ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന് നിരവധി ബസുടമകളാണ് ഓട്ടം നിര്‍ത്തിയത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇപ്പോള്‍ ഒരു വിഭാഗം ബസുടമകള്‍ കണ്ടു പിടിച്ചിരിക്കുന്ന വഴി പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന് ആശങ്ക.
ടാര്‍ ഉരുക്കാന്‍ ഉപയോഗിക്കുന്ന നിലവാരമില്ലാത്ത ഡീസലിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കപ്പലുകള്‍ ഉപയോഗിച്ച് പുറന്തള്ളുന്ന ഡീസലാണ് ഇപ്പോള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.
പെട്രോള്‍ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 87 രൂപ നല്‍കുമ്പോള്‍ നിലവാരമില്ലാത്തതിന് 65 രൂപ മുതല്‍ 70 രൂപ വരെയാണു വില. സുനാമി വെള്ളം, കൊറോണ വെള്ളം എന്നിങ്ങനെയുള്ള വിളിപ്പേരുകളും ഇതിനുണ്ട്.
പിക്കപ്പ് വാനുകളില്‍ കൊണ്ടുവന്നാണ് ഈ ഡീസല്‍ ബസുകളില്‍ നിറയ്ക്കുന്നത്. എന്നാല്‍ ഇവ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ബസുകളില്‍ നിന്ന് വന്‍ തോതില്‍ കറുത്ത പുക പുറത്തേക്കു വമിക്കും.
ഇത് അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല ഗുണനിലവാരമില്ലാത്ത ഡീസല്‍ ഉപയോഗിക്കുന്നതു വഴി എഞ്ചിന്‍ കേടാകാനും സാധ്യതയുണ്ട്.