കോവിഡിന്റെ രണ്ടാം വരവില്‍ വിറയ്ക്കുമ്പോഴും ലോകത്തെ ചൂഴ്ന്ന് മറ്റൊരു ആശങ്കകൂടി പൊട്ടിപ്പുറപ്പെടുകയാണ്.
ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്‌സീന്‍ ഫക്രിസദേയുടെ കൊലപാതകം ഇറാനെ യുദ്ധത്തിലേക്ക് നയിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വെള്ളിയാഴ്ച ടെ്ഹറാനിലാണ് ഫക്രിസദേ കൊല്ലപ്പെട്ടത്. ഇറാന്‍ ഭരണകൂടത്തിന്റെ ഏറ്റവും വിലപ്പെട്ട ഉദ്യോഗസ്ഥനായ മൊഹ്സീന്‍ വധിക്കപ്പെട്ടത് അവരെ മാനസികമായി വല്ലാതെ ഉലച്ചിരിക്കുകയാണ്.
അതിവിദഗ്ധരായ കമാന്‍ഡോകളാല്‍ ചുറ്റപ്പെട്ട് അതിശക്തമായ സുരക്ഷാവലയത്തില്‍ ചലിച്ചിരുന്ന മൊഹ്സീനെയാണ് ഇറാന്റെ മണ്ണില്‍ വെടിവച്ചു വീഴ്ത്തിയിരിക്കുന്നത്.
അതിനാല്‍ തന്നെ ഇതിന്റെ ഉത്തരവാദിയാരായാലും ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്.
ഇസ്രയേലാണ് കൊലപാതകത്തിനു പിന്നിലെന്ന ആരോപണം ഇതിനോടകം ഉയര്‍ത്തിയ ഇറാന്‍ സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎന്നിന് കത്തു നല്‍കിക്കഴിഞ്ഞു.
ഇറാന്റെ ഈ ആരോപണത്തോടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് ആണെന്ന സംശയവും ഉയരുകയാണ്.
മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു വര്‍ഷങ്ങളായി മൊഹ്സീന്‍ എന്ന ഫിസിക്സ് പ്രഫസര്‍. ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉദ്യോഗസ്ഥനും ടെഹ്റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാലയിലെ പ്രഫസറുമായിരുന്നു മൊഹ്സീന്‍.
പ്രതീക്ഷ എന്ന് അര്‍ഥം വരുന്ന ‘അമാദ്’ എന്ന ഇറാനിയന്‍ ആണവപദ്ധതിയുടെ ചുക്കാന്‍ പിടിച്ചിരുന്നത് ഇദ്ദേഹമാണ്.
സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമാണ് ആണവപദ്ധതികളെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും അണുബോംബ് നിര്‍മാണ പദ്ധതികളാണ് അണിയറയില്‍ അരങ്ങേറുന്നതെന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ ആരോപണം.
ഇറാനുമായി കടുത്ത ശത്രുത പുലര്‍ത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാലാവധി അവസാനിക്കും മുമ്പ് ഇറാനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ പ്രതിരോധ വിദഗ്ധരുടെ ഉപദേശത്തെത്തുടര്‍ന്ന് പിന്മാറുകയായിരുന്നുവെന്നും അഭ്യൂഹമുണ്ട്.
2006 മുതല്‍ അമേരിക്കന്‍ ചാരസംഘടനായ സിഐഎയും മൊസാദും മൊഹ്‌സീനെ പിന്തുടര്‍ന്നു വരികയായിരുന്നു. ആണവ പദ്ധതികള്‍ നിര്‍ത്തിവച്ചെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോഴും മൊഹ്‌സീനുമായി സംസാരിക്കണമെന്ന രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ ആവശ്യം എല്ലാക്കാലവും അവര്‍ നിരാകരിച്ചിരുന്നു.
ഇപ്പോള്‍ മൊഹ്‌സിന്റെ മരണം ഇറാന്റെ ആണവ സ്വപ്‌നങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2010നും 2012നും ഇടയിലുള്ള കാലഘട്ടത്തില്‍ത്തന്നെ നാല് ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടത്.
ഇവരില്‍ പലരുടെയും ജീവനെടുത്തത് ഇസ്രയേലാണെന്ന് ഇറാന്‍ മുമ്പേതന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശക്തമായി തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയതോടെ എല്ലാ ആക്രമണങ്ങളെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഇസ്രയേല്‍ നടത്തിക്കഴിഞ്ഞതായാണ് വിവരം.