറയുന്നു.
ലോക്ക് ഡൗണ്‍ തുടങ്ങിയ സമയം മുതല്‍ ലോറി ജീവനക്കാര്‍ രാത്രി കാലങ്ങളില്‍ ഇവിടെ പോലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണവും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇനിയും സംഭവം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.