മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം വന്നതിനു തൊട്ടുപിന്നാലെ പുറമേ നിന്നുള്ള ആളുകളുടെ കുത്തൊഴുക്കാണ് ഇവിടേക്ക്. ചുളുവിലയ്ക്ക് സാധനങ്ങള്‍ അടിച്ചെടുക്കാനുള്ള സംഘങ്ങള്‍ വ്യാപകമാണ്. ചുളുവില പ്രതീക്ഷിച്ച് ക്ലോസറ്റുകളില്‍ വരെയാണ് പലരുടെയും നോട്ടം. എന്നാല്‍ ചിലര്‍ ഫ്‌ളാറ്റുകളില്‍ നിന്നും ഒന്നും പൊളിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടുകാരാണ്.
അമ്പതുംഅറുപതും ലക്ഷങ്ങള്‍ മുടക്കിയാണ് പലരും ഫ്‌ളാറ്റുകള്‍ നവീകരിച്ചത്. അതിനാല്‍ തന്നെ ഇവയൊക്കെ പൊളിച്ചെടുക്കുമ്പോള്‍ ചങ്കു പൊളിയുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ചിലരാകട്ടെ കഴിയുന്നത്ര സാധനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിലാണ്. സാധനങ്ങള്‍ മാറ്റിയശേഷം ഫ്‌ളാറ്റുകള്‍ പോലീസിനു െകെമാറുമെന്ന് മരട് ഭവനസംരക്ഷണ സമിതി കണ്‍വീനര്‍ ഷംസുദീന്‍ കരുനാഗപ്പിള്ളി പറഞ്ഞു. ചുളുവില പ്രതീക്ഷിച്ച് ആരും കറങ്ങി നടക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളാറ്റുകളില്‍ നിന്ന് ഉടമകള്‍ സാധനങ്ങള്‍ മാറ്റുമ്പോള്‍ അവരെ ചുറ്റിപ്പറ്റി നിരവധി ആളുകളാണ് നില്‍ക്കുന്നത്. എന്തെങ്കിലും കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ അത് എടുത്തുകൊള്ളാം എന്നാണ് ഇവരുടെ നിലപാട്. പരിസര വാസികള്‍ മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വരെ ചുളുവില പ്രതീക്ഷിച്ച് എത്തുന്നുണ്ടെന്നാണ് വിവരം. ക്‌ളോസെറ്റുകള്‍, വാഷ് ബേസിനുകള്‍ എന്നിവ പോലും നിസാരവിലയ്ക്കു ചോദിച്ചുവരുന്നവരുണ്ടെന്ന് ഫ്‌ളാറ്റ് ഒരു ഫ്‌ളാറ്റ് ഉടമ പറയുന്നു. ചിലരാകട്ടെ ഫ്രീയായിട്ട് കിട്ടുമോയെന്നും നോക്കുന്നുണ്ട്.
ബാത്ത് റൂം ഫിറ്റിംഗുകള്‍, കിച്ചന്‍ സാമഗ്രികള്‍, ഭിത്തിയിലെ അലമാരകള്‍ തുടങ്ങി ക്‌ളോസെറ്റുകളും അനുബന്ധ സാമഗ്രികളും ടാപ്പുകളുമടക്കം വിലപിടിച്ചവയാണ് ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ഉപയോഗിച്ചിരുന്നത്. ഇവയില്‍ പലതും ഉപേക്ഷിച്ചു പോകാനുള്ള സാധ്യത മണത്താണ് ഇത്തരം സംഘങ്ങള്‍ അവിടെ റോന്തു ചുറ്റുന്നത്. നിങ്ങള്‍ക്കിനി ഇത് ഉപയോഗിക്കാന്‍ കഴിയില്ലല്ലോ, അതുകൊണ്ട് തങ്ങള്‍ ഇത് അഴിച്ചുകൊണ്ടുപൊയ്ക്കോട്ടെ, അതിനെന്തെങ്കിലും തന്നാല്‍ പോരേ എന്നൊക്കെയാണ് ചോദ്യമെന്ന് ഒരു ഫ്‌ളാറ്റുടമ പറഞ്ഞു. എച്ച്. ടു.ഒ ഹോളിഫെയ്ത്ത്, കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ ജെയ്ന്‍ ഹൗസിങ്, ആല്‍ഫാ സെറീന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണു പൊളിക്കുന്നത്.
ഫ്‌ളാറ്റ് ഒഴിപ്പിക്കുമെന്ന് ഉറപ്പായതോടെ എല്ലാ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കു മുമ്പിലും വീട് വാടകയ്ക്ക്, ഫ്‌ളാറ്റ് വില്‍പനയ്ക്ക്, സാധനസാമഗ്രികള്‍ സുഗമമായി നീക്കം ചെയ്യും എന്നിങ്ങനെയുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരന്നിരുന്നു. എന്തായാലും വലിയ മാര്‍ക്കറ്റിലെത്തുന്ന പ്രതീതിയാണ് ഇപ്പോള്‍ മരട് ഫ്‌ളാറ്റുകള്‍ക്ക് മുമ്പിലുള്ളത്.